ഇരിട്ടി : കോളിക്കടവ് ഇ.കെ. നായനാർ വായനശാലയുടെ ആഭിമുഖ്യത്തിൽ നടന്നു വന്ന ഇ .കെ. നായനാർ അഖിലേന്ത്യാ ഫുട്ബോൾ ടൂർണമെന്റിൽ പിഎംഎഫ്സി പെരിങ്ങാടി ജേതാക്കളായി. യുണൈറ്റഡ് എഫ്സി ഇരിട്ടിയെ 5 -1 നാണ് ഇവർ പരാജയപ്പെടുത്തിയത്. വിജയികൾക്ക് വേണ്ടി നൈജീരിയൻ താരങ്ങളായ മമ്മദ് , ബ്രൂസ് എന്നിവർ രണ്ടു വീതം ഗോളുകളും അസ്കർ ഒരു ഗോളും നേടി. വിജയികൾക്കുള്ള സമ്മാനദാനം സെവൻസ് ഫുടബോൾ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.എ. ലെനിൻ നിർവഹിച്ചു. മുൻസിപ്പൽ ചെയർമാൻ പി.പി. അശോകൻ അധ്യക്ഷത വഹിച്ചു. വിജയികൾക്കുള്ള കേശ അവാർഡുകൾ പായം പഞ്ചായത്ത് പ്രസിഡന്റ് എൻ. അശോകനും ജീവകാരുണ്യ ഫണ്ടിന്റെ വിതരണം സെവൻസ് ഫുട്ബോൾ അസോസിയേഷൻ ട്രഷറർ കെ.എം. ഹംസയും ബംപർ സമ്മാനങ്ങളുടെ നറുക്കെടുപ്പ് കെ. ശ്രീധരനും നിർവഹിച്ചു. വൈ.വൈ. മത്തായി, എൻ.ഐ. സുകുമാരൻ, പി.പ്രകാശൻ, അഡ്വ. വിനോദ് കുമാര്‍, ഷിന്റോ കൂടപ്പാട്ട്, എൻ.വി. മനോഹരൻ , ജെയ്സൺ കാരക്കാട്ട് എന്നിവർ സംസാരിച്ചു. എം. സുമേഷ് സ്വാഗതവും കെ. ബിനീഷ് നന്ദിയും പറഞ്ഞു.