+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാറയും മെറ്റലും മണലും ലഭിക്കുന്നില്ല; നിർമാണ ജോലികൾ നിലച്ചു

കൊട്ടാരക്കര: പാറയും മെറ്റലും മണലും ലഭിക്കാത്തതിനാൽ നിർമ്മാണ ജോലികൾ നിലച്ചു. ഇതേതുടർന്ന് തൊഴിലാളി കുടുംബങ്ങൾ ദാരിദ്ര്യത്തിലായി. പാറ, മെറ്റൽ, മണൽ എന്നിവയുടെ ലഭ്യത പൂർണമായി നിലച്ചതോടെയാണ് നിർമാണ മേഖല സ്ത
പാറയും മെറ്റലും മണലും ലഭിക്കുന്നില്ല;  നിർമാണ ജോലികൾ നിലച്ചു
കൊട്ടാരക്കര: പാറയും മെറ്റലും മണലും ലഭിക്കാത്തതിനാൽ നിർമ്മാണ ജോലികൾ നിലച്ചു. ഇതേതുടർന്ന് തൊഴിലാളി കുടുംബങ്ങൾ ദാരിദ്ര്യത്തിലായി. പാറ, മെറ്റൽ, മണൽ എന്നിവയുടെ ലഭ്യത പൂർണമായി നിലച്ചതോടെയാണ് നിർമാണ മേഖല സ്തംഭനാവസ്‌ഥയിലായത്.

ഈ മേഖലയിലും അനുബന്ധ മേഖലയിലുമായി തൊഴിലെടുത്തു ജീവിച്ചു വന്നിരുന്ന നൂറുകണക്കിന് കുടുംബാംഗങ്ങളും ചെറുകിട കരാറുകാരും ഇതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുകയാണ്. നോട്ടു പ്രതിസന്ധി മൂലം കടം വാങ്ങാനും വായ്പ എടുക്കാനും കഴിയാതെ ഈ കുടുംബങ്ങൾ എല്ലാം ഓരോ ദിവസവും കടുത്ത ദാരിദ്ര്യത്തിലേക്ക് നീങ്ങിയിരിക്കുകയാണ്.

കരിങ്കൽ ലോറികൾക്ക് ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ടുള്ള സുപ്രീംകോടതി ഉത്തരവാണ് ഈ മേഖല നിശ്ചലമാകാൻ കാരണം. ചെറുകിട കരിങ്കൽ ക്വാറി നടത്തിപ്പിനുണ്ടായ ഇളവുകൾ അവസാനിപ്പിച്ച് എല്ലാ ക്വാറികൾക്കും പാരിസ്‌ഥിതികാനുമതി നിർബന്ധമാക്കിക്കൊണ്ടായിരുന്നു കോടതി ഉത്തരവ്.

ഇതോടെ 90 ശതമാനം ക്വാറികളുടേയും പ്രവർത്തനം നിലച്ചു. വിരലിലെണ്ണാവുന്ന വൻകിട ക്വാറികൾക്ക് മാത്രമാണ് പാരിസ്‌ഥിതികാനുമതി ഉള്ളതും ഇപ്പോൾ പ്രവർത്തിക്കുന്നതും. ബഹു ഭൂരിപക്ഷം ക്വാറികളുടേയും പ്രവർത്തനം നിലച്ചതോടെ ക്രഷർ യൂണിറ്റുകളുടെ പ്രവർത്തനവും അനിശ്ചിതത്വത്തിലാണ്. പാറ ലഭിക്കാതായതോടെ പല ക്രഷറുകളും അടച്ചിട്ടിരിക്കുകയാണ്. ചില ക്രഷർ നടത്തിപ്പുകാർ തമിഴ്നാട്ടിൽ നിന്നും പാറ എത്തിച്ച് പ്രവർത്തനം നടത്തുന്നുണ്ട്.

