+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അങ്ങനെ അവരൊന്നിച്ചു! ചെന്നിത്തലയെ കലവറയില്ലാതെ പുകഴ്ത്തി കെ.സി.ജോസഫ്

കോട്ടയം: ഡിസിസി പ്രസിഡന്‍റുമാരുടെ പട്ടിക പ്രഖ്യാപനത്തോടെ തഴയപ്പെട്ടെന്നു കരുതുന്ന കോൺഗ്രസിലെ പ്രബലമായ എ, ഐ ഗ്രൂപ്പുകൾ ഒന്നിച്ചതിന്‍റെ നേർക്കാഴ്ചയായി കോട്ടയം സമ്മേളനം. കോട്ടയത്തു നാട്ടകം സുരേഷ് ഡിസിസി
അങ്ങനെ അവരൊന്നിച്ചു! ചെന്നിത്തലയെ കലവറയില്ലാതെ പുകഴ്ത്തി കെ.സി.ജോസഫ്
കോട്ടയം: ഡിസിസി പ്രസിഡന്‍റുമാരുടെ പട്ടിക പ്രഖ്യാപനത്തോടെ തഴയപ്പെട്ടെന്നു കരുതുന്ന കോൺഗ്രസിലെ പ്രബലമായ എ, ഐ ഗ്രൂപ്പുകൾ ഒന്നിച്ചതിന്‍റെ നേർക്കാഴ്ചയായി കോട്ടയം സമ്മേളനം. കോട്ടയത്തു നാട്ടകം സുരേഷ് ഡിസിസി പ്രസിഡന്‍റ് ആയി ചുമതലയേറ്റ ചടങ്ങിലാണ് എ,ഐ ഗ്രൂപ്പുകൾ ഒറ്റക്കെട്ടായി ഇപ്പോഴത്തെ നേതൃത്വത്തിനെതിരേ പരോക്ഷമായി തിരിഞ്ഞത്.

രമേശിനു പുകഴ്ത്തൽ

എ ഗ്രൂപ്പിന്‍റെ എതിർ ചേരിയിലായിരുന്ന രമേശ് ചെന്നിത്തലയെ കലവറയില്ലാതെ പുകഴ്ത്തുന്ന എ ഗ്രൂപ്പ് നേതാക്കളെയാണ് ഇന്നു കോട്ടയത്തു കണ്ടത്. രമേശ് ചെന്നിത്തലയെ അടിമുടി പുകഴ്ത്തിയായിരുന്നു എ ഗ്രൂപ്പിന്‍റെ ശക്തനായ വക്താവും ഉമ്മൻ ചാണ്ടിയുടെ വലംകൈയുമായ കെ.സി.ജോസഫിന്‍റെ പ്രസംഗം.

രമേശ് ചെന്നിത്തലയുടെ പ്രകടനമാണ് കഴിഞ്ഞ പിണറായി സർക്കാരിനെ മുൾമുനയിൽ നിർത്തിയതെന്നു രമേശ് ചെന്നിത്തലയെ വേദിയിലിരുത്തി അദ്ദേഹം പറഞ്ഞു. സമർഥമായിട്ടാണ് ചെന്നിത്തല കോൺഗ്രസിനെ നയിച്ചത്. പാർട്ടിക്കു വേണ്ടി നിയമസഭയിലും പുറത്തും ത്യാഗപൂർണമായ പ്രവർത്തനം നടത്തിയിട്ടും ഇലക്ഷൻ ഫലം പുറത്തുവന്ന മേയ് രണ്ടിനു ശേഷം അദ്ദേഹം പാർട്ടിയിൽ ഒന്നുമല്ലാതായി മാറിയ സ്ഥിതിയാണെന്നും കെ.സി. കുറ്റപ്പെടുത്തി.

പുതിയ നേതൃത്വത്തിന്‍റെ നീക്കങ്ങൾക്കെതിരേ ഇനി തങ്ങൾ ഒറ്റക്കെട്ടായിരിക്കും എന്നതിന്‍റെ വിളംബരം കൂടിയായിരുന്നു ഇന്നു കോട്ടയത്തു നടന്ന സമ്മേളനം. ഇനിയും ചേരിതിരിഞ്ഞു നിന്നു വിലപേശിയാൽ നിലനിൽപ്പില്ല എന്നു കണ്ടാണ് നേതൃത്വത്തിനെതിരേ ഒന്നിച്ചുനിന്നു പോരാടാൻ ഇരുപക്ഷവും തയാറെടുത്തത്.

ഹൈക്കമാൻഡും കെ.സുധാകരന്‍റെയും വി.ഡി.സതീശന്‍റെയും നേതൃത്വത്തിലുള്ള പുതിയ സംസ്ഥാന നേതൃത്വവും ഗ്രൂപ്പ് മേധാവിത്വത്തിനെതിരേ ശക്തമായ നിലപാട് എടുത്തതോടെയാണ് എ, ഐ ഗ്രൂപ്പുകളുടെ അടിത്തറ ഇളകിത്തുടങ്ങിയത്.

