+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പുറ്റിംഗൽ: ക്രൈംബ്രാഞ്ച് മൊഴിയെടുപ്പ് വീണ്ടുംഎസ്.ആർ.സുധീർകുമാർ

കൊല്ലം: പുറ്റിംഗൽ വെടിക്കെട്ട് ദുരന്തം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം വീണ്ടും പ്രതികളിൽ നിന്നും സാക്ഷികളിൽ നിന്നും പരിസരവാസികളിൽ നിന്നും മൊഴിയെടുപ്പ് ആരംഭിച്ചു.പരവൂർ പോലീസ് സ്റ്റേഷനിലെ ജനമൈത്രി
പുറ്റിംഗൽ: ക്രൈംബ്രാഞ്ച് മൊഴിയെടുപ്പ് വീണ്ടുംഎസ്.ആർ.സുധീർകുമാർ
കൊല്ലം: പുറ്റിംഗൽ വെടിക്കെട്ട് ദുരന്തം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം വീണ്ടും പ്രതികളിൽ നിന്നും സാക്ഷികളിൽ നിന്നും പരിസരവാസികളിൽ നിന്നും മൊഴിയെടുപ്പ് ആരംഭിച്ചു.

പരവൂർ പോലീസ് സ്റ്റേഷനിലെ ജനമൈത്രി ഹാളിലാണ് മൊഴിയെടുപ്പ് നടക്കുന്നത്. തിങ്കളാഴ്ച ആരംഭിച്ച മൊഴിയെടുപ്പും നേരത്തേ നൽകിയ മൊഴികൾ ഒത്തുനോക്കുന്നതും അടക്കമുള്ള നടപടികൾ ഇന്ന് കൂടി തുടരുമെന്നാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്‌ഥർ നൽകുന്ന സൂചന.

ക്ഷേത്രകമ്മിറ്റി ഭാരവാഹികളും പ്രധാന സാക്ഷികളും അടക്കമുള്ള അറുപതോളം പേരുടെ ലിസ്റ്റ് തയാറാക്കിയ ശേഷം അവരെ വിളിച്ചുവരുത്തിയാണ് കാര്യങ്ങളിൽ കൂടുതൽ വ്യക്‌തത വരുത്തുന്നത്.

ക്രൈംബ്രാഞ്ച് എസ്പി ജി.ശ്രീധരന്റെ നേതൃത്വത്തിലാണ് തിങ്കളാഴ്ച മൊഴിയെടുത്തത്. ക്ഷേത്രത്തിലെ രണ്ട് സെക്യൂരിറ്റി ജീവനക്കാരിൽ നിന്നും പരിസരവാസികളിൽ നിന്നും കൂടുതൽ കാര്യങ്ങളിൽ ചോദിച്ചറിഞ്ഞ് വ്യക്‌തത രേഖപ്പെടുത്തി.

ഇന്നലത്തെ മൊഴിയെടുപ്പിന് ഡിവൈഎസ്പിമാരായ ആർ.ജയശങ്കർ, രാധാകൃഷ്ണപിള്ള എന്നിവർ നേതൃത്വം നൽകി. ക്ഷേത്ര കമ്മിറ്റി ഭാരവാഹികളിൽ നിന്നും ഉത്സവദിവസം അനൗൻസ്മെന്റ് നടത്തിയവരിൽ നിന്നും മൊഴികൾ വീണ്ടും രേഖപ്പെടുത്തി.

രാവിലെ പത്തിന് ആരംഭിച്ച വിവരശേഖരണം വൈകുന്നേരത്തോടെയാണ് അവസാനിച്ചത്. പ്രതികളും സാക്ഷികളും നേരത്തേ നൽകിയ മൊഴികളിൽ എന്തെങ്കിലും പൊരുത്തക്കേടുകൾ ഉണ്ടെങ്കിൽ അവ പരിശോധിച്ച് കൃത്യത വരുത്താനാണ് വീണ്ടും മൊഴിയെടുക്കുന്നതെന്നാണ് ഔദ്യോഗിക ഭാഷ്യം.

അതല്ല ക്ഷേത്രത്തിൽ കമ്പം നടത്താൻ രാഷ്ട്രീയക്കാർ അടക്കം ഏതൊക്കെ പ്രമുഖർ ഇടപെട്ടു എന്ന് അറിയുകയായിരുന്നു ഇപ്പോഴത്തെ മൊഴിയെടുപ്പിന് പിന്നിലെ ലക്ഷ്യം എന്നറിയുന്നു.

ഇതുമായി ബന്ധപ്പെട്ട് പ്രത്യേകം തയാറാക്കിയ ചോദ്യാവലിയുമായാണ് ക്രൈംബ്രാഞ്ച് സംഘം എത്തിയത്. ഏതെല്ലാം ഘട്ടത്തിൽ ഏതൊക്കെ പ്രമുഖർ ബന്ധപ്പെട്ടു എന്നായിരുന്നു അന്വേഷണ സംഘത്തിന് അറിയേണ്ടിയിരുന്നത്.