ഇങ്ങനെ പ്രവർത്തിപ്പിക്കുന്ന ക്വാറികൾ ഉത്പന്നങ്ങൾക്കെല്ലാം വിലയും വർധിപ്പിച്ചിരിക്കുകയാണ്. മെറ്റലും പാറപ്പെടിയുമെല്ലാം അത്യാവശ്യക്കാരൻ ക്രഷർ നടത്തിപ്പുകാരൻ പറയുന്ന വില നൽകി വാങ്ങേണ്ടി വരുന്നു. കല്ലടയാറ്റിൽ നിന്നുള്ള മണൽ വാരൽ നിരോധിക്കപ്പെട്ടിട്ട് ഇപ്പോൾ രണ്ടു വർഷത്തോളമാകുന്നു. പാരിസ്‌ഥിതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു അത്. കേരളത്തിലെ മറ്റു നദികളിൽ നിന്നും നിബന്ധനകൾക്ക് വിധേയമായി മണൽ വാരൽ പിന്നീട് അനുമതി നൽകിയെങ്കിലും കല്ലടയാറ്റിൽ നിന്നുള്ള മണൽ വാരൽ നിരോധനം ഇപ്പോഴും തുടരുകയാണ്.

ജില്ലയിലെ നൂറുകണക്കിന് കുടുംബങ്ങളുടെ ഉപജീവനമാർഗമാണ് ഇതോടെ തടയപ്പെട്ടത്. കൊട്ടാരക്കര പഞ്ചായത്തുകളെയും ഈ മണൽ വാരൽ നിരോധനം സാമ്പത്തിക പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. പാറയും മണലും മെറ്റലും ലഭ്യമല്ലാതായതോടെ വീടു നിർമ്മാണവും, കരാർ ജോലികളും നിലച്ചിരിക്കുകയാണ്. സർക്കാർ ധനസഹായത്തോടെയുള്ള വീടു നിർമ്മാണവും പാതി വഴിയിൽ ഉപേക്ഷിച്ചു.

കരാർ ഏറ്റെടുത്ത നിർമാണ ജോലികൾ പൂർത്തിയാക്കാൻ കഴിയാതെ കരാറുകാരും വലയുന്നു. ചെറുകിട കരാറുകാരിൽ അധികവും കടം വാങ്ങിയാണ് നിർമ്മാണ ജോലികൾ ചെയ്തു വരുന്നത്. പണി പൂർത്തിയാക്കി ബില്ലു മാറിയ ശേഷമാണ് കടം വീട്ടുക. ഇപ്പോൾ പണി പൂർത്തിയാക്കാനും കടം വീട്ടാനും കഴിയാതെ ദുഃസ്‌ഥിതിയിലാണ് അവർ.

ത്രിതല പഞ്ചായത്തുകളുടേയും പൊതുമരാമത്തു വകുപ്പുകളുടേയും നിർമ്മാണ ജോലികളുടെ ടെൻഡർ നടപടികൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. കരാർ ഉറപ്പിച്ച പലരും അതിൽ നിന്നും പിൻ തിരിയാനുള്ള ശ്രമമാണ് ഇപ്പോൾ നടത്തി വരുന്നത്. നിർമ്മാണ സ്‌ഥാപനങ്ങളുടെ ലഭ്യതയില്ലായ്മയും വില വർധനവും മൂലം ഏറ്റെടുത്ത സ്‌ഥിതിക്ക് ജോലി ചെയ്താൽ നഷ്ടത്തിലാകുമെന്ന ആശങ്കയിലാണ് കരാറുകാർ.

നിർമാണ മേഖലയിലെ സ്തംഭനാവസ്‌ഥ മറ്റെല്ലാ തൊഴിൽ മേഖലകളെയും മന്ദീഭവിച്ചു കഴിഞ്ഞു. വ്യാപാര മേഖലയിലും വൻ തിരിച്ചടിയാണ് ഉണ്ടായിട്ടുള്ളത്. തൊഴിൽ സ്തംഭനാവസ്‌ഥയും നോട്ടുപ്രതിസന്ധിയും നാടിനെ കടുത്ത ദാരിദ്ര്യത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുകയാണ്..