ചങ്ങനാശേരി: കാവാലം ലിസ്യു റൂട്ടിലുള്ള ബസുകൾ മുടങ്ങിയതിനെ തുടർന്ന് യാത്രക്കാർ കഐസ്ആർടിസി ഡിപ്പോ ഉപരോധിച്ചു. ഇന്നലെ വൈകുന്നേരം ആറിനാണ് അരമണിക്കൂറോളം യാത്രക്കാർ ഡിപ്പോയിൽ ഉപരോധ സമരം നടത്തിയത്. വൈകുന്നേരം നാലര മുതൽ സർവീസ് മുടങ്ങിയതിൽ പ്രതിഷേധിച്ചാണ് യാത്രക്കാർ സമരം നടത്തിയത്. പോലീസ് എത്തി ചർച്ചകൾ നടത്തി രാത്രി ഏഴിന് ബസ് സർവീസ് ആരംഭിച്ചതിനെ തുടർന്നാണ് പ്രശ്നങ്ങൾ അവസാനിച്ചത്. ഉപരോധത്തെത്തുടർന്ന് ഏറെ നേരം ബസ് സ്റ്റാൻഡിനു മുൻപിൽ എംസി റോഡിൽ ഗതാഗതക്കുരുക്കും നേരിട്ടു. കെഎസ്ആർടിസി മാത്രം സർവീസ് നടത്തുന്ന കാവാലം, കൃഷ്ണപുരം റൂട്ടുകളിൽ ബസുകൾ സർവീസ് മുടക്കുന്നത് ഏറെ ദുരിതത്തിലാക്കിയിരിക്കുകയാണെന്ന് യാത്രക്കാർ പറഞ്ഞു. ബസുകൾ ട്രിപ്പുകൾ മുടക്കുന്നതിനെതിരേ പ്രതിഷേധം ശക്തമാക്കുമെന്നും യാത്രക്കാർ കൂട്ടിച്ചേർത്തു. എന്നാൽ ബന്ധു അപകടത്തിൽപ്പെട്ടതിനെത്തുടർന്ന് ഈ റൂട്ടിൽ ഓടുന്ന ബസിലെ ഡ്രൈവർ പെട്ടെന്ന് അവധിയെടുത്തതാണ് ബസ് സർവീസ് മുടങ്ങാൻ കാരണമെന്നാണ് കെഎസ്ആർടിസി അധികൃതർ നൽകുന്ന വിശദീകരണം.