കുളത്തൂപ്പുഴ: ബംഗളൂരുവിൽ ഡയാലിസിസ് ടെക്നീഷ്യനായി ജോലിനോക്കി വന്ന യുവാവ് ജോലികഴിഞ്ഞ് മടങ്ങവെ ബൈക്കപകടത്തിൽ മരിച്ചു. കുളത്തൂപ്പുഴ കൈതക്കാട് നൗഫിയ മൻസിലിൽ നൈസാം-നെജിമ ദന്പതികളുടെ മകൻ നെബിൻ(23) ആണ് മരിച്ചത്. നാരായണ ഹൃദയാലയ മെഡിക്കൽ കോളജിൽ പഠനം പൂർത്തിയാക്കിയ നെബിൻ ഇവിടെ തന്നെ ജോലിനോക്കി വരുകയായിരുന്നു. ഇന്നലെ പുലർച്ചെ മൂന്നോടെ തൊട്ടടുത്തായുളള താമസ സ്ഥലത്തേക്ക് ബൈക്കിൽ മടങ്ങവെയാണ് അപകടമുണ്ടായതെന്നാണ് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. ഇന്ന് നാട്ടിലെത്തിക്കുന്ന മൃതദേഹം കുളത്തൂപ്പുഴ മുസ്ലീം ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. സഹോദരി :നൗഫി.