+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അന്നു ജനഹിതം മാനിച്ചില്ല, ഇന്നു മുട്ടുവിറച്ചു പിന്മാറ്റം

ന്യൂഡൽഹി: നരേന്ദ്ര മോദി സര്‍ക്കാര്‍ ജനഹിതം മാനിക്കാതെ പാസാക്കിയ വിവാദ കാര്‍ഷിക നിയമങ്ങള്‍ ഒടുവില്‍ ജനവിധി ഭയന്നു പിന്‍വലിക്കേണ്ടി വന്നിരിക്കുന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ ആരംഭിച്ച കര്‍ഷക സമരത്തെ ഒട്ടു
അന്നു ജനഹിതം മാനിച്ചില്ല, ഇന്നു മുട്ടുവിറച്ചു പിന്മാറ്റം
ന്യൂഡൽഹി: നരേന്ദ്ര മോദി സര്‍ക്കാര്‍ ജനഹിതം മാനിക്കാതെ പാസാക്കിയ വിവാദ കാര്‍ഷിക നിയമങ്ങള്‍ ഒടുവില്‍ ജനവിധി ഭയന്നു പിന്‍വലിക്കേണ്ടി വന്നിരിക്കുന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ ആരംഭിച്ച കര്‍ഷക സമരത്തെ ഒട്ടും കണക്കിലെടുക്കേണ്ടന്ന കരുതലില്‍ മുന്നോട്ടു നീങ്ങിയ സര്‍ക്കാരിന് ഒടുവില്‍ കര്‍ഷക രോഷത്തിന്‍റെ മുന്നില്‍ മുട്ടു മടക്കാതെ രക്ഷയില്ലെന്ന അവസ്ഥയിലെത്തി.

കടുംപിടിത്തം വിട്ടു

കാര്‍ഷിക നിയമങ്ങള്‍ ഒരു കാരണവശാലും പിന്‍വലിക്കുന്ന പ്രശ്‌നമേയില്ലെന്നാണ് ഏതാനും ആഴ്ചകള്‍ക്കു മുന്‍പ് പോലും കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ പറഞ്ഞത്. പതിനൊന്നു വട്ടം കര്‍ഷകരുമായി നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷവും വിവാദ നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന പിടിവാശിയില്‍ സര്‍ക്കാര്‍ ഉറച്ചു നിന്നു.

ഒടുവില്‍ ഉത്തര്‍പ്രദേശും പഞ്ചാബും ഉള്‍പ്പടെ അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകളില്‍ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന ഭയത്താല്‍ തന്നെയാണ് സര്‍ക്കാര്‍ ഇപ്പോള്‍ മൂന്നു കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കാന്‍ തയാറായത്.

പശ്ചിമ ബംഗാള്‍ തെരഞ്ഞൈടുപ്പില്‍ രാകേഷ് ടിക്കായത്ത് ഉള്‍പ്പടെ കര്‍ഷക നേതാക്കള്‍ മമതയ്‌ക്കൊപ്പം അണിനിരന്നതോടെ തെരഞ്ഞെടുപ്പില്‍ ബിജെപിപ്പ് വന്‍ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. ഹിമാചല്‍ പ്രദേശില്‍ ഉപതെരഞ്ഞെടുപ്പില്‍ സിറ്റിംഗ് സീറ്റ് നഷ്ടമായ തിരിച്ചടി ഉള്‍പ്പടെ ഏറ്റ പ്രഹരങ്ങളാണ് ഇപ്പോള്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുക എന്ന ഗത്യന്തരമില്ലാത്ത അവസ്ഥയിലേക്കു കേന്ദ്ര സര്‍ക്കാരിനെ കൊണ്ടെത്തിച്ചത്.

ഉത്തര്‍പ്രദേശിലും പഞ്ചാബിലും നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കേ കര്‍ഷക രോഷം അടക്കാതെ മറ്റൊരു വഴിയും മുന്നിലില്ലെന്ന് അവസ്ഥയിലായിരുന്നു ബിജെപി. വിവാദ കാര്‍ഷിക നിയമങ്ങള്‍ പാസാക്കിയതിനു പിന്നാലെ തന്നെ കേന്ദ്രമന്ത്രി സ്ഥാനവും സഖ്യവും ഉപേക്ഷിച്ചു അകന്നു മാറിയ ശിരോമണി അകാലിദളിന്‍റെ കൈ പിടിക്കാതെ ബിജെപിക്ക് പഞ്ചാബില്‍ ഒറ്റയ്‌ക്കൊരു മുന്നേറ്റം സാധ്യമേയല്ല.

