+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എംസി റോഡ്: സെൻട്രൽ ജംഗ്ഷനിലെ ട്രാഫിക് ഐലൻഡ് വിസ്മൃതിയിലേക്ക്

ചങ്ങനാശേരി: കെഎസ്ടിപിയുടെ ചങ്ങനാശേരി നഗരമധ്യത്തിലെ എംസി റോഡ് വികസന ജോലികൾ ഊർജിതമാകുന്നു. അരനൂറ്റാണ്ടിലധികം പഴക്കമുള്ള സെൻട്രൽ ജംഗ്ഷനിലെ ട്രാഫിക് ഐലൻഡ് വിസ്മൃതിയിലേക്ക്. നഗരത്തിലെ സമ്മേളനങ്ങൾക്കും സമരങ
എംസി റോഡ്: സെൻട്രൽ ജംഗ്ഷനിലെ ട്രാഫിക് ഐലൻഡ് വിസ്മൃതിയിലേക്ക്
ചങ്ങനാശേരി: കെഎസ്ടിപിയുടെ ചങ്ങനാശേരി നഗരമധ്യത്തിലെ എംസി റോഡ് വികസന ജോലികൾ ഊർജിതമാകുന്നു. അരനൂറ്റാണ്ടിലധികം പഴക്കമുള്ള സെൻട്രൽ ജംഗ്ഷനിലെ ട്രാഫിക് ഐലൻഡ് വിസ്മൃതിയിലേക്ക്. നഗരത്തിലെ സമ്മേളനങ്ങൾക്കും സമരങ്ങൾക്കും പ്രകടനങ്ങൾക്കും തിരുനാൾ പ്രദക്ഷിണങ്ങൾക്കും ഉത്സവ ഘോഷയാത്രകൾക്കും സാക്ഷ്യമേകിയ ഐലൻഡാണിത്. നിക്കറിട്ട പോലീസ് ഉൾപ്പെടെ ഏറെക്കാലം ഈ ഐലൻഡിൽ നിന്ന് നഗരത്തിലെ ട്രാഫിക് നിയന്ത്രിച്ച കാഴ്ച ആളുകളുടെ മനസുകളിൽ നിന്നും മാഞ്ഞിട്ടില്ല. ഫോട്ടോഗ്രാഫർമാർ പ്രധാന സംഭവങ്ങളുടെ ചിത്രങ്ങൾ പകർത്തിയിരുന്നതും ഉയരമുള്ള ഈ ഐലൻഡിൽ നിന്നായിരുന്നു. റോഡ് വികസനത്തിന്റെ ഭാഗമായി ഈ ഐലൻഡ് പൊളിച്ചുമാറ്റുന്നത് കാണാനും ധാരാളംപേരെത്തി. സെൻട്രൽ ജംഗ്ഷനിൽ 360 സ്ക്വയർ മീറ്റർ ചുറ്റളവിലുള്ള വികസന പദ്ധതികളും ട്രാഫിക് സംവിധാനങ്ങളുമാണ് നിലവിൽ വരുന്നത്.

നഗരത്തിലെ സെൻട്രൽ ജംഗ്ഷൻ മുതൽ കെഎസ്ആർടിസി ജംഗ്ഷൻ വരെയുള്ള റോഡ് പൊളിച്ച് ലെവലിംഗ് ജോലികൾ പൂർത്തിയാക്കി ഇന്നലെ ഉച്ചയോടെ ഗതാഗതത്തിനായി തുറന്നുകൊടുത്തു. സെൻട്രൽ ജംഗ്ഷൻ മുതൽ കെഎസ്ആർടിസി ജംഗ്ഷൻ വരേയുള്ള രണ്ടാംഭാഗം രാവിലെ പൊളിച്ചു തുടങ്ങി. ഈയാഴ്ച കൊണ്ട് ഈ ഭാഗത്തിന്റെ ലെവലിംഗും ഓടനിർമാണവും പൂർത്തിയാകും. എംസി റോഡിൽനിന്നും ജനറൽ ആശുപത്രിയിലേക്ക് അപ്രോച്ച് റോഡ് ഇന്നലെ സജ്‌ജമാക്കി. നാല് ദിവസത്തിനകം കെഎസ്ആർടിസി സ്റ്റാൻഡിലേക്കുള്ള അപ്രോച്ചു റോഡും സജ്‌ജമാക്കാനാണ് അധികൃതരുടെ തീരുമാനം. അതേസമയം സെൻട്രൽ ജംഗ്ഷനിൽ ഓടയ്ക്ക് വളവ് നേരിട്ടത് അപകടത്തിനും ഒഴുക്ക് തടസത്തിനും കാരണമാകുമെന്ന പരാതി ഉയർന്നിട്ടുണ്ട്. റോഡ് നിർമാണത്തിന്റെ ഭാഗമായി ഗതാഗതം തിരിച്ചുവിട്ടതിനാൽ പലസ്‌ഥലങ്ങളിലും വാഹനങ്ങൾക്കും യാത്രക്കാർക്കും ബുദ്ധിമുട്ട് നേരിട്ടിട്ടുണ്ട്.