ഷിനു ആനത്താരയ്ക്കൽ
ഹാജർപുസ്തകവുമായി മറ്റൊരു ജൂൺ കൂടി. പൂർണമായി അടച്ചിട്ട രണ്ടു വർഷത്തിനുശേഷം വിദ്യാലയങ്ങൾ തുറന്ന കഴിഞ്ഞ വർഷമാകട്ടെ കോവിഡ് മഹാമാരിയുടെ ഭീഷണി ശക്തവുമായിരുന്നു. നിയന്ത്രണങ്ങൾക്കിടയിലും ക്ലാസ് റൂം പ്രവർത്തനങ്ങളിലേക്കിറങ്ങിച്ചെല്ലാനും ശരിയായവിധത്തിലുള്ള പഠനാനുഭവങ്ങൾ നേടിയെടുക്കാനും ഒട്ടനവധി കൂട്ടികൾ പ്രയാസപ്പെട്ടിരുന്നു. മുൻ ക്ലാസുകളിലെ പാഠഭാഗങ്ങൾ വേണ്ടവിധത്തിൽ ഗ്രഹിച്ചെടുക്കാതെ എത്തിച്ചേർന്ന കുട്ടികൾ അധ്യാപകരുടെ ജോലിയും കഠിനമാക്കി.
ഏതാണ്ട് പൂർണമായ വിധത്തിൽ ക്ലാസുകൾ നടത്തപ്പെട്ടുവെങ്കിലും പരിമിതികളും പരാധീനതകളും അവശേഷിപ്പിച്ചുകൊണ്ടാണ് കഴിഞ്ഞ അധ്യയനവർഷം സമാപിച്ചത്. അന്നത്തെ പല വെല്ലുവിളികളും നിലനില്ക്കെ പുതിയ അധ്യയനവർഷത്തിലേക്കു കടക്കുമ്പോൾ കുട്ടികളും അധ്യാപകരും പൊതുസമൂഹവുമൊക്കെ കൂടുതൽ ശ്രദ്ധാലുക്കളാകേണ്ടിയിരിക്കുന്നു.
കുട്ടികൾ ‘വിദ്യാർഥികൾ’ ആകുന്നില്ല
വിദ്യ ‘അർഥിക്കുന്നവർ’ ആണല്ലോ വിദ്യാർഥികൾ. ജ്ഞാനസമ്പാദനം പ്രധാന ലക്ഷ്യമായി കാണുന്ന ജീവിതഘട്ടം! നിർഭാഗ്യവശാൽ കഴിഞ്ഞവർഷത്തെ ക്ലാസുകളിലെ ഒരുപാടുപേർ വിദ്യാർഥികളാകാതെ കുട്ടികളായി തുടർന്നുവെന്നതാണ് യാഥാർത്ഥ്യം. എന്തെങ്കിലും അറിവ് നേടുന്നതിനേക്കാൾ അറിവ് വിളമ്പുന്നതിലായിരുന്നു താത്പര്യം. “എല്ലാം എനിക്കറിയാം അല്ലെങ്കിൽ കൂടുതൽ പഠിച്ചിട്ടെന്തു കാര്യം... ” തുടങ്ങിയ ചോദ്യങ്ങളുടെ വക്താക്കൾ!
അതായത്, ശരിയായ വിധത്തിൽ പഠനപ്രവർത്തനങ്ങളിലേർപ്പെടാതെ, ആരോഗ്യ / ഭക്ഷണകാര്യങ്ങളിലൊക്കെ അശ്രദ്ധ പുലർത്തിയ കുട്ടികൾ. അവരുടെ ആശങ്കകൾക്കും തിരിച്ചറിവില്ലായ്മയ്ക്കുമൊക്കെ പരിഹാരം കണ്ടെത്തുകയും കൂടെ നിൽക്കുകയും ചെയ്യേണ്ട ഘട്ടമാണിതെന്നത് മറക്കരുത്.
അധ്യാപകൻ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോഴും അശ്രദ്ധരും അലസരുമായിരുന്ന കുട്ടികൾ കഴിഞ്ഞവർഷത്തെ പൊതുകാഴ്ചയായിരുന്നു. എന്തിനേറെ ഒരു പീരിയഡ് സ്വസ്ഥമായിരിക്കാൻ പോലും മുതിർന്ന ക്ലാസിലെ കുട്ടികൾക്കു ബുദ്ധിമുട്ടായിരുന്നു. വഴക്കടിക്കാനും കായികമായി ഏറ്റുമുട്ടാനും അധ്യാപകരോട് മല്ലിടാനുമൊക്കെ കോവിഡിനുശേഷം സ്കൂളിലെത്തിയ കുട്ടികൾക്കു മടിയില്ല.
പഠനപ്രവർത്തനങ്ങളിലാകട്ടെ ഏറ്റവും കുറച്ചു സമയം മാത്രം ചെലവഴിക്കാനാണ് കുട്ടികൾ താത്പര്യപ്പെട്ടത്. പരീക്ഷയ്ക്ക് എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതാൻ പോലും പലരും മെനക്കെട്ടില്ല. “പഠിക്കുന്നതൊന്നും ഓർമയിൽ നിൽക്കുന്നില്ല” എന്നു പരിതപിച്ച കുട്ടികളും കുറവല്ല.
