+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊല്ലം രൂപതയിലും ഗ്രീൻപ്രോട്ടോക്കോൾ

കൊല്ലം: സ്വച്ഛ് ഭാരത്–ഹരിതകേരള മിഷൻ പ്രവർത്തനങ്ങൾക്ക് പിന്തുണയേകി കൊല്ലം രൂപതയിലെ ദേവാലയങ്ങളിലും അനുബന്ധ സ്‌ഥാപനങ്ങളിലും ഗ്രീൻ പ്രോട്ടോക്കോൾ (ഹരിത ചട്ടങ്ങൾ) ബാധകമാക്കാൻ തീരുമാനിച്ചു. ബിഷപ് ഡോ. സ്റ്റാൻ
കൊല്ലം രൂപതയിലും ഗ്രീൻപ്രോട്ടോക്കോൾ
കൊല്ലം: സ്വച്ഛ് ഭാരത്–ഹരിതകേരള മിഷൻ പ്രവർത്തനങ്ങൾക്ക് പിന്തുണയേകി കൊല്ലം രൂപതയിലെ ദേവാലയങ്ങളിലും അനുബന്ധ സ്‌ഥാപനങ്ങളിലും ഗ്രീൻ പ്രോട്ടോക്കോൾ (ഹരിത ചട്ടങ്ങൾ) ബാധകമാക്കാൻ തീരുമാനിച്ചു. ബിഷപ് ഡോ. സ്റ്റാൻലി റോമനുമായി ജില്ലാ ശുചിത്വമിഷൻ പ്രതിനിധികൾ നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്.

രൂപതയുടെ എല്ലാ സ്‌ഥാപനങ്ങളിലെയും ചടങ്ങുകളിൽ ഡിസ്പോസിബിൾ സാമഗ്രികൾ ഒഴിവാക്കും. പ്ലാസ്റ്റിക് കവറുകൾ, പ്ലാസ്റ്റിക് ഗ്ലാസ്സുകൾ, കുപ്പിവെളളം, പേപ്പർ കപ്പുകൾ, പ്ലേറ്റുകൾ എന്നിവ ഉപയോഗിക്കരുതെന്ന് നിർദ്ദേശം നൽകുമെന്ന് ബിഷപ് പറഞ്ഞു. ദേവാലയങ്ങളിലും, സ്‌ഥാപനങ്ങളിലും വിവാഹം ഉൾപ്പെടെയുള്ള സ്വകാര്യ ചടങ്ങുകളിൽ ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കണമെന്ന് വിശ്വാസികളെ അറിയിക്കും.

സ്റ്റീൽ, സിറാമിക് തുടങ്ങിയ പാത്രങ്ങൾ ഉപയോഗിക്കുന്നതിന് നിർദേശം നൽകും. പ്രചാരണ ആവശ്യങ്ങൾക്കായി പ്രകൃതിസൗഹൃദ വസ്തുക്കളായ തുണി, ചണം, പേപ്പർ തുടങ്ങിയവ ഉപയോഗിക്കും. ഫ്ളക്സ് പരമാവധി ഒഴിവാക്കും. തിരുനാൾ, ക്രിസ്മസ് തുടങ്ങിയ ആഘോഷവേളകളിലെ അലങ്കാരങ്ങൾക്ക് പ്ലാസ്റ്റിക് വസ്തുക്കൾ ഒഴിവാക്കുന്നതിനും നടപടി സ്വീകരിക്കുമെന്ന് ബിഷപ് പറഞ്ഞു.

മാലിന്യങ്ങൾ തരംതിരിച്ച് ശേഖരിക്കുന്നതിന് വിവിധ സ്‌ഥലങ്ങളിൽ ക്രമീകരണമേർപ്പെടുത്തും. സ്വച്ഛ് ഭാരത്–ഹരിതകേരള മിഷൻ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകണമെന്ന കളക്ടർ മിത്ര റ്റി യുടെ നിർദ്ദേശം സ്വാഗതം ചെയ്യുന്നതായി ബിഷപ് ഡോ.സ്റ്റാൻലി റോമൻ പറഞ്ഞു.

രൂപതയിലെ ഗ്രീൻ പ്രോട്ടോക്കോൾ പ്രവർത്തനങ്ങളിൽ ജില്ലാ ശുചിത്വ മിഷൻ സഹകരിക്കും. ക്വയിലോൺ സോഷ്യൽ സർവ്വീസ് സൊസൈറ്റിയുമായി ചേർന്ന് വിവിധ തലങ്ങളിൽ ആവശ്യമുളളവർക്ക് പരിശീലനം സംഘടിപ്പിക്കുമെന്ന് ശുചിത്വ മിഷൻ ജില്ലാ കോ–ഓർഡിനേറ്റർ ജി. കൃഷ്ണകുമാർ അറിയിച്ചു.

ക്യൂഎസ്എസ്എസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.എസ്. അൽഫോൺസ്, മുൻ ഡയറക്ടർ ഫാ. പയസ് മല്യാർ, അസോസിയേറ്റ് ഡയറക്ടർ ഫാ. സൈജു സൈമൺ, ശുചിത്വ മിഷൻ സന്നദ്ധ പ്രവർത്തക ആശാ ജോസ് എന്നിവരും കൂടിക്കാഴ്ച്ചയിൽ പങ്കെടുത്തു.