+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഏരിയാ സെക്രട്ടറിയുടെ വെളിപ്പെടുത്തൽ, സിപിഎം ജില്ലാനേതൃത്വം വെട്ടിലായി

കൊല്ലം: ഐഎൻടിയുസി നേതാവ് നെട്ടയം രാമഭദ്രൻ കൊലപാതക കേസുമായി ബന്ധപ്പെട്ട് സിബിഐ ചാർജ് ചെയ്ത കേസിലെ പ്രതിയും സിപിഎം അഞ്ചൽ ഏരിയാ കമ്മിറ്റി സെക്രട്ടറി പി.എസ്.സുമൻ ഹൈക്കോടതിയിൽ നൽകിയ ജാമ്യാപേക്ഷയിലെ പരാമർശങ
ഏരിയാ സെക്രട്ടറിയുടെ വെളിപ്പെടുത്തൽ, സിപിഎം ജില്ലാനേതൃത്വം വെട്ടിലായി
കൊല്ലം: ഐഎൻടിയുസി നേതാവ് നെട്ടയം രാമഭദ്രൻ കൊലപാതക കേസുമായി ബന്ധപ്പെട്ട് സിബിഐ ചാർജ് ചെയ്ത കേസിലെ പ്രതിയും സിപിഎം അഞ്ചൽ ഏരിയാ കമ്മിറ്റി സെക്രട്ടറി പി.എസ്.സുമൻ ഹൈക്കോടതിയിൽ നൽകിയ ജാമ്യാപേക്ഷയിലെ പരാമർശങ്ങൾ പാർട്ടി ജില്ലാ നേതൃത്വത്തെ പ്രതിരോധത്തിലാക്കി.

ജനുവരി 27ന് സുമൻ നൽകിയ ജാമ്യാപേക്ഷയിൽ പറയുന്ന പ്രധാനകാര്യം തന്റെ രാഷ്ട്രീയഭാവി തകർക്കാൻ ജില്ലാ സെക്രട്ടേറിയറ്റംഗവും ഇപ്പോൾ കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാനുമായ എസ്.ജയമോഹൻ കേസിൽ പ്രതിയാക്കാൻ ഗൂഡാലോചന നടത്തി എന്നാണ്.

മാത്രമല്ല അന്വേഷണ ഉദ്യോഗസ്‌ഥനായ സിബിഐ ഓഫീസറുമായി ജയമോഹൻ രഹസ്യധാരണ ഉണ്ടാക്കിയതായും ജാമ്യാപേക്ഷയിൽ പരാമർശിക്കുന്നുണ്ട്.

ഈ കേസിലെ ഒന്നാംപ്രതി ഗിരീഷ്, രണ്ടാം പ്രതിയും പാർട്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറി പത്മൻ, ആറാംപ്രതി ബ്രാഞ്ച് സെക്രട്ടറി രാജീവും എന്നിവരും എസ്.ജയമോഹനുമായി ചേർന്നുള്ള ഗൂഡാലോചനയിലെ പങ്കാളികളാണെന്നുള്ള വിവരവും ജാമ്യാപേക്ഷയിൽ പരമാർശിക്കുന്നുണ്ട്.

നവംബർ 28ന് സുമൻ സിബിഐ ഉദ്യോഗസ്‌ഥർക്ക് നൽകിയ കത്തിലും ഈ ആരോപണങ്ങൾ ഉണ്ട്. ഇമെയിൽ സന്ദേശമായ അയച്ച കത്തിൽ സുമൻ ഈ കേസിൽ തന്റെ നിരപരാധിത്വവും വ്യക്‌തമാക്കുന്നുണ്ട്.

സുമന്റെ ജാമ്യാപേക്ഷയും സിബിഐയ്ക്ക് അയച്ച കത്തും ആദ്യം പുറത്തുവിട്ടത് സിപിഎം പ്രവർത്തകർ തന്നെ. സമൂഹ മാധ്യമങ്ങളിലടക്കം കഴിഞ്ഞ ദിവസങ്ങളിൽ ഇത് വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു.

സിപിഎമ്മിൽ ജില്ലയിൽ ഇപ്പോഴും ശക്‌തമായി നിലനിൽക്കുന്ന ഗ്രൂപ്പ് പോരിന്റെ ഭാഗമായി വേണം ഇതിനെ കാണേണ്ടത്. കത്തിന്റെയും ജാമ്യാപേക്ഷയുടെയും കോപ്പി സഹിതം കഴിഞ്ഞ ദിവസം ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷ ബിന്ദുകൃഷ്ണ പത്രസമ്മേളനം നടത്തിയെങ്കിലും സിപിഎം ജില്ലാ നേതൃത്വം ഇക്കാര്യത്തിൽ അഭിപ്രായ പ്രകടനം നടത്തിയിട്ടില്ല.