എന്നും വീതം വയ്പ്

ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള എ ഗ്രൂപ്പും രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള ഐ ഗ്രൂപ്പും ചേരിതിരിഞ്ഞാണ് പ്രവർത്തനമെങ്കിലും സ്ഥാനമാനങ്ങൾ തീരുമാനിക്കുന്നത് അടക്കമുള്ള കാര്യങ്ങളിൽ പരസ്പരം ധാരണയിൽ എത്തുമായിരുന്നു.

ഇതുകൊണ്ട് തന്നെ കോൺഗ്രസിലെ ബഹുഭൂരിപക്ഷം നേതാക്കളും അണികളും ഈ രണ്ടു ഗ്രൂപ്പുകളിൽ ഏതിനോടെങ്കിലും ആഭിമുഖ്യം പുലർത്തുന്നവരായിരുന്നു. സ്ഥാനമാനങ്ങളും പദവികളുമെല്ലാം ഈ ഗ്രൂപ്പ് നേതാക്കൾ വീതംവച്ച് എടുക്കുന്നതായിരുന്നു നിലവിലെ രീതി.

വലിയ തർക്കങ്ങളും വിയോജിപ്പുകളും ഉണ്ടാകുന്ന സാഹചര്യങ്ങളിൽപോലും ഇക്കാര്യങ്ങളിൽ അവർ ധാരണയിൽ എത്തി പാർട്ടിയെ തങ്ങളുടെ പിടിയിൽ നിർത്തുമായിരുന്നു. പ്രതിപക്ഷ നേതാവായി രമേശ ചെന്നിത്തല തുടരട്ടെയെന്നു എ ഗ്രൂപ്പ് തന്നെ നിർദേശിച്ചതു പാർട്ടിയെ തങ്ങളുടെ ഗ്രൂപ്പുകളുടെ കൈപ്പിടിയിൽത്തന്നെ നിർത്താനായിരുന്നു. എന്നാൽ, പുതിയ സംസ്ഥാന നേതൃത്വത്തെ പ്രഖ്യാപിച്ചപ്പോഴും ഡിസിസി പ്രസിഡന്‍റ്മാരുടെ പട്ടിക പ്രഖ്യാപനത്തിലും ഈ പതിവ് തെറ്റി.

അടിതെറ്റിച്ച ഇലക്ഷൻ

സംസ്ഥാന പ്രസിഡന്‍റ് ആയി കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും വന്നതു ഗ്രൂപ്പുകളുടെ താത്പര്യത്തിനു വിരുദ്ധമായിട്ടായിരുന്നു. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും കനത്ത തിരിച്ചടി നേരിട്ടതാണ് ഗ്രൂപ്പ് നേതാക്കളുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചത്. ഇതോടെ ഗ്രൂപ്പിന് അതീതമായി ചിന്തിക്കുന്ന ഒരു വിഭാഗം ഉയർന്നുവന്നു.

ഗ്രൂപ്പുകളികളാണ് പാർട്ടിയെ തകർക്കുന്നതെന്ന വികാരവും ശക്തമായി. ഹൈക്കമാൻഡും ഇതിനോടു യോജിച്ചതോടെയാണ് ഗ്രൂപ്പുകളുടെ കഷ്ടകാലം തുടങ്ങിയത്. സംസ്ഥാന നേതാക്കളെ തീരുമാനിച്ചപ്പോൾ പുകഞ്ഞുതുടങ്ങിയ പ്രതിഷേധമാണ് ഡിസിസി പ്രസിഡന്‍റ്മാരുടെ പ്രഖ്യാപനത്തോടെ പൊട്ടിത്തെറിയിൽ എത്തിയത്. കഴിഞ്ഞ ദിവസത്തെ വെടിനിർത്തലോടെ കാര്യങ്ങളൊക്കെ ശാന്തമായി എന്നു കരുതിയതിനിടെയാണ് ഇന്നു ശക്തമായ മുന്നറിയിപ്പ് നൽകി ഗ്രൂപ്പുകൾ കൈകോർത്തത്.

തുറന്ന പോര്

ഇനിയും മിണ്ടാതിരുന്നാൽ കൂടെ നിൽക്കുന്ന അവശേഷിക്കുന്ന അണികൾകൂടി ഗ്രൂപ്പ് വിട്ടുപോകുമെന്ന ആശങ്കയിലാണ് തുറന്നപോരിനു മുതിർന്ന നേതാക്കൾ തന്നെ രംഗത്തുവന്നിരിക്കുന്നതെന്നാണ് സൂചന. എന്നാൽ, മുൻകാലങ്ങളിൽ ലഭിച്ചിരുന്നത്രയും പിന്തുണ ഇപ്പോൾ ഗ്രൗണ്ടിൽ ഇല്ല എന്നതാണ് ഗ്രൂപ്പു നേതാക്കളെ വിഷമിപ്പിക്കുന്നത്.

സജീവ ഗ്രൂപ്പ് പോരാളികൾ ആയിരുന്നവർ പോലും നിഷ്പക്ഷരായി മാറിയതും യുവജന വിഭാഗം ഗ്രൂപ്പുകളികളോടു വിയോജിപ്പ് പ്രകടിപ്പിക്കുന്നതും ഗ്രൂപ്പ് മാനേജർമാർക്കു വലിയ വെല്ലുവിളിയാണ്.
More in Latest News :