+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വേനൽ കടുത്തു; ജലക്ഷാമം രൂക്ഷമായി

പുനലൂർ: വേനൽ കടുത്തതോടെ ജില്ലയുടെ കിഴക്കൻ മലയോര മേഖലയായ പുനലൂരിലും പരിസര പ്രദേശങ്ങളിലും ജലക്ഷാമം രൂക്ഷമായി. പ്രധാന ജലസ്രോതസുകളായ കല്ലടയാറും ചാലിയക്കരയാറും വറ്റിവരണ്ടു. ഉയർന്ന പ്രദേശങ്ങളിലെ കിണറു
വേനൽ കടുത്തു; ജലക്ഷാമം രൂക്ഷമായി
പുനലൂർ: വേനൽ കടുത്തതോടെ ജില്ലയുടെ കിഴക്കൻ മലയോര മേഖലയായ പുനലൂരിലും പരിസര പ്രദേശങ്ങളിലും ജലക്ഷാമം രൂക്ഷമായി.

പ്രധാന ജലസ്രോതസുകളായ കല്ലടയാറും ചാലിയക്കരയാറും വറ്റിവരണ്ടു. ഉയർന്ന പ്രദേശങ്ങളിലെ കിണറുകളും സമീപ പ്രദേശങ്ങളിലെ കുളങ്ങളും അരുവികളും വറ്റിവരണ്ടു. മിക്ക പഞ്ചായത്തുകളിലെയും ഗ്രാമീണ കുടിവെള്ള പദ്ധതികളും താറുമാറായ നിലയിലാണ്. കാർഷിക മേഖല വരൾച്ചയിലാണ്. മിക്കയിടത്തും ജനങ്ങൾ കിലോമീറ്ററുകൾ താണ്ടി കുടിവെള്ളം ശേഖരിക്കുകയാണ്.

ഗ്രാമീണ മേഖലയിലെ മിക്ക കുടിവെള്ള പദ്ധതികളിലെയും മോട്ടറുകൾ കേടായ അവസ്‌ഥയിലാണ്. ആദിവാസി കോളനിയായ കുരിയോട്ടുമല കോളനിയടക്കം മറ്റ് കോളനികളിലും കുടിവെള്ളക്ഷാമം രൂക്ഷമാണ്. കനാലുകൾ വഴി ഇന്നലെ മുതൽ കെഐപി ജല വിതരണം തുടങ്ങിയതോടെ കനാലുകളുടെ സമീപത്ത് താമസിക്കുന്നവർക്കും മേഖലയിലെ കർഷകർക്കും അല്പം ആശ്വാസമാകും.

പുനലൂർ നഗരസഭയിലും കരവാളൂർ പഞ്ചായത്തിലും കുടിവെളളക്ഷാമം രൂക്ഷമാണ്. കോടികൾ മുടക്കി പുനലൂരിൽ നിന്ന് വെള്ളമെടുക്കുന്ന ജപ്പാൻ പദ്ധതിയിൽ നിന്ന് പോലും പുനലൂരിന് വെള്ളം ലഭിക്കുന്നില്ല. ത്രിതല പഞ്ചായത്തു ഭരണക്കാർക്കെതിരെ പ്രതിപക്ഷ കക്ഷികൾ വിവിധ സമരപരിപാടികൾ ആരംഭിച്ചതോടെ പലയിടങ്ങളിലും ടാങ്കറുകളിൽ വെള്ളമെത്തിച്ച് തുടങ്ങിയിട്ടുണ്ട്.

എന്നാൽ ഇത് ഫലപ്രദമല്ല. ജപ്പാൻ പദ്ധതി, കുണ്ടറ പദ്ധതി, പുനലൂർ പദ്ധതി, കരിയോട്ടുമല തുടങ്ങിയ കുടിവെള്ള പദ്ധതികൾക്കെല്ലാം ജലമെടുക്കുന്ന കല്ലടയാർ മിക്കയിടത്തും വരണ്ടുണങ്ങി. പുനലൂരിൽ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി മുക്കടവിൽ നിർമിച്ച തടയണയുടെ അറ്റകുറ്റപണികൾ നടത്തുവാനോ, ഉയരം കൂട്ടുന്നതിനോ അധികൃതർ നടപടികളെടുക്കാത്തതിൽ പ്രതിഷേധമുയർന്നിട്ടുണ്ട്.