യുപിയിലെ തലവേദന

അതേസമയം, പടിഞ്ഞാറന്‍ യുപിയില്‍ വ്യാപകമായ കര്‍ഷക രോഷവും കണക്കിലെടുക്കേണ്ടി വരും. യോഗി ആദിത്യനാഥ് സര്‍ക്കാരിന്‍റെ മുഷ്ടി ചുരുട്ടിയുള്ള ഭരണപാടവും കൊണ്ടു മാത്രം ഉത്തര്‍പ്രദേശില്‍ അടുത്ത തെരഞ്ഞെടുപ്പിനെ നേരിടാന്‍ കഴിയില്ലെന്നും ബിജെപിക്കു നന്നായി അറിയാം.

അതിനിടെയാണ് താക്കൂര്‍ വിഭാഗക്കാരനായ യോഗിയോടു യുപിയിലെ ഭൂരിപക്ഷ ബ്രാഹ്മണ വിഭാഗം ബിജെപിക്കുള്ളില്‍ തന്നെ കടുത്ത എതിര്‍പ്പ് ഉയര്‍ത്തിയതും. അതോടൊപ്പം ഉത്തര്‍പ്രദേശില്‍ കര്‍ഷകര്‍ നടത്തി വന്നതും ഇനി പ്രഖ്യാപിച്ചിരിക്കുന്നതുമായ മഹാപഞ്ചായത്തുകളും ബിജെപിയെ ഭയത്തിന്‍റെ നിഴലില്‍ നിര്‍ത്തുന്നു.

നവംബര്‍ 22ന് കര്‍ഷകര്‍ ലക്‌നൗവില്‍ മഹാപഞ്ചായത്ത് പ്രഖ്യാപിച്ചിരുന്നു. ഈ സമ്മേളനത്തിന് എന്തെങ്കിലും തടസം ഉണ്ടായാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയെയും സംസ്ഥാനത്തു പിന്നെ കാലു കുത്താന്‍ പോലും അനുവദിക്കില്ലെന്ന് ഇന്നലെ രാത്രി കൂടി ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്ത് മുന്നറിയിപ്പു നല്‍കിയിരുന്നു.

ടിക്കായത്തിന്‍റെ മുന്നറിയിപ്പ്

യുപിയില്‍ ബിജെപിയെ തെരഞ്ഞെടുത്തത് ഏറ്റവും വലിയ തെറ്റായിപ്പോയെന്നും താമരയെ സംസ്ഥാനത്തു നിന്നു വേരോടെ പിഴുതെറിയണം എന്നുമാണ് ടിക്കായത്ത് ഇന്നലെ കൂടി ഉത്തര്‍പ്രദേശ് ജനതയോട് ആഹ്വാനം ചെയ്തത്.

താമര ചിഹ്നത്തിനു വോട്ടു കുത്തിയ മഹാ അബദ്ധം ഇനിയൊരിക്കലും യുപി ജനതയ്ക്കു പറ്റരുത് എന്ന് അദ്ദേഹം താക്കീത് നല്‍കിയ രാത്രി ഇരുട്ടി വെളുത്തപ്പോഴേക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചു എന്നത് ഈ അവസരത്തില്‍ ഏറെ ശ്രദ്ധേയം തന്നെ.

അടിച്ചമർത്താനായില്ല

‌ഡല്‍ഹി ചലോ മാര്‍ച്ചിന്‍റെ ഭാഗമായി കര്‍ഷകര്‍ ഡല്‍ഹിയിലേക്കു ഇരച്ചെത്തിയപ്പോള്‍ എങ്ങനെയെങ്കിലും അടിച്ചമര്‍ത്താം എന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്‍റെ പ്രതീക്ഷ. സര്‍ക്കാര്‍ ഒരു സമര സ്ഥലം സ്‌പോര്‍ണര്‍ ചെയ്തതു കര്‍ഷകര്‍ കൈയോടെ നിരാകരിച്ചു. തിരിച്ചടികളുടെ പാഠങ്ങള്‍ അവിടെനിന്നാണ് തുടങ്ങിയത്. പിന്നീട് ഡല്‍ഹി അതിര്‍ത്തികളില്‍ കര്‍ഷകരെ പോലീസിനെ ഉപയോഗിച്ചു തടയാന്‍ നടത്തിയ ശ്രമങ്ങളും പരാജയപ്പെട്ടു.

