+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യുക്രെയിൻ: യൂറോപ്പും ആയുധമത്സരത്തിന്; സൈനികശക്തി കൂട്ടാൻ ജർമനി പതിനായിരം കോടി യൂറോ മുടക്കും

ബെർലിൻ: റഷ്യയുടെ യുക്രെയിൻ അധിനിവേശം യൂറോപ്യൻ രാജ്യങ്ങളുടെ പ്രതിരോധ നയങ്ങളെപ്പോലും മാറ്റിമറിക്കുന്നു. യൂറോപ്പും ആയുധമത്സരത്തിനും സൈനിക ശക്തി പെരുപ്പിക്കുന്നതിനും മത്സരിക്കാനൊരുങ്ങുമെന്നാണ് പുതിയ സൂചന.
യുക്രെയിൻ: യൂറോപ്പും ആയുധമത്സരത്തിന്; സൈനികശക്തി കൂട്ടാൻ ജർമനി പതിനായിരം കോടി യൂറോ മുടക്കും
ബെർലിൻ: റഷ്യയുടെ യുക്രെയിൻ അധിനിവേശം യൂറോപ്യൻ രാജ്യങ്ങളുടെ പ്രതിരോധ നയങ്ങളെപ്പോലും മാറ്റിമറിക്കുന്നു. യൂറോപ്പും ആയുധമത്സരത്തിനും സൈനിക ശക്തി പെരുപ്പിക്കുന്നതിനും മത്സരിക്കാനൊരുങ്ങുമെന്നാണ് പുതിയ സൂചന.

ഏറെക്കാലത്തിനു ശേഷം ജർമനി അതിന്‍റെ പ്രതിരോധ മേഖലയ്ക്കായി വൻ തുക നീക്കിവച്ചുകൊണ്ടു നിർണായക പ്രഖ്യാപനം നടത്തി. യുക്രെയിനിൽ റഷ്യ നടത്തുന്ന കടന്നുകയറ്റവും ആക്രമണവുമാണ് തങ്ങളുടെ സൈനിക ശക്തി അടിയന്തരമായി വർധിപ്പിക്കാൻ ജർമനിയെ പ്രേരിപ്പിച്ചിരിക്കുന്നത്. അടിയന്തര പാർലമെന്‍റ് സമ്മേളനം ചേർന്നുകൊണ്ടാണ് സുപ്രധാന പ്രഖ്യാപനം ജർമനി നടത്തിയിരിക്കുന്നത്.

പ്രതിരോധ നയങ്ങളിലെ ചരിത്രപരമായ മാറ്റം ചാൻസലർ ഒലാഫ് ഷോൾസ് പ്രഖ്യാപിച്ചു. പഴയകാല യുദ്ധാനുഭവങ്ങളുടെ പശ്ചാത്തലത്തിൽ യുദ്ധരംഗത്തോടു വിമുഖത പ്രഖ്യാപിച്ചിരുന്ന ജർമനി കുറെക്കാലമായി പ്രതിരോധ രംഗത്തു സാധാരണയുള്ള ഇടപാടുകളും ഇടപെടലുകളും മാത്രമാണ് നടത്തിയിരുന്നത്. ഇതിനാണ് അപ്രതീക്ഷിത മാറ്റം വന്നിരിക്കുന്നത്.

യൂറോപ്യൻ രാജ്യങ്ങൾ യുക്രെയിനിയിലേക്കുള്ള റഷ്യയുടെ കടന്നുകയറ്റം തങ്ങൾക്കുമുള്ള ഭീഷണിയായി കരുതുന്നു എന്നു വേണം ഇതിൽനിന്നു മനസിലാക്കാൻ. ഞായറാഴ്ച നടന്ന അടിയന്തര പാർലമെന്‍റ് സമ്മേളനത്തിൽ ഷോൾസ് പ്രഖ്യാപിച്ചത് റഷ്യയുടെ യുക്രെയിൻ അധിനിവേശത്തിനു ശേഷം നമ്മൾ പുതിയൊരു യുഗത്തിലാണെന്നാണ്.

സംഘർഷ മേഖലകളിലേക്കു മാരകായുധങ്ങൾ കയറ്റുമതി ചെയ്യുന്നതിനു നിലനിർത്തിയിരുന്ന നിരോധനം നാടകീയമായി പിൻവലിച്ചതിനു പിന്നാലെയാണ് പ്രതിരോധ രംഗത്തു വൻ വിഹിതം ജർമനി പ്രഖ്യാപിച്ചത്. 2022ൽ മാത്രം സൈനിക രംഗത്തു പതിനായിരം കോടി യൂറോ ചെലവഴിക്കുമെന്നാണ് ജർമനി പ്രഖ്യാപിച്ചിരിക്കുന്നത്. സുശക്തവും സുരക്ഷ നൽകുന്നതുമായ സൈന്യത്തെ സജ്ജമാക്കാനാണ് ഈ നയം മാറ്റം.

യൂറോപ്പിലെ ഏറ്റവും വലിയ സന്പദ് വ്യവസ്ഥയായ ജർമനി ഇനി മുതൽ വർഷാവർഷം മൊത്ത ആഭ്യന്തര ഉത്പാദനത്തിന്‍റെ രണ്ടു ശതമാനത്തിലധികം പ്രതിരോധ രംഗത്തു നിക്ഷേപിക്കും. ഇതു നാറ്റോ പ്രഖ്യാപിച്ച രണ്ടു ശതമാനം എന്ന ലക്ഷ്യത്തിനും മുകളിലാണ്. നാറ്റോയുടെ ഇത്തരം ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ ജർമനി പിന്നാക്കം നിന്നതിന്‍റെ പേരിൽ മുൻ ചാൻസലർ ആഞ്ജല മെർക്കലിനെ നേരത്തെ അമേരിക്കൻ പ്രസിഡന്‍റ് ആയിരുന്ന ഡോണൾഡ് ട്രംപ് രൂക്ഷമായി വിമർശിച്ചിരുന്നു.

പുടിന്‍റെ ആക്രമണം ജർമിനി അതിന്‍റെ സുരക്ഷയ്ക്കും സൈനിക ശക്തിക്കുമായി കൂടുതൽ പണം ചെലവഴിക്കണമെന്നു തെളിയിച്ചിരിക്കുകയാണെന്നു ഷോൾസ് പാർലമെന്‍റിൽ പറഞ്ഞു.
More in Latest News :