+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിഭാഗീയതയിൽ നിറഞ്ഞ് ഡിവൈഎഫ്ഐ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്

ചവറ: ചവറ ബ്ലോക്ക് ഡിവൈഎഫ്ഐ ഭാരവാഹി തെരഞ്ഞെടുപ്പിൽ അസ്വാരസ്യങ്ങൾ. മാനദണ്ഡങ്ങൾ പാലിച്ചില്ലായെന്നാരോപണം ഉയരുന്നു. ഡിവൈഎഫ്ഐ സംഘടനാ സംവിധാനം ദുർബലപ്പെട്ട ചവറയിൽ സംഘടനക്കുളളിലെ വിഭാഗീയതയാണ് മറ നീക്കി പുറത
വിഭാഗീയതയിൽ നിറഞ്ഞ് ഡിവൈഎഫ്ഐ  ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്
ചവറ: ചവറ ബ്ലോക്ക് ഡിവൈഎഫ്ഐ ഭാരവാഹി തെരഞ്ഞെടുപ്പിൽ അസ്വാരസ്യങ്ങൾ. മാനദണ്ഡങ്ങൾ പാലിച്ചില്ലായെന്നാരോപണം ഉയരുന്നു. ഡിവൈഎഫ്ഐ സംഘടനാ സംവിധാനം ദുർബലപ്പെട്ട ചവറയിൽ സംഘടനക്കുളളിലെ വിഭാഗീയതയാണ് മറ നീക്കി പുറത്ത് വരുന്നത്.

പാർട്ടിക്കുള്ളിൽ കഴിഞ്ഞ കുറച്ച് കാലങ്ങളായി തുടരുന്ന വിഭാഗീയ നീക്കങ്ങൾ ഡിവൈഎഫ്ഐ യിലും ബാധിച്ചിരിക്കുകയാണന്ന് തെളിയുകയാണ് ഒടുവിൽ ചവറ ബ്ലോക്ക് കൺവൻഷൻ തെരഞ്ഞെടുപ്പിലും സൂചന നൽകുന്നത്. 37 വയസിനു മുകളിലുള്ളവർ ഭാരവാഹിത്വത്തിൽ നിന്നും വിട്ടു നിൽക്കണമെന്ന് നിഷ്കർഷിക്കുമ്പോൾ 40 വയസ് പിന്നിട്ടവരാണ് ഇപ്പോൾ നേതൃത്വസ്‌ഥാനത്ത് കടന്ന് വന്നിരിക്കുന്നതെന്നും ഇതുവഴി യുവജനപ്രസ്‌ഥാനത്തെ അവഹേളിച്ചിരിക്കുന്നുവെന്ന ആരോപണവും ഉയർന്നിരിക്കുകയാണ്.

ഞായറാഴ്ച നടന്ന ബ്ലോക്ക് കൺവൻഷനിലാണ് യുവനിരയെ പലരെയും ഒഴിവാക്കി പഴയ ഭാരവാഹികൾ തന്നെ വീണ്ടും അവരോധിക്കപ്പെട്ടത്. നിലവിൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട അംഗത്തിന്റെ ഘടകമായ തേവലക്കര സൗത്ത് മേഖല സമ്മേളനം പാതി വഴിയിൽ നിർത്തിയെന്നും ആക്ഷേപം ഉണ്ട്. സെക്രട്ടറിയുടെ വീട് നിൽക്കുന്ന സ്‌ഥലത്ത് സ്വന്തം യൂണിറ്റ് പോലും ഇല്ലാതായിട്ട് മാസങ്ങളായെന്നും പ്രവർത്തകർ ആരോപിക്കുന്നു.

നിലവിൽ ഭാരവാഹികൾ ആയിരുന്ന പ്രായം കഴിഞ്ഞവരെ വീണ്ടും ഡിവൈഎഫ്ഐ യിൽ തന്നെ ബ്ലോക്ക് ഭാരവാഹികളാക്കിയതിനെ ചൊല്ലി വിവിധ മേഖലാ യുണിറ്റ് കമ്മിറ്റികളിലെ അംഗങ്ങൾക്കിടയിലെ പ്രതിഷേധം നവ മാധ്യമങ്ങൾ വഴിയും അല്ലാതെയും പുറത്ത് വന്നിരിക്കുകയാണ്.

