+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോട്ടമലയിലെ ഭൂമിയിടപാട്: അന്വേഷണം ആരംഭിച്ചു

പാലാ: രാമപുരം കുറിഞ്ഞി കോട്ടമലയിൽ എഴുപത് പേരിലുള്ള ഭൂമി സ്വകാര്യ വ്യക്‌തി കൈവശം വയ്ക്കുകയും പാറമടലോബിക്ക് മറിച്ചു വിൽക്കുകയും ചെയ്തുവെന്നും റവന്യൂ ഉദ്യോഗസ്‌ഥരും പാറമട ലോബിയും ചേർന്ന് വൻ ഭൂമിതട്ടിപ്പ്
കോട്ടമലയിലെ ഭൂമിയിടപാട്: അന്വേഷണം ആരംഭിച്ചു
പാലാ: രാമപുരം കുറിഞ്ഞി കോട്ടമലയിൽ എഴുപത് പേരിലുള്ള ഭൂമി സ്വകാര്യ വ്യക്‌തി കൈവശം വയ്ക്കുകയും പാറമടലോബിക്ക് മറിച്ചു വിൽക്കുകയും ചെയ്തുവെന്നും റവന്യൂ ഉദ്യോഗസ്‌ഥരും പാറമട ലോബിയും ചേർന്ന് വൻ ഭൂമിതട്ടിപ്പ് നടത്തിയെന്നുമുള്ള പരാതിയിൻമേൽ നടപടി ആരംഭിച്ചതായി പാലാ ആർഡിഒ കെ. രാജൻ പറഞ്ഞു.

ആദ്യ ഘട്ടമായി അഡീഷണൽ തഹസിൽദാരെ നിജസ്‌ഥിതി മനസിലാക്കുന്നതിന് ചുമതലപ്പെടുത്തിയിട്ടുണ്ട്. അഡീഷണൽ തഹസിൽദാർ സമർപ്പിക്കുന്ന റിപ്പോർട്ട് പരിശോധിച്ച് ഭൂമി ഇപ്പോൾ കൈവശം വച്ചിരിക്കുന്ന കക്ഷികളെ ഹിയറിംഗിന് വിളിക്കും. ഇവരുടെ വാദങ്ങൾ കേട്ടശേഷം കൈവശമുള്ള ആധാരം, പട്ടയം മുതലായവയുടെ ആധികാരികത പരിശോധിക്കും . നിയമപരമാണോ അതോ കൃത്രിമമായി തയാറാക്കിയതാണോ എന്ന് പരിശോധിക്കും. രേഖകൾ തെറ്റാണെന്നും അനധികൃത ഭൂമിയാണ് കൈവശം വച്ചിരിക്കുന്നതെന്നും തെളിഞ്ഞാൽ സിവിൽ കോടതിയിലേക്ക് റിപ്പോർട്ട് സമർപ്പിക്കുന്നതോടെ റവന്യൂ വകുപ്പിന്റെ ചുമതലകൾ പൂർത്തിയാകുമെന്നും ആർഡിഒ പറഞ്ഞു.

ആധാരം റദ്ദാക്കുന്നതടക്കമുള്ള അധികാരങ്ങളും കുറ്റക്കാർക്കെതിരെ നടപടിയെടുക്കുന്നതിനും കോടതിക്ക് മാത്രമാണ് അധികാരമുള്ളത്. കോടതിയെ കൂടാതെ ആധാരം റദ്ദ് ചെയ്യാൻ അധികാരമുള്ള ഒരേഒരു സർക്കാർ ഉദ്യോഗസ്‌ഥൻ രജിസ്ട്രേഷൻ വകുപ്പിലെ ഇൻസ്പെക്ടർ ജനറലിനു മാത്രമാണെന്നും ആർഡിഒ പറഞ്ഞു.

വിവരാവകാശ രേഖകളനുസരിച്ചുള്ള പരാതിയിലും ഉടമസ്‌ഥത സംബന്ധിച്ച് വ്യക്‌തമായ അന്വേഷണത്തിലൂടെയല്ലാതെ ആധാരം റദ്ദുചെയ്യാനാവില്ലെന്നും സ്വകാര്യ വ്യക്തി പാറമട ലോബിക്ക് ഭൂമി വിറ്റത് തെറ്റാണെന്ന് കണ്ടെത്തിയാലും തണ്ടപ്പേരിലുള്ള യഥാർഥ അവകാശികൾക്ക് ഭൂമി തിരിച്ചു ലഭിക്കാൻ കോടതി തന്നെ വിധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഡിസിസി ജനറൽ സെക്രട്ടറി സി.ടി. രാജൻ, സിപിഎം കിഴതിരി ബ്രാഞ്ച് സെക്രട്ടറി മോഹനൻ താഴത്തിടപ്പാട്ട് എന്നിവരാണ് പരാതി നൽകിയത്.