+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പുലമൺതോട് നവീകരണത്തിന്റെ മറവിൽ മണ്ണും ചെളിയും കടത്തുന്നു

കൊട്ടാരക്കര: പുലമൺ തോട് നവീകരണത്തിന്റെ മറവിൽ കരാറുകാരൻ വ്യാപകമായ രീതിയിൽ മണ്ണും ചെളിയും കടത്തുന്നതായി ആക്ഷേപം.ഇതിനെതിരെ പ്രതിഷേധവുമായി രാഷ്ട്രീയ പാർട്ടികളും ബഹുജന സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.
പുലമൺതോട് നവീകരണത്തിന്റെ മറവിൽ മണ്ണും ചെളിയും കടത്തുന്നു
കൊട്ടാരക്കര: പുലമൺ തോട് നവീകരണത്തിന്റെ മറവിൽ കരാറുകാരൻ വ്യാപകമായ രീതിയിൽ മണ്ണും ചെളിയും കടത്തുന്നതായി ആക്ഷേപം.

ഇതിനെതിരെ പ്രതിഷേധവുമായി രാഷ്ട്രീയ പാർട്ടികളും ബഹുജന സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. ദിവസങ്ങൾക്ക് മുമ്പ് മൈലം പഞ്ചായത്തിൽപ്പെട്ട പുലമൺ ഭരണിക്കാവ് ക്ഷേത്രത്തിന് സമീപം തോട് പുറംമ്പോക്ക് ഇടിച്ചു നിരത്തി വലിയ തോതിൽ മണ്ണ് വിൽപ്പന നടത്തിയിരുന്നു. കര മണലിന്റെ ലഭ്യത കുറഞ്ഞിരിക്കുന്നതിനാൽ വലിയ തുകയ്ക്കാണ് ലോഡ് കണക്കിന് മണ്ണ് വില്പന നടത്തിയത്.

ഇത് ഉദ്യോഗസ്‌ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും നാട്ടുകാർ പറയുന്നു. ഇപ്പോൾ മൈലം ഗ്രാമപഞ്ചായത്ത് റവന്യൂ വകുപ്പിന് ഇത് സംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷം ചെളി വില്പന നടത്തിയതും വിവാദമായിരുന്നു. എൽഐസി കോമ്പൗണ്ടിനോട് ചേർന്നുള്ള ഭാഗത്താണ് തോട്ടിൽ നിന്നും ചെളി ഖനനം നടന്നത്.

മാലിന്യം കടത്തുന്നുവെന്ന വ്യാജേനയായിരുന്നു ചെളികടത്ത്. ഇപ്പോൾ ലഭ്യത കുറഞ്ഞിട്ടുള്ള നീല ചെളിയാണ് ഇവിടെ നിന്നും കടത്തിയത്. ഇഷ്ടിക നിർമാണത്തിന് അനിവാര്യമായ ഈ ചെളിക്ക് വൻ വിലയാണ്. ചില സംഘടനകൾ ഇടപെട്ട് അന്ന് ചെളി ഖനനം തടഞ്ഞിരുന്നു. തോട്ടിൽ നിന്നും മണൽ കടത്തും വ്യാപകമായി നടന്നുവന്നിരുന്നു.

തോടിന്റെ പല ഭാഗങ്ങളിലും വർഷങ്ങളായുള്ള മണൽ നിക്ഷേപമുണ്ട്. ഇതാണ് കരാറുകാരൻ വൻ വിലയ്ക്ക് വില്പന നടത്തിയിട്ടുള്ളത്. ചില പ്രാദേശിക രാഷ്ട്രീയ പാർട്ടി പ്രവർത്തകരുടെ പിൻതുണയും ഇക്കാര്യത്തിൽ ഇയാൾക്ക് ലഭിച്ചിട്ടുള്ളതായാണ് വിവരം. രണ്ടു വർഷം മുൻപാണ് പുലമൺതോട് നവീകരണത്തിന് തുടക്കം കുറിച്ചത്. അയിഷാപോറ്റി എംഎൽഎ മുൻകൈയെടുത്ത് രണ്ടേ കാൽ കോടി രൂപ ഇതിനായി ജലവിഭവ വകുപ്പാണ് അനുവദിച്ചത്.

എന്നാൽ രണ്ടു വർഷം കഴിഞ്ഞിട്ടും പണികൾ ഒന്നും ആകാതെ ഇഴഞ്ഞ് നീങ്ങുകയാണ്. 40 ശതമാനം ജോലികൾപ്പോലും ഇതുവരെ പൂർത്തീകരിച്ചിട്ടില്ല. അനധികൃത ഖനനത്തിനും കടത്തിനും വേണ്ടിയാണ് കരാറുകാരൻ മെല്ലെപോക്ക് നയം സ്വീകരിക്കുന്നതെന്നാണ് ആക്ഷേപം. ഇപ്പോൾ മീൻപിടിപ്പാറ ടൂറിസം പദ്ധതിയും പുലമൺ തോട് നവീകരണവും സർക്കാരിന്റെ ഹരിതകേരളം പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പണികൾ വേഗം പൂർത്തിയാക്കാൻ ലക്ഷ്യമിട്ടാണ് ഇത്. ഇതിനിടയിലാണ് കരാറുകാരൻ മണ്ണ് കടത്തൽ നടത്തിയത്. ഭരണകക്ഷി സംഘടനകൾ തന്നെ ഇതിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ്.