പാലോട് : നാട്ടിലേക്ക് മടങ്ങുന്നതിനിടെ മലയാളി യുവാവ് വിമാനത്തിൽ കുഴഞ്ഞു വീണ് മരിച്ചു. നന്ദിയോട് കള്ളിപ്പാറ തടത്തരികത്തു വീട്ടിൽ ശ്രീകുമാർ(46) ആണ് മരിച്ചത്. സൗദി അറേബ്യയിലെ ദമാമിൽ നിന്ന് ജെറ്റ് എയർവേസ് വിമാനത്തിൽ സഞ്ചരിക്കവെ ശ്രീകുമാറിനു അസ്വസ്ഥത അനുഭവപ്പെട്ടു. ഇതേ തുടർന്നു വിമാനം മസ്ക്കറ്റ് വിമാനത്താവളത്തിൽ ഇറക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്. തൊട്ടടുത്ത മിലിട്ടറി ഹോസ്പിറ്റലിലെത്തിച്ച് മരണം സ്ഥിരീകരിച്ചു. ഇന്നലെ രാവിലെ ഏഴിനു തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങേണ്ടിയിരുന്നതാണ് ശ്രീകുമാർ. ഇദ്ദേഹത്തെ സ്വീകരിക്കാൻ കുടുംബാംഗങ്ങൾ യാത്രതിരിച്ചെങ്കിലും വിമാനത്താവളത്തിലെത്തുന്നതിനു തൊട്ടുമുന്പ് മരണവിവരം തേടിയെത്തുകയായിരുന്നു. ദമാമിൽ 11 വർഷമായി പെയിന്റിംഗ് ജോലി ചെയ്യുന്ന ശ്രീകുമാർ ഒന്നര വർഷം മുന്പാണ് നാട്ടിലെത്തി മടങ്ങിയത്. നാട്ടിൽ ഡ്രൈവറായി ജോലി നോക്കിയിരുന്നു. പരേതനായ നന്ദിയോട് ഗോപിനാഥൻ ജ്യോത്സ്യരുടെ മകനാണ്. ഭാര്യ : ഗീത. മക്കൾ : ഗോവർധനൻ, ഗോപീകൃഷ്ണ.