+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാഴൂരിൽ ’സാരംഗ് ‘ കർഷക കൂട്ടായ്മകളുടെ ഫെഡറേഷൻ

വഴൂർ: ബ്ലോക്ക് പരിധിയിൽ പ്രവർത്തിക്കുന്ന കർഷക കൂട്ടായ്മകളുടെ ഫെഡറേഷനായി സാരംഗ് എന്ന പേരിൽ സംഘടന രൂപീകരിച്ചു. കൃഷിവകുപ്പിന്റെ അഗ്രികൾച്ചറൽ ടെക്നോളജി മാനേജ്മെന്റ് ഏജൻസി (ആത്മ)യുടെ മേൽനോട്ടത്തിലാകും സാരം
വാഴൂരിൽ ’സാരംഗ് ‘ കർഷക കൂട്ടായ്മകളുടെ ഫെഡറേഷൻ
വഴൂർ: ബ്ലോക്ക് പരിധിയിൽ പ്രവർത്തിക്കുന്ന കർഷക കൂട്ടായ്മകളുടെ ഫെഡറേഷനായി സാരംഗ് എന്ന പേരിൽ സംഘടന രൂപീകരിച്ചു. കൃഷിവകുപ്പിന്റെ അഗ്രികൾച്ചറൽ ടെക്നോളജി മാനേജ്മെന്റ് ഏജൻസി (ആത്മ)യുടെ മേൽനോട്ടത്തിലാകും സാരംഗിന്റെ പ്രവർത്തനങ്ങൾ.

കർഷകർക്കാവശ്യമായ പഠനപ്രവർത്തനങ്ങളുടെ ഏകോപനം, കാർഷിക ഉത്പാദന ഉപാധികളുടെ ശരിയായ വിതരണം, വിജ്‌ഞാന വ്യാപനം, കാർഷികമേഖലയിൽ നിലവിലുള്ള വിവിധസേവനങ്ങളുടെ ലഭ്യത ഉറപ്പാക്കൽ തുടങ്ങിയവയാണ് പ്രധാനലക്ഷ്യങ്ങൾ.

വാഴൂർബ്ലോക്കിൽ വിവിധ ഗ്രാമപഞ്ചായത്തുകളിലായി ആരംഭിച്ചിട്ടുള്ള ‘നേരങ്ങാടി’ കാർഷിക വിപണികളുടെ സംഘാടന ചുമതലയും സാരംഗിനായിരിക്കും. ആഴ്ചയിൽ വിവിധ ദിവസങ്ങളിലായി പ്രവർത്തിക്കുന്ന കാർഷിക ലേലവിപണികൾക്കു പുറമെ എല്ലാദിവസവും പ്രവർത്തിക്കുന്ന ‘ഗ്രീൻ ആൻഡ് സേഫ്’ പ്രതിദിന ചില്ലറ വില്പനകേന്ദ്രങ്ങളും ആരംഭിക്കാൻ ലക്ഷ്യമിടുന്നു.

നിലവിൽ തിങ്കൾ–വാഴൂർ, ചൊവ്വ – ചിറക്കടവ്, ബുധൻ – കങ്ങഴ, വ്യാഴം – നെടുങ്കുന്നം, വെള്ളി – വെള്ളാവൂർ, ശനി – കറുകച്ചാൽ എന്നിങ്ങനെയാണ് കാർഷിക പൊതുലേലവിപണികൾ പ്രവർത്തിക്കുന്നത്. ത്രിതല പഞ്ചായത്തുകളും കൃഷി അനുബന്ധവകുപ്പുകളും വിപണികൾക്കാവശ്യമായ മേൽനോട്ടവും സഹായവും ഒരുക്കുന്നു. വിഷരഹിത നാടൻ വിളകളുടെ വിപണനം, ജൈവകാർഷിക ഉത്പാദന ഉപാധികളുടെ വിതരണം, വിജ്‌ഞാനവ്യാപന വിഭാഗം എന്നിവയോടുകൂടി സാരംഗിന്റെ ഓഫീസ് പുളിക്കൽ കവലയിലുള്ള വാഴൂർ ഫാർമേഴ്സ് സർവീസ് സഹകരണബാങ്ക് മന്ദിരത്തിൽ ഉടൻ പ്രവർത്തനമാരംഭിക്കും.

കൃഷിവകുപ്പ് അഡീഷണൽ ഡയറക്ടർമാരായ എ.എം. സുനിൽകുമാർ, അശോക് കുമാർ തെക്കൻ, കോട്ടയം പ്രിൻസിപ്പൽ കൃഷി ഓഫീസർ സുമ ഫിലിപ്പ്, വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ബാലഗോപാലൻ നായർ, സാരംഗ് ചെയർമാൻ കെ.എസ്. വിജയകുമാർ, വാഴൂർ മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മോഹൻ ചേന്ദംകുളം തുടങ്ങിയവർ പങ്കെടുത്തു.