പൂന: പ്രഥമ ദേശീയ സീനിയര്‍ സ്കൂള്‍ അത്ലറ്റിക്സ് കിരീടം സ്വന്തമാക്കിയ കേരള ടീം ഇന്ന് നാട്ടില്‍ തിരിച്ചെത്തും. പൂന മലയാളി അസോസിയേഷന് നല്കിയ സ്വീകരണം ഏറ്റുവാങ്ങിയശേഷം നാട്ടിലേക്കു തിരിച്ച ടീമിന് കണ്ണൂരില്‍ സ്വീകരണം ഒരുക്കിയിട്ടുണ്ട്. പൂനയില്‍ ടീമിനെ അഭിനന്ദിക്കാന്‍ രാജ്യസഭാ എംപി ആയ സിനിമ താരം സുരേഷ് ഗോപി എത്തിയിരുന്നു. ടീമിന് അവരുടെ ക്യാമ്പിലെത്തി സുരേഷ് ഗോപി അഭിനന്ദിച്ചു. പൂനയില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി ഏര്‍പ്പെടുത്തിയ സ്വീകരണ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു സുരേഷ് ഗോപി.
കൊച്ചിയിലേക്കുള്ള പൂര്‍ണ എക്സ്പ്രസ് ട്രെയിനിലാണ് കേരള ടീം പൂനയില്‍നിന്ന് മടങ്ങിയത്. ട്രെയിന്‍ രണ്ടു മണിക്കൂര്‍ വൈകിയാണ് സ്റ്റേഷന് വിട്ടത്. ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെ കണ്ണൂരില്‍ എത്തിയേക്കും. ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ചാക്കോ ജോസഫ് അടക്കമുള്ളവരുടെ നേതൃത്വത്തിലാണ് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ടീമിനു സ്വീകരണം നല്‍കുക. അര്‍ധരാത്രിയോടെ ടീം കൊച്ചിയില്‍ ഇറങ്ങും.
കേരള ടീം ഇന്നെത്തും; ആദ്യ സ്വീകരണം കണ്ണൂരില്‍
09:58 PM Jan 08, 2017 | Deepika.com