സിംഗു, തിക്രി, ഗാസിപ്പൂര്‍ അതിര്‍ത്തികളിലേക്കു ദക്ഷിണേന്ത്യയില്‍ നിന്നുള്‍പ്പടെ ആയിരക്കണക്കിനു കര്‍ഷകര്‍ ഒഴുകിയെത്തി. മാസങ്ങളോളും, വേണ്ടി വന്നാല്‍ വര്‍ഷങ്ങളോളം ഈ അതിര്‍ത്തികളില്‍ തമ്പടിച്ചു സമരം ചെയ്യാനുള്ള സന്നാഹവും സജ്ജീകരണങ്ങളും തങ്ങളുടെ പക്കലുണ്ടെന്നു കര്‍ഷകര്‍ സധൈര്യം പ്രഖ്യാപിച്ചു.

നാല്‍പതോളം കര്‍ഷക സംഘടനകളെ അണിനിരത്തി സംയുക്ത കിസാന്‍ മോര്‍ച്ച അമരത്തു നിന്നു നയിച്ച സമരത്തെ ചര്‍ച്ചകളിലൂടെ വരുതിയിലാക്കാനും സര്‍ക്കാര്‍ ശ്രമിച്ചു. കൃഷിമന്ത്രിയല്ലാതെ മറ്റൊരു മന്ത്രിയുമായും ചര്‍ച്ചയ്ക്കില്ലെന്ന നിലപാടില്‍ കര്‍ഷകര്‍ ഉറച്ചുനിന്നു.

ചര്‍ച്ചയ്‌ക്കെത്തിയ കര്‍ഷകര്‍ സര്‍ക്കാര്‍ നല്‍കിയ ചായ പോലും കുടിക്കാതെ സമര സ്ഥലത്ത് നിന്നു പാകം ചെയ്തു കൊണ്ടുവന്ന ഭക്ഷണം ഡല്‍ഹി വിജ്ഞാന്‍ ഭവന്‍റെ നിലത്തിരുന്ന് കഴിച്ചതോടെ മുട്ടുമടക്കാനില്ലെന്നു ശക്തമായ സന്ദേശം സര്‍ക്കാരിനു നല്‍കി.

ചർച്ച പതിനൊന്നു വട്ടം

പതിനൊന്നു വട്ടചര്‍ച്ചകളിലും സര്‍ക്കാരിന്‍റെ അനുനയ ശ്രമങ്ങളില്‍നിന്നു കര്‍ഷകര്‍ ശക്തമായി മുഖം തിരിച്ചു നിന്നു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ ഒരു തരിപോലും തങ്ങള്‍ പിന്നോട്ടില്ലെന്ന് അവര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി. സര്‍ക്കാര്‍ രേഖാമൂലം എഴുതിയ നല്‍കിയ ഭേദഗതി നിര്‍ദേശങ്ങള്‍ ശൈത്യകാല ഉത്സവ രാത്രിയില്‍ കൂട്ടിയിട്ടു കത്തിച്ചു.

അമിത് ഷായും തോറ്റു

അതിനിടെ, ഒരിക്കല്‍ ബിജെപിയുടെ ചാണക്യന്‍ എന്ന് അണികള്‍ വിശേഷിപ്പിക്കുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ നേരിട്ട് ഇടപെട്ടു ചര്‍ച്ച നടത്തി പ്രശ്‌നങ്ങള്‍ ഒതുക്കാനുള്ള ശ്രമങ്ങളും അമ്പേ പരാജയപ്പെട്ടു.

കര്‍ഷക സമരത്തിനെതിരേയും സര്‍ക്കാര്‍ പാസാക്കിയെ കാര്‍ഷിക നിയമങ്ങളെ അനുകൂലിച്ചു വീടുകള്‍ തോറും കയറിയിറങ്ങി പ്രചാരം നടത്തണമെന്നായിരുന്നു യുപിയില്‍ ബിജെപി നല്‍കിയ നിര്‍ദേശം.

എന്നാല്‍, ഹരിയാനയില്‍ ഉള്‍പ്പടെ ബിജെപി നേതാക്കളെ പൊതു പരിപാടിയില്‍ പങ്കെടുക്കാന്‍ പോലും അനുവദിക്കാതെ കര്‍ഷകര്‍ പ്രതിരോധിച്ചു. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലിക്കിടെ ഉണ്ടായ സംഘര്‍ഷത്തിന്‍റെ പേരില്‍ സമരത്തെ അടിച്ചമര്‍ത്താനുള്ള സര്‍ക്കാരിന്‍റെ നീക്കവും പരാജയപ്പെട്ടു.

