+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആറളം ഫാമിലെ കശുവണ്ടി കാപെക്സിന് നൽകാൻ ധാരണ

ഇരിട്ടി: ആറളം ഫാമിലെ കശുവണ്ടി കാപെക്സിന് നൽകാൻ ഫാം മാനേജ്മെന്റും കശുവണ്ടി വികസന കോർപ്പറേഷനും ധാരണയായി. പൊതുവിപണിയിലെ ഉയർന്ന വില നൽകിയാണ് കാപെക്സ് കശുവണ്ടിയെടുക്കുക. വിലയിലെ ഏറ്റക്കുറച്ചിലുകൾക്കനുസ
ആറളം ഫാമിലെ കശുവണ്ടി കാപെക്സിന് നൽകാൻ ധാരണ
ഇരിട്ടി: ആറളം ഫാമിലെ കശുവണ്ടി കാപെക്സിന് നൽകാൻ ഫാം മാനേജ്മെന്റും കശുവണ്ടി വികസന കോർപ്പറേഷനും ധാരണയായി. പൊതുവിപണിയിലെ ഉയർന്ന വില നൽകിയാണ് കാപെക്സ് കശുവണ്ടിയെടുക്കുക.

വിലയിലെ ഏറ്റക്കുറച്ചിലുകൾക്കനുസരിച്ച് വില നിർണയിക്കാൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനായി കാപെക്സിന്റേയും കശുവണ്ടി വികസന കോർപ്പറേഷന്റേയും ഫാമിന്റേയും ഉന്നത ഉദ്യോഗസ്‌ഥരും കർഷക സംഘടന പ്രതിനിധികളും ഉൾപ്പെട്ട വില നിർണയ സമിതിയെ നിയോഗിക്കും.

ഫാമിലെ 590 ഹെക്ടറിലെ കശുമാവിൻ തോട്ടങ്ങളിലെ വിളവുകൾ സ്വകാര്യ വ്യക്‌തികൾക്കു പാട്ടത്തിന് നൽകുകയായിരുന്നു പതിവ്. കഴിഞ്ഞ വർഷം 1.31 കോടിക്കാണ് ലേലം ചെയ്തത്. കശുവണ്ടി ലേലത്തിൽ വൻ ക്രമക്കേട് നടക്കുന്നുണ്ടെന്ന പരാതിയെ തുടർന്ന് വിജിലൻ ഡയറക്ടർ ജേക്കബ് തോമസിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ഫാമിൽ മിന്നൽ പരിശോധന നടത്തിയിരുന്നു.

ആദിവാസി പുനരധിവാസമേഖലയിലെ ആദിവാസികളുടെ അധീനതയിലുള്ള കശുവണ്ടി കുടുംബശ്രീ മുഖാന്തരം ശേഖരിച്ച് കാപെക്സിന് നൽകും. ഇതിനായി ജില്ലാ കുടുംബശ്രീ മിഷനും ആദിവാസി പുനരധിവാസ മിഷനും ഗ്രാമപഞ്ചായത്തും ചേർന്ന് പദ്ധതി തയ്യാറാക്കും.

കാലാവസ്‌ഥയുടെ ഏറ്റക്കുറച്ചിലുകൾക്ക് അടിസ്‌ഥാനത്തിൽ കശുവണ്ടിയുടെ വിലയിലുണ്ടാകുന്ന വ്യത്യാസം ഇല്ലാതാക്കുന്നതിനും ചർച്ചയിൽ തീരുമാനമായിട്ടുണ്ട്. മഴക്കാലത്തെ കശുവണ്ടിയും വേർതിരിവ് ഇല്ലാതെ എടുക്കാമെന്ന് കാപെക്സ് ഉറപ്പു നൽകിയിട്ടുണ്ട്. മൂന്ന് ദിവസത്തിൽ ഒരിക്കലാണ് കാപെക്സ് കശുവണ്ടി ശേഖരിക്കുക. ആദിവാസികളിൽ നിന്നും ഫാമിൽ നിന്നും ശേഖരിക്കുന്ന കശുവണ്ടി സംഭരിക്കുന്നതിനുള്ള സൗകര്യങ്ങളും ഉന്നതതല സംഘം പരിശോധിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ്, കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ ജയമോഹൻ, മാനേജിംഗ് ഡയറക്ടർ സെവ്യർ, ബോർഡ് അംഗങ്ങളായ പി.ആർ. വസന്തൻ, സജി ഡി. ആനന്ദ്, കാഞ്ഞിരിവിള അജയകുമാർ, ഫാം എംഡി ടി.കെ. വിശ്വനാഥൻ നായർ, സൂപ്രണ്ട് എം. വിജയൻ, കാപെക്സിനെ പ്രതിനിധീകരിച്ച് ടി.സി. വിജയൻ, ഗോപുകൃഷ്ണൻ, എസ്. സുദേവൻ, ആർ. അശോകൻ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.ടി. റോസമ്മ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.