+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റവന്യു ജില്ലാ കലോത്സവം...എന്തൊരഴക്, എന്തൊരു ഭംഗി

കാഞ്ഞിരപ്പള്ളി: റവന്യു ജില്ലാ കലോത്സവത്തെക്കുറിച്ച് ഏവർക്കും പറയാനുണ്ടായിരുന്നത് എന്തൊരഴക്... എന്തൊരു ഭംഗി... നാലു ദിവസമായി കാഞ്ഞിരപ്പള്ളിയിൽ നടന്ന റവന്യു ജില്ലാ കലോത്സവത്തിൽ ചില്ലറ പ്രശ്നങ്ങളൊഴിച്ചാൽ
റവന്യു ജില്ലാ കലോത്സവം...എന്തൊരഴക്, എന്തൊരു ഭംഗി
കാഞ്ഞിരപ്പള്ളി: റവന്യു ജില്ലാ കലോത്സവത്തെക്കുറിച്ച് ഏവർക്കും പറയാനുണ്ടായിരുന്നത് എന്തൊരഴക്... എന്തൊരു ഭംഗി... നാലു ദിവസമായി കാഞ്ഞിരപ്പള്ളിയിൽ നടന്ന റവന്യു ജില്ലാ കലോത്സവത്തിൽ ചില്ലറ പ്രശ്നങ്ങളൊഴിച്ചാൽ സംഘാടക മികവുകൊണ്ട് ശ്രദ്ധേയമായി. ഏറ്റെടുത്ത ചുമതലകൾ മികവുറ്റതാക്കാൻ വിവിധ കമ്മിറ്റികൾ ഏറെ പരിശ്രമിച്ചു. നാട്ടുകാരുടെ സഹകരണവും കലോത്സവത്തിന്റെ വിജയത്തിന് നിർണായകമായി.

മിക്ക വേദികളും കാണികളെക്കൊണ്ട് നിറഞ്ഞുകവിഞ്ഞിരുന്നു. നൃത്തയിനങ്ങൾക്കായിരുന്നു കൂടുതൽ ജനപങ്കാളിത്തം. മൈം, മോണോആക്ട്, നാടകം, മിമിക്രി തുടങ്ങിയ വേദികളിൽ ചിരിക്കുവാനും ചിന്തിപ്പിക്കുവാനും കഴിയുന്ന മത്സരങ്ങളായിരുന്നു കൂടുതലും.

ചില സ്റ്റേജുകളിൽ സാങ്കേതിക തകരാറുണ്ടായത് തുടക്കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, തുടർന്നുള്ള ദിവസങ്ങളിൽ ഇതു പരിഹരിക്കാൻ കഴിയാത്തത് കല്ലുകടിയായി. വിധികർത്താക്കൾക്കെതിരേയും ഏറെ വിമർശനമുയർന്നു. അർഹതയില്ലാത്ത ചിലരെ വിധികർത്താക്കളാക്കിയെന്ന് അധ്യാപകരും കുട്ടികളും ആരോപിച്ചു. കലോത്സവത്തിൽ 126 അപ്പീലുകളാണ് ഇക്കുറിയെത്തിയത്. കൂടുതൽ അപ്പീലുകളും നൃത്ത ഇനങ്ങളിലാണ്

തുടക്കത്തിൽ ലൈറ്റ് ആൻഡ് സൗണ്ടിനെച്ചൊല്ലിയുണ്ടായ അഴിമതിയാരോപണം സംഘാടകരെ ഏറെ വിഷമിപ്പിച്ചിരുന്നു. എന്നാൽ, കഴിഞ്ഞവർഷത്തെക്കാളും കുറഞ്ഞ തുകയ്ക്ക് ലൈറ്റ് ആൻഡ് സൗണ്ട് പ്രവർത്തിപ്പിച്ചതിനും ഭംഗിയാക്കിയതിനും ഉടമയെ സംഘാടക സമിതി സമാപന സമ്മേളനത്തിൽ പുരസ്കാരം നൽകി ആദരിച്ചു. പാചകപ്പുരയിലും ആദരിക്കൽ ചടങ്ങ് നടന്നു. വർഷങ്ങളായി റവന്യു കലോത്സവത്തിൽ ഭക്ഷണമൊരുക്കുന്ന പഴയിടം മോഹനൻ നമ്പൂതിരിയെ സംഘാടകർ ആദരിച്ചു.

