+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിഴിഞ്ഞത്ത് തുറമുഖ നിർമാണം പുനരാരംഭിച്ചു

വിഴിഞ്ഞം: മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമാണം വീണ്ടും ഊർജിതമായി. നിർമാണ ജോലികൾക്ക് ആക്കം കൂട്ടാൻ മുല്ലൂർ തുറമുഖ കവാടത്തിലെ വിശാല പാതയിലൂടെ ലോഡു നിറച്ച വാഹനങ്ങളുൾപ
വിഴിഞ്ഞത്ത് തുറമുഖ നിർമാണം പുനരാരംഭിച്ചു
വിഴിഞ്ഞം: മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമാണം വീണ്ടും ഊർജിതമായി. നിർമാണ ജോലികൾക്ക് ആക്കം കൂട്ടാൻ മുല്ലൂർ തുറമുഖ കവാടത്തിലെ വിശാല പാതയിലൂടെ ലോഡു നിറച്ച വാഹനങ്ങളുൾപ്പെടെ ഓടിത്തുടങ്ങി. വ്യാഴാഴ്ച രാവിലെ പത്തരയോടെ കരിങ്കൽ നിറച്ച രണ്ട് ടിപ്പറുകൾ പ്രധാന കവാടം കടന്നുപോയതോടെയാണ് അനിശ്ചിതത്വത്തിന് വിരാമമായത്.

അതിന് ശേഷം നൂറിൽപ്പരം ടിപ്പർ ലോറികൾ കല്ലുമായി വെള്ളിയാഴ്ച വന്ന് മടങ്ങി. പദ്ധതി പ്രദേശത്ത് കൂറ്റൻ യന്ത്രങ്ങളുടെ മുരൾച്ച ഉയർന്നതിനൊപ്പം ക്രെയിനുകളുടെ തലയനക്കങ്ങളും തുടങ്ങി. നിർമാണത്തിന് വേഗം കൂട്ടാൻ പുലിമുട്ടു നിർമാണ ജോലി, ബെർത്തു നിർമാണം, ഇതിനിടയ്ക്കുള്ള കടൽ നികത്തൽ, അക്രോപോഡു നിക്ഷേപം, ബാർജുവഴിക്കുള്ള കരിങ്കല്ലു നിക്ഷേപം തുടങ്ങി ഒരേ സമയം വിവിധയിനം ജോലികൾക്കാണ് തുടക്കമായത്. ഗുണനിലവാര പരിശോധന പൂർത്തിയാക്കിയ കരിങ്കല്ല് ശേഖരം ബെർത്തിനും കരയ്ക്കും മധ്യേയുള്ള കടൽ നികത്തുന്നതിന് കല്ല് നിക്ഷേപിക്കുന്ന ജോലിയും തുടങ്ങി.

ഇതോടൊപ്പം മുതലപ്പൊഴിയിൽ നിന്നു ബാർജ് വഴി കല്ല് എത്തിക്കാനുള്ള ജോലികളും ആരംഭിച്ചു. സമരം അവസാനിക്കുന്ന മുറയ്ക്ക് നിർമാണം തുടങ്ങാൻ സജ്ജമായിരിക്കണമെന്ന നിർദേശാനുസരണം യന്ത്രങ്ങളെ ഒരുക്കി നിർത്തിയിരുന്നതിനാൽ ജോലി വേഗം തുടങ്ങാനായതായി ബന്ധപ്പെട്ടവർ പറഞ്ഞു.

നിലവിലുള്ള അഞ്ഞൂറോളം തൊഴിലാളികളെ വിനിയോഗിച്ചാണ് ജോലികൾ നടത്തുന്നത്. ഈ ആഴ്ച അവസാനത്തോടെ നാട്ടിൽ പോയ ശേഷിച്ച ആയിരത്തോളം തൊഴിലാളികൾ മടങ്ങി എത്തുമെന്നും നിർമാണം കൂടുതൽ വേഗത്തിലാവുമെന്നും അധികൃതർ പറയുന്നു. ആദ്യ ഘട്ട പൂർത്തീകരണത്തിനു വേണ്ട പുലിമുട്ടു നിർമാണത്തിനാണ് കൂടുതൽ മുൻഗണന.
More in Latest News :