ഈ കേസിൽ സിബിഐ സിപിഎം ജില്ലാ നേതാക്കളെ അടക്കം പ്രതിയാക്കിയത് കോൺഗ്രസ്–ബിജെപി ഗൂഡാലോചനയുടെ ഭാഗമായിട്ടാണ് എന്നായിരുന്നു പാർട്ടി ജില്ലാ സെക്രട്ടറി കെ.എൻ.ബാലഗോപാൽ അടക്കമുള്ളവർ പറഞ്ഞിരുന്നത്.

എന്നാൽ സുമന്റെ കത്തും ജാമ്യാപേക്ഷയിലെ ഉള്ളടക്കവും പുറത്തുവന്നതോടെ എങ്ങനെ പ്രതികരിക്കും എന്നറിയാതെ ജില്ലാ നേതൃത്വം പ്രതിരോധത്തിലാവുകയാണ്.

കൺസ്യൂമർഫെഡിൽ 75 ലക്ഷം രൂപയുടെ അഴിമതി നടത്തിയ വ്യക്‌തിയെപ്പോലും ജയമോഹൻ സ്വാധീനിച്ച് തനിക്കെതിരേ ഉദ്യോഗസ്‌ഥർക്ക് മുന്നിൽ വ്യാജമമൊഴി നൽകിയതായും സുമന്റെ ജാമ്യാപേക്ഷയിൽ പറയുന്നുണ്ട്.

സസ്പെൻഷൻ റദ്ദാക്കി സർവീസിൽ തിരികെ കയറ്റാം എന്ന വാഗ്ദാനം നൽകിയാണത്രേ ഇയാളെക്കൊണ്ട് മൊഴി കൊടുപ്പിച്ചത്. തനിക്കെതിരേ കൊലക്കുറ്റം ഒഴിവാക്കി കിട്ടുന്നതിനാണ് ജയമോഹൻ ഈ തന്ത്രം പയറ്റിയതെന്നും ജാമ്യാപേക്ഷയിലുണ്ട്.

ആദ്യം ഈ കേസ് അന്വേഷിച്ചത് ഏരൂർ പോലീസ് ആയിരുന്നു. അന്ന് 16 പ്രതികളാണ് ഉണ്ടായിരുന്നത്. പിന്നീട് ക്രൈംബ്രാഞ്ചിന്റ ഹർട്ട് ആന്റ് ഹോമിസൈഡ് വിഭാഗം അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. അവരുടെ പ്രതിപ്പട്ടികയിലും 16 പേർ തന്നെയാണ് ഉണ്ടായിരുന്നത്.

ഹൈക്കോടതിയുടെ നിർദേശാനുസരണം 2016 ജനുവരി 15നാണ് ഈ കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുത്തത്. 2010 ഏപ്രിൽ പത്തിന് രാത്രിയാണ് ഒരു സംഘം ആൾക്കാർ രാമഭദ്രന്റെ വീട്ടിൽ കയറി അദ്ദേഹത്തെ വെട്ടിക്കൊലപ്പെടുത്തിയത്.

സുമന്റെ ഇപ്പോഴത്തെ വെളിപ്പെടുത്തലോടെ കിഴക്കൻ മേഖലയിൽ പാർട്ടിക്കുള്ളിൽ പടലപിണക്കവും ഗ്രൂപ്പ്പോരും അതിരൂക്ഷമാകുകയാണ്. ജില്ലാതലത്തിലും ഇതിന്റെ അലയൊലികൾ ഉയർന്നുകഴിഞ്ഞു.പൊട്ടിത്തറിയുടെ വക്കിലെത്തി നിൽക്കുന്ന ഈ ആഭ്യന്തര വിഷയം എങ്ങനെ പരിഹരിക്കാൻ കഴിയുമെന്ന കാര്യത്തിൽ ജില്ലാ നേതാക്കൾക്കുപോലും ഒരു വ്യക്‌തതയില്ല.

കൊലപാതക കേസുമായി ബന്ധപ്പെട്ട് ജില്ലാ സെക്രട്ടേറിയറ്റംഗത്തിനെതിരേ ഏരിയാ സെക്രട്ടറി തന്നെ ഗുരുതരമായ ആരോപണം ഉന്നയിച്ച സ്‌ഥിതിക്ക് പാർട്ടി ജില്ലാ കമ്മിറ്റിയോഗം ഈ വിഷയം പ്രത്യേകം ചർച്ചയ്ക്കെടുക്കുമെന്ന് സൂചനയുണ്ട്.പരിഹാരം ഉണ്ടായില്ലെങ്കിൽ സംസ്‌ഥാന നേതൃത്വവും ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെട്ടേക്കാം.ഈ വിഷയവുമായി ബന്ധപ്പെട്ട കഴിഞ്ഞ ദിവസം വന്ന പത്രവാർത്തകൾ ചിലർ പാർട്ടി സംസ്‌ഥാന സെക്രട്ടറിക്ക് അയച്ചു കൊടുത്തിട്ടുണ്ട്.