വണ്ടി കയറ്റിയ ദുരന്തം

‌ഒടുവില്‍ യുപിയിലെ ലഖിംപൂര്‍ ഖേരിയില്‍ നാലു കര്‍ഷകര്‍ ഉള്‍പ്പടെ എട്ടു പേരുടെ മരണത്തിനിടയാക്കിയ സംഭവത്തോടെ സര്‍ക്കാരിനു നിവൃത്തിയില്ലാതായി. കർഷകർക്കിടയിലേക്കു വാഹനം ഇടിച്ചുകയറ്റിയ സംഭവം ദേശീയ തലത്തിൽ തന്നെ വലിയ വാർത്തയായി.

കേസില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ്കുമാര്‍ മിശ്രയുടെ മകന്‍ ആശിഷ് മിശ്രയുടെ മകന്‍ മുഖ്യപ്രതിസ്ഥാനത്താണ്. അന്വേഷണത്തില്‍ യുപി സര്‍ക്കാരിന്‍റെ നടപടികളെ അതിരൂക്ഷമായി വിമര്‍ശിച്ച സുപ്രീംകോടതി മേല്‍നോട്ടത്തിന് ഹൈക്കോടതി ജഡ്ജിയെ നിയമിച്ചിരിക്കുകയാണ്.

ഇനിയും കര്‍ഷകരെ പ്രതിരോധിച്ചു നിന്നാല്‍ 2014ല്‍ 72 സീറ്റുകള്‍ വെള്ളിത്താലത്തില്‍ എന്ന പോലെ ബിജെപിക്ക് വെച്ചു നീട്ടിയാണ് ഉത്തര്‍പ്രദേശ് നരേന്ദ്ര മോദിയെ ആദ്യമായി പ്രധാനമന്ത്രി പദത്തിലേക്കെത്തിക്കാന്‍ നിര്‍ണായക പങ്ക് വഹിച്ചത്.

ഇനിയും പിടിവാശിയില്‍ ഉറച്ചു നിന്നാല്‍ യുപി അടക്കം കൈ വിട്ടു പോയേക്കാമെന്ന ഭയം തന്നെയാണ് ഇപ്പോള്‍ കാര്‍ഷിക നിയമങ്ങള്‍ കണ്ണടച്ചു പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്നു നിസംശയം പറയാം.

പഞ്ചാബില്‍ കോണ്‍ഗ്രസിനോട് ഇടഞ്ഞു പുതിയ പാര്‍ട്ടി ഉണ്ടാക്കി തെരഞ്ഞെടുപ്പിനൊരുങ്ങി നില്‍ക്കുന്ന അമരീന്ദര്‍ സിംഗും കാര്‍ഷിക നിമയങ്ങള്‍ പിന്‍വലിക്കാതെ ബിജെപിക്കൊപ്പം നില്‍ക്കില്ലെന്ന നിലപാടിലായിരുന്നു. അതിനിടെയാണ് പാളയത്തില്‍നിന്നു പടയെന്ന പോലെ വരുണ്‍ ഗാന്ധിയും മേഘാലയ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കും രംഗത്തെത്തിയതും ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനും കനത്ത വെല്ലുവിളിയായി.

ഇലക്ഷൻ മോഹങ്ങൾ

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തില്‍ ജയിക്കുക എന്നത് 2024 ലോക്‌സഭ തെരഞ്ഞെടുപ്പിലേക്കുള്ള ബിജെപിയുടെ യാത്രയുടെ തുടക്കം കൂടിയാണ്. യുപിയില്‍ ഒരടിയെങ്കിലും പിന്നോട്ടു പോയാല്‍ അതു ദേശീയ തലത്തില്‍ തന്നെ വലിയ തിരച്ചടികളുടെ തുടക്കമാകുമെന്ന തിരിച്ചറിവും കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള തീരുമാനത്തിനു പിന്നിലുണ്ട്.

ഉത്തരേന്ത്യയിലെ കടുത്ത രണ്ടു മഞ്ഞുകാലങ്ങളെയും ഒരു കൊടിയ വേനലിനെയും അതിലപ്പുറം കോവിഡ് പ്രതിസന്ധിയേയും മറികടന്നു കര്‍ഷകര്‍ മുന്നോട്ടു നയിച്ച സമരം ആണ് ഇപ്പോള്‍ വിജയത്തിലെത്തിയിരിക്കുന്നത്. കര്‍ഷക സമരം ആരംഭിച്ചതിനു ശേഷം ഇതുവരെ 600ല്‍ അധികം കര്‍ഷകരാണ് സമരത്തിനിടെ മരിച്ചത്. ഈ വിജയം ആ രക്തസാക്ഷികളുടെ ഓര്‍മകള്‍ക്ക് മുന്നില്‍ എന്നും ജ്വലിച്ചു നില്‍ക്കാനുള്ളതാണ്.

- സെബി മാത്യു
More in Latest News :