തളിപ്പറന്പ്: സംഘകാല കൃതികളിൽ പോലും പരാമർശമുള്ള പെരിഞ്ചല്ലൂരിന്റെ ചരിത്രം തയാറാക്കുക എന്ന ലക്ഷ്യത്തോടെ ജനകീയ കൂട്ടായ്മ രൂപീകരിച്ചു. പെരിഞ്ചല്ലൂർ പോരിശ എന്ന പേരിലാണ് കൂട്ടായ്മ രൂപീകരിച്ചിട്ടുള്ളത്. തളിപ്പറന്പിലെ പ്രാചീന നാമമാണ് പെരിഞ്ചല്ലൂർ. തളിപ്പറന്പ് രാജരാജേശ്വര ക്ഷേത്രം, വലിയ ജുമാഅത്ത് പള്ളി, സെന്റ് മേരീസ് ഫൊറോനാ തീർഥാടന ദേവാലയം തുടങ്ങി നിരവധി സുപ്രധാന ആരാധനാലയങ്ങൾ നിലകൊള്ളുന്ന തളിപ്പറന്പിലെ ചരിത്രം ജാതിമത ചിന്തകൾക്കപ്പുറം ഒറ്റക്കെട്ടായി നിൽക്കുന്നതാണ്. എന്നാൽ ആധികാരികമായി രേഖപ്പെടുത്തപ്പെട്ട ഒരു ചരിത്രം ഇല്ലെന്ന് മനസിലാക്കിയാണ് ഒരുകൂട്ടം സാംസ്കാരിക പ്രവർത്തകർ ജാതിമതരാഷ്ട്രീയ ചിന്തകൾക്കതീതമായി പെരിഞ്ചല്ലൂരിന്റെ ചരിത്രം പുതുതലമുറക്ക് കൂടി പരിചയപ്പെടുത്താനായി കൂട്ടായ്മ രൂപീകരിച്ചിട്ടുള്ളത്. പെരിഞ്ചല്ലൂർ പോരിശ എന്ന വാട്സ് ആപ്പ് കൂട്ടായ്മയ്ക്ക് കീഴിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ആദ്യസംഗമം കാക്കാത്തോട് ബസ് സ്റ്റാൻഡ് പരിസരത്ത് നടന്നു. കെ.വി അബൂബക്കർ ഹാജി അധ്യക്ഷത വഹിച്ചു.