+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സിറിയയിലെ റഷ്യൻ സൈനിക സാന്നിധ്യം കുറയ്ക്കുന്നു

മോസ്കോ: സിറിയൻ വിമതരും അസാദിന്റെ സൈനികരും തമ്മിലുള്ള വെടിനിർത്തൽ നിലനിൽക്കുന്ന സാഹചര്യത്തിൽ സിറിയയിലെ റഷ്യൻ സൈനിക സാന്നിധ്യം കുറയ്ക്കാൻ തീരുമാനിച്ചതായി ക്രെംലിൻ വ്യക്‌തമാക്കി. നാവികപ്പടയെയാണ് ആദ്യം
സിറിയയിലെ റഷ്യൻ സൈനിക സാന്നിധ്യം കുറയ്ക്കുന്നു
മോസ്കോ: സിറിയൻ വിമതരും അസാദിന്റെ സൈനികരും തമ്മിലുള്ള വെടിനിർത്തൽ നിലനിൽക്കുന്ന സാഹചര്യത്തിൽ സിറിയയിലെ റഷ്യൻ സൈനിക സാന്നിധ്യം കുറയ്ക്കാൻ തീരുമാനിച്ചതായി ക്രെംലിൻ വ്യക്‌തമാക്കി. നാവികപ്പടയെയാണ് ആദ്യം പിൻവലിക്കുക.

മെഡിറ്ററേനിയൻ സമുദ്രത്തിൽ നിലയുറപ്പിച്ചിട്ടുള്ള റഷ്യയുടെ ഏക വിമാനവാഹിനിക്കപ്പലായ അഡ്മിറൽ കുസ്നെറ്റ്സോവും മറ്റു നാവികക്കപ്പലുകളും ഉടൻ റഷ്യയിലേക്കു മടക്കയാത്ര ആരംഭിക്കുമെന്ന് സൈനിക മേധാവി വലേറി ഗെരാസിമോവ് അറിയിച്ചു. റഷ്യൻ പ്രസിഡന്റ് പുടിന്റെ ഉത്തരവു പ്രകാരമാണ് സിറിയയിലെ റഷ്യൻ സൈനികരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നതെന്നും ഗെരാസിമോവ് പറഞ്ഞു.

വിമാനവാഹിനിക്കപ്പൽ ഏറ്റെടുത്ത ദൗത്യം പൂർത്തിയാക്കിയെന്ന് സിറിയയിലെ റഷ്യൻ സൈനിക കമാൻഡർ ആന്ദ്രേ കർത്താപൊലോവ് പറഞ്ഞു. റോക്കറ്റുകൾ ഉൾപ്പെടെ വ്യോമ പ്രതിരോധത്തിനാവശ്യമായ സംവിധാനം സിറിയയിൽ നിലനിർത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

റഷ്യൻ സഹായത്തോടെ പ്രസിഡന്റ് ബഷാർ അൽ അസാദിന്റെ സൈനികർ ഈയിടെ സിറിയൻ നഗരമായ ആലപ്പോയുടെ സമ്പൂർണ നിയന്ത്രണം പിടിക്കുകയുണ്ടായി. ആലപ്പോയിലെ വിമതർ മുഴുവൻ ഒഴിഞ്ഞുപോയി.

ഇതെത്തുടർന്നു റഷ്യ പുതിയ സമാധാനനീക്കം ആരംഭിച്ചിരിക്കുകയാണ്. നേരത്തെ ഇറാൻ, തുർക്കി എന്നീ രാജ്യങ്ങളുടെ പ്രതിനിധികളുമായി സിറിയൻ പ്രശ്നം മോസ്കോ ചർച്ച ചെയ്തു. തുടർന്ന് തുർക്കിയും റഷ്യയും ചേർന്ന് സിറിയയിൽ പ്രഖ്യാപിച്ച വെടിനിർത്തൽ കരാർ സിറിയൻ വിമതരും അസാദ് ഭരണകൂടവും അംഗീകരിക്കുയായിരുന്നു.

ഈ മാസം അവസാനത്തോടെ ബന്ധപ്പെട്ട എല്ലാ കക്ഷികളെയും ഉൾപ്പെടുത്തി കസാക്കിസ്‌ഥാനിലെ അസ്റ്റാനയിൽ സിറിയൻ സമാധാന ചർച്ച നടത്തുന്നതിനുള്ള പദ്ധതിക്കും റഷ്യ രൂപം നൽകിയിട്ടുണ്ട്.

2015 സെപ്റ്റംബറിൽ സിറിയൻ വിമതർക്കും അവരെ പിന്തുണയ്ക്കുന്ന ഭീകരഗ്രൂപ്പുകൾക്കുമെതിരേ റഷ്യ വ്യോമാക്രമണം ആരംഭിച്ചതിനെത്തുടർന്നാണ് ആഭ്യന്തരയുദ്ധത്തിന്റെ ഗതി മാറിയതും അസാദിന്റെ സൈന്യത്തിനു മേൽക്കൈ ലഭിച്ചതും.