+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡിജിപിയുടെ സർക്കുലർ ഉള്ളതല്ലേ ഞങ്ങളങ്ങനെ ചെയ്യുമോ‍? - എന്ന് നെഞ്ചിൽ ചവിട്ടിയ എഎസ്ഐ

കണ്ണൂർ: മാവേലി എക്സ്പ്രസിൽ കംപാർട്ട്മെന്‍റ് മാറിക്കയറിയ യാത്രക്കാരനെ കരണത്തടിച്ചു വീഴിച്ചിട്ടു നെഞ്ചിൽ ചവിട്ടി ട്രെയിനിൽനിന്നു പുറത്തുതള്ളിയ എഎസ്ഐയുടെ പ്രതികരണം കേട്ടാൽ ആരും അന്പരക്കും, എന്തൊരു നിഷ്കള
ഡിജിപിയുടെ സർക്കുലർ ഉള്ളതല്ലേ ഞങ്ങളങ്ങനെ ചെയ്യുമോ‍? - എന്ന് നെഞ്ചിൽ ചവിട്ടിയ എഎസ്ഐ
കണ്ണൂർ: മാവേലി എക്സ്പ്രസിൽ കംപാർട്ട്മെന്‍റ് മാറിക്കയറിയ യാത്രക്കാരനെ കരണത്തടിച്ചു വീഴിച്ചിട്ടു നെഞ്ചിൽ ചവിട്ടി ട്രെയിനിൽനിന്നു പുറത്തുതള്ളിയ എഎസ്ഐയുടെ പ്രതികരണം കേട്ടാൽ ആരും അന്പരക്കും, എന്തൊരു നിഷ്കളങ്കത!

സംഭവം സംബന്ധിച്ചു പ്രതികരണം ആരാഞ്ഞ മാധ്യമ പ്രവർത്തകരോടു എഎസ്ഐ പറഞ്ഞത് ഞങ്ങൾ അങ്ങനെ ചെയ്യുമോ? യാത്രക്കാരനോടു മാന്യമായി പെരുമാറണമെന്നു ഡിജിപിയുടെ സർക്കുലർ ഉള്ളതല്ലേയെന്നാണ്. ടിക്കറ്റില്ലാതിരുന്ന യാത്രക്കാരനെ പുറത്തേക്ക് ഇറക്കിവിടുക മാത്രമേ ചെയ്തിട്ടുള്ളു, മർദിച്ചിട്ടില്ലെന്നും എഎസ്ഐ പറഞ്ഞു.

എന്നാൽ, കംപാർട്ട്മെന്‍റിൽ ഉണ്ടായിരുന്ന യാത്രക്കാർ മർദനത്തിന്‍റെ വിഡിയോ ദൃശ്യം പകർത്തിയ കാര്യം എഎസ്ഐ അറിഞ്ഞിരുന്നില്ലെന്നു തോന്നുന്നു.

കംപാർട്ട്മെന്‍റ് മാറിക്കയറിയ യാത്രക്കാരൻ ആരെന്നോ അയാളുടെ പശ്ചാത്തലമെന്തെന്നോ ഒന്നും അന്വേഷിക്കുകയോ പരിശോധിക്കുകയോ ചെയ്യാതെയായിരുന്നു എഎസ്ഐ മർദനം തുടങ്ങിയത്. അയാൾ മദ്യലഹരിയിലായിരുന്നു എന്നതായിരുന്നു മർദിക്കാൻ കാരണം. എന്നാൽ, ഈ യാത്രികൻ മറ്റുള്ളവർക്കു യാതൊരു ബുദ്ധിമുട്ടോ ശല്യമോ ഉണ്ടാക്കാതെ സീറ്റിൽ ഇരിക്കുകയായിരുന്നെന്നു മറ്റു യാത്രക്കാർ പറയുന്നു.

ആദ്യം കരണത്ത് അടിച്ചപ്പോൾത്തന്നെ യാത്രക്കാരൻ കുഴഞ്ഞു താഴേക്കു വീണു. വീണു കിടക്കുന്നയാളെ നെഞ്ചിൽ ബൂട്ടിട്ട് ചവിട്ടി പുറത്തേക്കു തള്ളുന്ന ദൃശ്യങ്ങളാണ് സമീപത്തുണ്ടായിരുന്ന യാത്രക്കാരൻ മൊബൈൽ ഫോണിൽ പകർത്തിയത്. സമീപമുണ്ടായിരുന്ന യാത്രക്കാർ പലരും ഇങ്ങനെ മർദിക്കരുതെന്നു വിലക്കിയതു വകവയ്ക്കാതെയാണ് എഎസ്ഐ മർദനം നടത്തിയതെന്ന് യാത്രക്കാർ ആരോപിക്കുന്നു.

വടകര സ്റ്റേഷനിലെ പ്ലാറ്റ്ഫോമിലേക്കാണ് ചവിട്ടിത്തള്ളിയിട്ടത്. ഇവിടെ പ്ലാറ്റ്ഫോമിൽ വീണു കിടന്ന യാത്രക്കാരനെ പിന്നീട് ആശുപത്രിയിലേക്കു മാറ്റിയെന്നും പറയുന്നുണ്ട്. അതേസമയം, സംഭവം സംബന്ധിച്ച് അന്വേഷണം നടത്തുമെന്നു കണ്ണുർ ജില്ലാ പോലീസ് മേധാവി പ്രതികരിച്ചു. കേരള പോലീസിൽനിന്ന് ഡപ്യൂട്ടേഷനിൽ റെയിൽവേ പോലീസിൽ ജോലി ചെയ്യുന്ന എഎസ്ഐ പ്രമോദ് ആണ് യാത്രക്കാരന്‍റെ മർദിച്ചത്.

കൂടെയൊരു പോലീസുകാരൻ കൂടി ഉണ്ടായിരുന്നെങ്കിലും അദ്ദേഹം ഇതിലൊന്നും പങ്കെടുക്കാതെ നിൽക്കുകയായിരുന്നു. ഇതിനിടെ, മർദനം വിലക്കിയ യാത്രക്കാരോടും എഎസ്ഐ ടിക്കറ്റ് ചോദിച്ചെങ്കിലും അവർ കൊടുക്കാൻ തയാറായില്ല. ടിടിആർ വന്നു ചോദിച്ചാൽ ടിക്കറ്റ് കാണിക്കാമെന്നായിരുന്നു യാത്രക്കാരുടെ പ്രതികരണം.

അതേസമയം, സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നു കണ്ണൂർ ജില്ലാ പോലീസ് ചീഫ് പ്രതികരിച്ചു. ഇതിനിടെ, പോലീസിനെതിരേയും ആഭ്യന്തരവകുപ്പിനെതിരേയും കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ രംഗത്തുവന്നു. കിരാതമായാണ് പോലീസ് പെരുമാറുന്നതെന്നു പ്രതിപക്ഷ നേതാവ് പറഞ്ഞു. പരാതി കൊടുക്കാൻ പോലീസ് സ്റ്റേഷനിൽ പോകാൻ ജനങ്ങൾക്കിപ്പോൾ പേടിയാണെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.
More in Latest News :