കമ്പത്തിന് അനുമതിക്ക് അപേക്ഷിച്ച ശേഷം ക്ഷേത്രകമ്മിറ്റി ഭാരവാഹികൾ പ്രമുഖരായ ആരെയൊക്ക കണ്ടു അതിനുശേഷം അവർ ആരൊയെക്കെ ഫോണിൽ ബന്ധപ്പെട്ടു എന്നതായിരുന്നു പ്രധാന ചോദ്യം.

വെടിക്കെട്ട് നടത്തുന്നതിന് നിരോധനം ഉണ്ടായ ശേഷം അത് ഒഴിവാക്കാൻ പിന്നീട് ആരെയൊക്ക കണ്ടു എന്നും അവർ ഏതൊക്കെ ഉദ്യോഗസ്‌ഥരെ ഫോണിൽ ബന്ധപ്പെട്ടു എന്നും അന്വേഷണ സംഘം ചോദിക്കുകയുണ്ടായി.

ക്ഷേത്രത്തിൽ വർഷങ്ങളായി നടന്നുവരുന്ന കമ്പം തടസപ്പെടാതിരിക്കാൻ രാഷ്ട്രീയ രംഗത്തെ പല പ്രമുഖരും ജില്ലാ ഭരണകൂടത്തിനെയും ഉന്നത പോലീസ് അധികാരികളെയും സമീപിച്ചതായി ക്രൈംബ്രാഞ്ച് സംഘത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്.

വെടിക്കെട്ട് നടത്തുന്നതിന് അനുമതി നേടിക്കൊടുത്ത എൻ.പീതാംബരക്കുറുപ്പ് എംപിക്ക് നന്ദി അറിയച്ച് മൈക്കിലൂടെ അനൗൺസ്മെന്റ് നടത്തുകയുണ്ടായി. ഇക്കാര്യത്തിൽ കൂടുതൽ വ്യക്‌തത വരുന്നതിനുള്ള ചോദ്യങ്ങളും ക്രൈംബ്രാഞ്ച് സംഘം ചോദിച്ചു.

ഉത്സവ ദിവസങ്ങളിൽ സ്‌ഥിരം അനൗണ്സ്മെന്റ് നടത്തിയ വ്യക്‌തിയിൽ നിന്നും ഇടവേളകളിൽ അനൗൺസ്മെന്റ് നടത്തിയവരിൽ നിന്നും ഇന്നലെ വീണ്ടും മൊഴിയെടുക്കുകയും ചെയ്തു.

വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സമീപ ദിവസം ചില പരാമർശങ്ങൾ നടത്തിയിരുന്നു. അതിന്റെ കൂടി അടിസ്‌ഥാനത്തിലാണ് ഇപ്പോൾ ധൃതിപിടിച്ച് വീണ്ടും മൊഴിയെടുപ്പ് നടത്തുന്നതെന്നും സൂചനകളുണ്ട്.

വെടിക്കെട്ട് നടത്തിപ്പുമായി ബന്ധപ്പെട്ട് ബാഹ്യ ഇടപെടൽ ഉണ്ടായോ എന്ന വ്യക്‌തമാക്കണമെന്ന് ഹൈക്കോടതി പറയുകയുണ്ടായി.

ഇതിന് കൂടുതൽ സാവകാശം വേണമെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്‌ഥർ കോടതിയിൽ മറുപടി കൊടുത്തത്. ഇതിന്റെ കൂടി ഭാഗമായാണ് ഇപ്പോഴത്തെ മൊഴിയെടുപ്പ് എന്നു വേണം കരുതേണ്ടത്.

കേസ് മറ്റേതെങ്കിലും ഏജൻസി അന്വേഷിക്കേണ്ടതുണ്ടോയെന്നും കോടതി സംസ്‌ഥാന പോലീസ് മേധാവിയോട് ആരാഞ്ഞിരുന്നു. കേസ് വിശദമായി പഠിച്ചശേഷം മറുപടി നൽകണമെന്നാണ് ഡിജിപിയോട് നിർദേശിച്ചിട്ടുള്ളത്.

റിപ്പോർട്ട് നൽകുന്നതിന് കോടതി സമയ നിബന്ധന വച്ചിട്ടില്ല. ഇപ്പോഴത്തെ മൊഴിയെടുപ്പ് കൂടി പൂർത്തിയാക്കിയ ശേഷമായിരിക്കും ഡിജിപി കോടതിയിൽ റിപ്പോർട്ട് നൽകുക എന്നാണ് സൂചന.

കേസിൽ പാരിപ്പള്ളി രവീന്ദ്രനെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചിട്ടുണ്ട്. കുറ്റപത്ര സമർപ്പണം അന്തിമ ഘട്ടത്തിൽ എത്തിയപ്പോഴാണ് ഹൈക്കോടതിയുടെ ഇടപെടൽ ഉണ്ടായിട്ടുള്ളത്. ഈ ഒറ്റക്കാരണം കൊണ്ടുതന്നെ കുറ്റപത്ര സമർപ്പണം വൈകുമെന്ന കാര്യം ഉറപ്പായി.