കൊച്ചി: റോഡ് സുരക്ഷ ഉറപ്പാക്കാന്‍ ഹൈക്കോടതി നല്കിയ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കി സര്‍ക്കാര്‍ സത്യവാങ്മൂലം നല്കാന് സിംഗിള്‍ ബെഞ്ച് നിര്‍ദേശം നല്കി. ചരക്കു വാഹനങ്ങളില്‍ അമിതഭാരം കയറ്റുന്നവര്‍ക്കെതിരെ നടപടി വേണമെന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി 2019 ജൂലൈ 29 ന് ഹൈക്കോടതി ഒരു ഉത്തരവു നല്‍കിയിരുന്നു. ഇതു പാലിക്കപ്പെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കേരള ട്രക്ക് ഓണേഴ്സ് അസോസിയേഷന് പ്രസിഡന്റ് കെ.എ. അനൂപ് നല്കിയ കോടതിയലക്ഷ്യ ഹര്‍ജിയില്‍ ജസ്റ്റീസ് അനില്‍ കെ. നരേന്ദ്രനാണ് നിര്‍ദേശം നല്‍കിയത്.