കലോത്സവത്തിന്റെ വിജയത്തിന്റെ പിന്നിൽ മുഖ്യ പങ്കുവഹിച്ച പബ്ലിസിറ്റി കമ്മിറ്റിക്കാണ് ക്രെഡിറ്റു നൽകേണ്ടത്. ഇവരുടെ പ്രവർത്തനം എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റി. ട്രോഫി കമ്മിറ്റിയും പ്രോഗ്രാം കമ്മിറ്റിയും ഫുഡ് കമ്മിറ്റിയും ഒന്നിനൊന്നു മികച്ചു നിന്നു. മറ്റു കമ്മിറ്റികളുടെ പ്രവർത്തനവും മികവുറ്റതായിരുന്നു.

പോലീസും ഫയർഫോഴ്സും സദാസമയവും ജാഗരൂകരായിരുന്നു. ഇവരെ സഹായിക്കാൻ സ്റ്റുഡന്റ്സ് പോലീസും സ്കൗട്ട് ആൻഡ് ഗൈഡ്സും എൻഎസ്എസ് പ്രവർത്തകരും ഒപ്പം നിന്നു. പ്രധാനവേദിയായ സെന്റ് ഡൊമിനിക്സും ഭക്ഷണശാലയായി പ്രവർത്തിച്ച സെന്റ് മേരീസിനും പിടിപ്പിതു പണിയാണ് ഇനിയുള്ളത്. ഇവിടെ കുമിഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കണമെങ്കിൽ ഏറെ പ്രയത്നിക്കേണ്ടിവരും. എന്നാലും എല്ലാംകൊണ്ടും കാഞ്ഞിരപ്പള്ളിക്കാരുടെ ഭാഷയിൽ പറഞ്ഞാൽ കലോത്സവം അടിച്ചുപൊളിച്ചു.

സമാപന സമ്മേളനം പി.സി. ജോർജ് എംഎൽഎ ഉദ്ഘാടനം ചെയ്തു. അടുത്തവർഷം മുതൽ വലുപ്പമുള്ള പുതിയ ട്രോഫികൾ നൽകണമെന്നും ഇതിനുള്ള ചെലവ് ആരും തരാൻ തയാറായില്ലെങ്കിൽ താൻ നൽകുമെന്നും പങ്കെടുക്കുന്ന എല്ലാവർക്കും ലോക്കറ്റ് സമ്മാനമായി നൽകുമെന്നും പി.സി. ജോർജ് പ്രഖ്യാപിച്ചു. ഏറെ കൈയടികളോടെയാണ് എംഎൽഎയുടെ പ്രഖ്യാപനം വിദ്യാർഥികളും അധ്യാപകരും സ്വീകരിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോസഫ് സമ്മേളനത്തിൽ അധ്യക്ഷതവഹിച്ചു. സ്കൂൾ മാനേജർ ഫാ. വർഗീസ് പരിന്തിരിക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി. ജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ. സുധ, ഏറ്റുമാനൂർ രാധാകൃഷ്ണൻ, ഷക്കീല നസീർ, പബ്ലിസിറ്റി കൺവീനർ പി.എ. ഇബ്രാഹിംകുട്ടി തുടങ്ങിയവർ പ്രസംഗിച്ചു. സുധീർ ജി. കുറുപ്പ് സ്വാഗതവും ബേബി തോമസ് കെ. നന്ദിയും പറഞ്ഞു. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ വേദിയിൽ സന്നിഹിതരായിരുന്നു. സമ്മേളനത്തിൽ വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു.