+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വീണാ ജോർജിനെതിരെ ആരോപണങ്ങൾ കടുപ്പിച്ച് കോൺഗ്രസ്, നിയമനടപടി സ്വീകരിക്കുമെന്ന് എതിർകക്ഷികൾ

പത്തനംതിട്ട: വീണാ ജോർജ് എംഎൽഎയ്ക്കെതിരെ പട്ടികജാതിക്കാർക്കു നേരെയുള്ള അതിക്രമ നിയമപ്രകാരം കേസെടുക്കണമെന്ന് ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. വി. ആർ. സോജി പത്ര സമ്മേളനത്തിൽ ആവശ്യപ്പെട്ടു. മന്ത്രി മാത്യു ടി.
വീണാ ജോർജിനെതിരെ ആരോപണങ്ങൾ കടുപ്പിച്ച് കോൺഗ്രസ്,  നിയമനടപടി സ്വീകരിക്കുമെന്ന് എതിർകക്ഷികൾ
പത്തനംതിട്ട: വീണാ ജോർജ് എംഎൽഎയ്ക്കെതിരെ പട്ടികജാതിക്കാർക്കു നേരെയുള്ള അതിക്രമ നിയമപ്രകാരം കേസെടുക്കണമെന്ന് ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. വി. ആർ. സോജി പത്ര സമ്മേളനത്തിൽ ആവശ്യപ്പെട്ടു. മന്ത്രി മാത്യു ടി. തോമസും മറ്റു ജനപ്രതിനിധികളും ഇരുന്ന വേദിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ബൈജു ഭാസ്ക്കർ എംഎൽഎയെ അപമാനിച്ചുവെങ്കിൽ അപ്പോൾ തന്നെ പോലീസിൽ ഏൽപ്പിക്കാമായിരുന്നു.

നൂറുകണക്കിന് പാർട്ടി പ്രവർത്തകർ പങ്കെടുത്ത സ്‌ഥലത്ത് ഇപ്രകാരം ഒരു അക്രമം നടന്നുവെന്ന് വിശ്വസിക്കാൻ കഴിയില്ല. പട്ടികജാതിക്കാരനായ ബൈജു ഭാസ്കറെ മന:പൂർവം കള്ളക്കേസിൽ കുടുക്കാൻ എംഎൽഎ ശ്രമിക്കുകയാണ്. ലോകായുക്‌തയിൽ എംഎൽഎയ്ക്കും ഭർത്താവിനുമെതിരെ പരാതി നൽകിയതിലുള്ള വിരോധമാണ് കേസെടുത്തതിനു പിന്നിലെന്ന് എറെക്കുറെ വ്യക്‌തമായിരിക്കുകയാണ്. പട്ടികജാതിക്കാരനായ ഒരാളെ കള്ളക്കേസിൽ കുടുക്കിയതിനും ഭരണസ്വാധീനത്തിൽ അവരുടെ വീട്ടിൽ പോലീസിനെ ഉപയോഗിച്ച് അതിക്രമങ്ങൾ നടത്തിയതിനും എംഎൽഎ, എംഎൽഎയുടെ ഭർത്താവ് ജോർജ് ജോസഫ്, കോഴഞ്ചേരി സിഐ, ആറന്മുള എസ്എച്ച്ഒ എന്നിവർക്കെതിരെ പട്ടികജാതിക്കാർക്ക് നേരെയുള്ള അതിക്രമങ്ങൾ തടയൽ നിയമ പ്രകാരം എത്രയും വേഗം കേസെടുക്കണം. വ്യാജ പരാതിയുടെ അടിസ്‌ഥാനത്തിൽ അർധരാത്രിയിൽ നിയമവിരുദ്ധമായി പട്ടികജാതി വിഭാഗക്കാരായ സ്ത്രീകൾ മാത്രം താമസിക്കുന്ന വീട്ടിൽ പോലീസ് നടത്തിയ അതിക്രമങ്ങൾ ശരിയായില്ല.

പോലീസ് പരിശോധനയെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം പ്രഫ. ടി. കെ. ജി. നായർ അടക്കം തള്ളിപ്പറഞ്ഞതോടെ എംഎൽഎയുടെ നില പരുങ്ങലിലാണെന്ന് സോജി കുറ്റപ്പെടുത്തി.

ആരോപണം തെളിയിക്കാൻ എംഎൽഎയെ വെല്ലുവിളിക്കുകയാണ്. എംഎൽയുടെ ഭർത്താവിനെതിരായ പരാതി ഒരു കോടതിയും തള്ളിയിട്ടില്ല. ഹയർ സെക്കൻഡറി ഡയറക്ടർ അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നാണ് ഹൈക്കോടതി നിർദേശിച്ചത്. ഹൈക്കോടതി നിർദേശപ്രകാരം ഹയർ സെക്കൻഡറി ഡയറക്ടർ ഭർത്താവിനെതിരെയുള്ള പരാതി തീർപ്പാക്കിയോയെന്ന് എംഎൽഎ വ്യക്‌തമാക്കണം. അനാവശ്യമായി ഈ വിവാദത്തിൽ കെ. ശിവദാസൻനായരെ വലിച്ചിഴയ്ക്കുന്നത് ശരിയല്ല. എംഎൽഎ ആയി കഴിഞ്ഞ 10 മാസത്തിനുള്ളിൽ എന്തൊക്കെ വികസന പ്രവർത്തനങ്ങൾ തന്റെ ശ്രമഫലമായി നടപ്പാക്കിയെന്ന് എംഎൽഎ വ്യക്‌തമാക്കണം. എംഎൽഎയ്ക്കെതിരെ കേസെടുക്കുന്നതുവരെ ശക്‌തമായ സമരപരിപാടികൾ കോൺഗ്രസ് സംഘടിപ്പിക്കുമെന്നും വി. ആർ. സോജി പറഞ്ഞു.

വീണാ ജോർജ് എംഎൽഎയുമായി ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് കേസിൽ സാക്ഷിയായ തനിക്കെതിരെ നേരത്തെ കേസുണ്ടായിരുന്നുവെന്നും പോലീസ് അറസ്റ്റ് ചെയ്തിരുന്നുവെന്നുമുള്ള എംഎൽഎയുടെ വാദം കള്ളമാണെന്ന് ഉള്ളന്നൂർ സ്വദേശി ബാബു പറഞ്ഞു. എംഎൽഎ ആരോപിക്കുന്നതുപോലെ തന്റെ പേരിൽ ഒരുകേസും ഉണ്ടായിരുന്നില്ല. എന്തെങ്കിലും കേസ് തനിക്കുനേരെ ഉണ്ടെങ്കിൽ അതിന്റെ തെളിവ് എംഎൽഎ ഹാജരാക്കണം. തെരഞ്ഞെടുപ്പ് കേസിൽ സാക്ഷി പറഞ്ഞതു മുതൽ എംഎൽഎയും കുടുംബവും വേട്ടയാടുകയാണ്. വീട്ടിൽ കയറി ഭീഷണിപ്പെടുത്തി എന്നാരോപിച്ച് ജില്ലാ പോലീസ് മേധാവിക്ക് രണ്ടു മാസം മുമ്പേ പരാതി നൽകിയിട്ടും ഒരു നടപടിയും സ്വീകരിച്ചില്ല. എംഎൽഎയ്ക്ക് എതിരെ സാക്ഷി പറഞ്ഞതാണ് തന്നെ അറസ്റ്റ് ചെയ്യാൻ കാരണമെന്ന് പോലീസുകാർ തന്നെ പറഞ്ഞു. തനിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ എംഎൽഎയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ബാബു പറഞ്ഞു.