+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാർബർഗ് വൈറസ് ബാധ സ്ഥിരീകരിച്ച് ഘാന; രോഗബാധിതർ രണ്ട് പേരും മരിച്ചു

അക്ര: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഘാനയിലെ അശാന്‍റിയിൽ രണ്ട് പേർക്ക് മാർബർഗ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവർ രണ്ടു പേരും മരിച്ചതായി ഘാനയിലെ ആരോഗ്യമന്ത്രാലയം ഉദ്യോഗസ്ഥർ അറിയിച്ചു. സെനഗലിലെ ലാബോറട്ടറിയിൽ പ
മാർബർഗ് വൈറസ് ബാധ സ്ഥിരീകരിച്ച് ഘാന; രോഗബാധിതർ രണ്ട് പേരും മരിച്ചു
അക്ര: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഘാനയിലെ അശാന്‍റിയിൽ രണ്ട് പേർക്ക് മാർബർഗ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവർ രണ്ടു പേരും മരിച്ചതായി ഘാനയിലെ ആരോഗ്യമന്ത്രാലയം ഉദ്യോഗസ്ഥർ അറിയിച്ചു. സെനഗലിലെ ലാബോറട്ടറിയിൽ പരിശോധിച്ചാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

രോഗബാധിതരുമായി സമ്പർക്കമുണ്ടെന്ന് സംശയിക്കുന്ന 98 പേരും ഇപ്പോൾ ക്വാറന്‍റൈനിലാണ്. രണ്ട് രോഗികളുമായി സമ്പർക്കം പുലർത്തിയ അവരുടെ ബന്ധുക്കളും ആരോഗ്യപ്രവർത്തകരും മോർച്ചറി ജീവനക്കാരും ഇതിൽ ഉൾപ്പെടുന്നു.

പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഗിനിയിലും കഴിഞ്ഞവർഷം മാർബർഗ് സ്ഥിരീകരിച്ചിരുന്നു. ലോകത്തിലെ ഏറ്റവും അപകടകാരിയായ വൈറസുകളിൽ ഒന്നായാണ് ശാസ്ത്രസമൂഹം മാർബർഗിനെ കണക്കാക്കുന്നത്. ബാധിക്കപ്പെടുന്ന പത്തിൽ ഒമ്പതു പേരും മരിക്കാം.

1967 ൽ പശ്ചിമ ജർമനിയിലെ മാർബർഗ് പട്ടണത്തിലാണ് വൈറസ് ബാധ ആദ്യമായി കണ്ടെത്തിയത്. വാക്സിൻ ലബോറട്ടറികളിൽ ജോലി ചെയ്തവരായിരുന്നു രോഗികൾ. ആഫ്രിക്കയിൽ നിന്നു കൊണ്ടുവന്ന കുരങ്ങുകളിൽ നിന്നാണ് വൈറസ് ഇവരിലേക്ക് പകർന്നത്. പിന്നീട് പത്തിലധികം തവണ വിവിധയിടങ്ങളിൽ വൈറസ് ബാധയുണ്ടായി.

ലക്ഷണങ്ങൾ

കടുത്ത പനി, പേശീവേദന, ഛർദി, രക്തസ്രാവം, മസ്തിഷ്കജ്വരം, നാഡീവ്യവസ്ഥയുടെ സ്തംഭനം തുടങ്ങിയവ പ്രധാന ലക്ഷണങ്ങൾ. ആർടിപിസിആർ, എലീസ ടെസ്റ്റുകൾ രോഗ നിർണയത്തിന് ഉപയോഗിക്കുന്നു. കുട്ടികളിൽ വൈറസ് ബാധിക്കുന്നതിന്‍റെ തോത് കുറവാണ്.

എബോള ഉൾപ്പെടുന്ന ഫിലോവൈറസ് ഗ്രൂപ്പിലാണ് മാർബർഗും. മാർവ്, റാവ് എന്നീ 2 വകഭേദങ്ങളുണ്ട്. ഫലപ്രദമായ വാക്സീനുകൾ നിലവിൽ ഇല്ല. രോഗിയുടെ സ്രവങ്ങൾ, മുറിവുകൾ, വസ്ത്രങ്ങൾ, പാത്രങ്ങൾ എന്നിവയിലൂടെ പകരാം.
More in Latest News :