17 ഓളം ബ്ലോക്ക് കമ്മിറ്റികളുള്ള ജില്ലാ കമ്മിറ്റിയിൽ കൃത്യമായി സമ്മേളനങ്ങൾ നടത്താത്തത് കാരണം ചവറ ബ്ലോക്കിലും സമ്മേളനം നടത്തേണ്ട എന്ന നിർദേശം ഉപരി കമ്മിറ്റിയിൽ നിന്നും വന്നിരുന്നുവെന്നതാണ് പറയപ്പെടുന്നത്.

തേവലക്കര സൗത്ത് മേഖല കമ്മിറ്റി പൂർത്തികരിക്കാതെ അടിയിട്ട് പിരിഞ്ഞതും ചവറയിലെ സമ്മേളനത്തെ ബാധിച്ചിരുന്നു. പാർട്ടിക്കുള്ളിൽ അവസാനിച്ചുവെന്ന് പറയുന്ന വിഭാഗീയ പ്രവർത്തനങ്ങൾ വീണ്ടും തലപൊക്കിത്തുടങ്ങി എന്ന പാർട്ടി പ്രവർത്തകരുടെ പരാതികൾക്കിടയിലാണ് പാർട്ടി ഏരിയാ നേതൃത്വത്തിന് തലവേദനയായി ഡിവൈഎഫ്ഐ സംഘടനാ വിഷയങ്ങൾ രൂക്ഷമായത്.

എട്ട് മേഖലാ കമ്മിറ്റികളാണ് ചവറ ബ്ലോക്ക് കമ്മിറ്റിക്ക് കീഴിലുള്ളതെങ്കിലും പല മേഖലകളിലും നേതൃത്വത്തിന്റെ താല്പര്യത്തിനനുസരിച്ചുള്ള ഭാരവാഹികളെയാണ് തെരഞ്ഞെടുത്തത്. സിപിഎമ്മിന്റെ കഴിഞ്ഞ ബ്രാഞ്ച് സമ്മേളനം മുതൽ അട്ടിമറിക്കപ്പെട്ടുവെന്ന് പറയുന്ന ന്യൂനപക്ഷ സംവരണം ഡിവൈഎഫ്ഐ ഭാരവാഹി തെരഞ്ഞെടുപ്പിലും പാലിക്കപ്പെട്ടില്ലന്ന പരാതി ഉയർന്നിട്ടുണ്ട്.

സിപിഎം ചവറ ഏരിയാ കമ്മിറ്റി ഓഫീസിൽ നടന്ന ബ്ലോക്ക് സമ്മേളനത്തിൽ പഴയ ഭാരവാഹികളെ നിലനിർത്തിയതിനൊപ്പം യുവാക്കളായ പലരെയും ഒഴിവാക്കുകയും ചെയ്തതാണ് ആക്ഷേപങ്ങൾക്കിടയാക്കിയിരിക്കുന്നത്. പന്മന, തേവലക്കര നോർത്ത് മേഖലാ കൺവൻഷനുകളിലും വെട്ടിനിരത്തൽ നാടകം അരങ്ങേറിയിരുന്നു. ഇതിനിടയിൽ വാർധക്യം വിട്ടൊഴിയാതെ ചവറയിൽ ഡിവൈഎഫ്ഐ എന്ന പേരിൽ തേവലക്കരയിലെ പ്രവർത്തകർ ഫെയ്സ് ബുക്കിലിട്ട പോസ്റ്റ് ചവറയിലെ സംഘടനാ പ്രശ്നങ്ങളിലെക്ക് വിരൽ ചൂണ്ടുന്നു. ന്യൂനപക്ഷ വിഭാഗങ്ങളിൽപെട്ടവരുടെ മുൻകാല പ്രാതിനിധ്യം ഇത്തവണ ഉണ്ടായില്ലെന്നും പരാതിയുണ്ട്. വരും ദിവസങ്ങളിൽ പാർട്ടിയ്ക്കും ഡി വൈഎഫ്ഐ മേൽഘടകങ്ങൾക്കും ഡിവൈഎഫ്ഐ ചവറ ബ്ലോക്കിലെ തെരഞ്ഞെടുപ്പ് തലവേദനയായി മാറുമെന്നാണ് സൂചന.