ചപ്പാരപ്പടവ്: ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ മലബാർ കാൻസർ കെയർ സൊസൈറ്റിയുടേയും ചപ്പാരപ്പടവ് പിഎച്ച്സിയുടെയും സംയുക്താഭിമുഖ്യത്തിൽ കാൻസർ രോഗനിർണയ ക്യാന്പും ബോധവത്കരണ ക്ലാസും നടത്തി. ചപ്പാരപ്പടവ് പഞ്ചായത്തിനെ കാൻസർരോഗ വിമുക്തമാക്കുന്നതിന്റെ ഭാഗമായാണു ക്യാന്പ് സംഘടിപ്പിച്ചത്. ക്യാന്പിൽ നൂറിൽപ്പരം അംഗങ്ങൾ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് പി.ജെ. മാത്യു ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡന്റ് മുനീറ പാറോൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം സുമിത്ര ഭാസ്കരൻ, പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ പി.കെ. സത്യൻ, പ്രമീള രാജൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം. ഇന്ദിര, എം. ലക്ഷ്മണൻ, പഞ്ചായത്ത് അംഗങ്ങളായ ടി. പ്രഭാകരൻ, എം. മൈമൂനത്ത്, പിഎച്ച്സി ഡോക്ടർ അരുൺ ശങ്കർ, ഹെൽത്ത് ഇൻസ്പെക്ടർ ഏബ്രഹാം എന്നിവർ പ്രസംഗിച്ചു. മലബാർ കാൻസർ കെയർ സൊസൈറ്റിയിലെ ഡോ. മിഥിലാജ് ക്ലാസ് നയിച്ചു.