+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൗമ്യത ചേർത്തരച്ചു ചുട്ട ദോശയുടെ ഉപജ്‌ഞാതാവ് അടുക്കളയൊഴിഞ്ഞു

വാഴൂർ ഈസ്റ്റ്: ആറു പതിറ്റാണ്ടുകളിലേറെയായി ചെങ്കൽ നിവാസികൾക്കും അതിഥികൾക്കും മുമ്പിൽ തനതു രുചിയുടെ കലവറ തുറന്നുവച്ച മാത്യു ഇടകുളഞ്ഞിയിൽ എന്ന മാത്തുച്ചേട്ടൻ ഓർമയായി. കഴിഞ്ഞ ശനിയാഴ്ച രാത്രി ഒമ്പതോടെയാണ്
സൗമ്യത ചേർത്തരച്ചു ചുട്ട ദോശയുടെ ഉപജ്‌ഞാതാവ് അടുക്കളയൊഴിഞ്ഞു
വാഴൂർ ഈസ്റ്റ്: ആറു പതിറ്റാണ്ടുകളിലേറെയായി ചെങ്കൽ നിവാസികൾക്കും അതിഥികൾക്കും മുമ്പിൽ തനതു രുചിയുടെ കലവറ തുറന്നുവച്ച മാത്യു ഇടകുളഞ്ഞിയിൽ എന്ന മാത്തുച്ചേട്ടൻ ഓർമയായി. കഴിഞ്ഞ ശനിയാഴ്ച രാത്രി ഒമ്പതോടെയാണ് അദ്ദേഹം അരങ്ങൊഴിഞ്ഞത്. സംസ്കാരം സെന്റ് ജോർജ് മാർത്തോമ്മാ പള്ളിയിൽ നടന്നു.

പല തലമുറകൾക്കു രുചികരമായ നാടൻ പലഹാരങ്ങൾ ഉണ്ടാക്കി നൽകിയ മാത്തുച്ചേട്ടൻ തന്റെ സഹോദരന്മാരോടൊപ്പം 1950കളിലാണ് അന്നത്തെ കെകെ റോഡിന് വശത്തായി ചായക്കട ആരംഭിച്ചത്. താമസിയാതെ തന്നെ മാത്തുച്ചേട്ടന്റെ ദോശ എന്ന പേരിൽ ഈ കടയിലെ ദോശ നാട്ടുകാരുടെയും സഞ്ചാരികളുടെയും ഇഷ്‌ട വിഭവമായി. വീട്ടിൽ ഊണ് എന്ന കച്ചവടതന്ത്രം കേട്ടുകേൾവി പോലുമില്ലാതിരുന്ന കാലത്ത് സ്വന്തം വീട്ടിലുണ്ടാക്കി കടയിൽ എത്തിച്ച് മിതമായ നിരക്കിൽ നൽകിയിരുന്ന ഉച്ചയൂണും ചെറുകടികളും രുചിക്കാൻ എത്തിയിരുന്നവരുടെ വാഹനനിര ചെങ്കൽ നിവാസികൾക്ക് എല്ലാ കാലത്തും കൗതുക കാഴ്ചയായി.

മറ്റൊരിടത്തും ലഭിക്കാത്ത ശുദ്ധിയും രുചിയും കൂടെ മാത്തുച്ചേട്ടന്റെ സൗമ്യതയും കഴിക്കാനെത്തുന്നവരുടെ വയറിനൊപ്പം മനസും നിറച്ചു. പിന്നീട് ചെങ്കൽ പള്ളിക്ക് എതിർവശത്തേക്ക് കട മാറ്റി സ്‌ഥാപിച്ചു. ഇക്കാലത്ത് കടയിലെത്തിയ ഒരു ഫ്രഞ്ച് വിനോദ സഞ്ചാരസംഘം അദ്ദേഹത്തിന് ’ടീ മാസ്റ്റർ’ എന്ന പട്ടവും ചാർത്തിക്കൊടുത്തു. ജില്ലയിലെ നാടൻ ചായക്കടപ്പെരുമയുടെ ഉപജ്‌ഞാതാക്കളിൽ ഒരാൾ അടുക്കളയൊഴിയുമ്പോൾ സമൂഹത്തിന്റെ നാനാതുറകളിലുള്ള രുചിപ്രേമികളുടെ മനസിലൊരു നോവു കിനിയും.