കുട്ടികളും രക്ഷിതാക്കളുമാകട്ടെ, മിക്കയിടത്തും ഏറ്റുമുട്ടലോ കീഴടങ്ങലോ ആണുണ്ടായത്. ചെറിയ വഴക്കിൽ തുടങ്ങി പൊട്ടിത്തെറിക്കുകയും തല്ലിത്തകർക്കുകയും ചെയ്ത കുട്ടികളെ ഭയന്ന് അവരുടെ ഇഷ്ടത്തിനു മാത്രം വിട്ട രക്ഷിതാക്കളുമുണ്ട്. ഞങ്ങൾക്കെന്തു ചെയ്യാൻ കഴിയുമെന്ന ദയനീയ ചോദ്യവും!
ദിനചര്യയാകട്ടെ, താമസിച്ചുറങ്ങി വളരെ വൈകി മാത്രം ഉണരുന്ന രീതി പൊതുവെ കാണാമായിരുന്നു. ഫലമോ, സ്കൂളിൽ സ്ഥിരമായി താമസിച്ചെത്തിയിരുന്ന കുട്ടികളുടെ എണ്ണം വല്ലാതെ കൂടി. ഈയൊരു അലസതയും അശാസ്ത്രീയതയും കൂടിച്ചേർന്നപ്പോൾ പല ക്ലാസുകളും പ്രശ്നബാധിതമായിത്തീർന്നുവെന്നതാണ് വസ്തുത.
എവിടെയാണ് പിഴച്ചത്? എന്താണു പരിഹാരം?
ഈയൊരു ചോദ്യത്തിന് ഉത്തരം തേടുന്നതിനുമുമ്പ് കുട്ടികൾക്കുണ്ടായ മാറ്റങ്ങൾ ഉൾക്കൊള്ളണം. ഇന്നത്തെ രക്ഷിതാക്കളുടെ തലമുറയ്ക്ക് അറിവ് നേടാൻ സ്കൂളും അധ്യാപകരും മാത്രമാണുണ്ടായിരുന്നത്. കുറച്ചുകൂടി അഭിവാഞ്ഛ പ്രകടിപ്പിച്ചവർ നാട്ടിൻപുറങ്ങളിലെ ലൈബ്രറികൾ വരെ ഉപയോഗപ്പെടുത്തി. എന്നാലിന്ന് വിവരം വിരൽത്തുമ്പിലായിരിക്കുന്നു. ഇന്നത്തെ കുട്ടികൾക്കറിവില്ലാത്ത മേഖലകളുണ്ടോ? അവർ ചർച്ച ചെയ്യാത്ത വിഷയങ്ങളുണ്ടോ? പഠനത്തിന്റെ പേരു പറഞ്ഞ് മൊബൈൽ ഫോണും ഇന്റർനെറ്റുമൊക്കെ സർവസ്വാതന്ത്ര്യത്തിലും ലഭ്യമായത് കുട്ടിയുടെ സാധ്യതയെ ഒട്ടൊന്നുമല്ല ഉയർത്തിയത്. അറിവ് നേടാനും പങ്കുവയ്ക്കാനും സാമൂഹ്യസമ്പർക്ക മാധ്യമങ്ങൾ വഴി ബന്ധങ്ങൾ വളർത്തിയെടുക്കാനും വേണ്ടിവന്നാൽ ‘പണി’ കൊടുക്കാനും ഇന്നത്തെ കൊച്ചുകുട്ടികൾക്കുപോലും സാധിക്കുമെന്നായിരിക്കുന്നു.
അതായത്, തിരിച്ചെടുക്കാൻ സാധിക്കാത്തവിധം കുട്ടിയുടെ മനസിനെ സ്വാധീനിക്കാൻ ഫോൺ/ഇന്റർനെറ്റിനു കഴിഞ്ഞിരിക്കുന്നു. ഓൺലൈൻ ഗെയിമുകൾക്കും മറ്റും അഡിക്ടായിത്തീർന്ന ധാരാളം കുട്ടികളുമുണ്ട്. പിന്നെങ്ങനെ സമയത്തിനു ഭക്ഷണം കഴിക്കും... ഉറങ്ങും... പഠിക്കും?
കുട്ടികളെ മുതിർന്നവർ ചേർത്തുപിടിക്കണം
മുകളിൽ പറഞ്ഞതുപോലുള്ള പോരായ്മകൾ ഒരുപാടുണ്ടെങ്കിലും കുട്ടികളെ മുതിർന്നവർ ചേർത്തുപിടിക്കണം. സ്വസ്ഥമായ, ഗുണകരമായ സ്കൂൾവർഷം ലഭിക്കുന്നതിനായി രക്ഷിതാക്കൾക്ക് ഏറെ ചെയ്യാനുണ്ട്.
►മൊബൈൽ ഫോൺ / നെറ്റുപയോഗം എന്നിവയ്ക്ക് നിശ്ചിത സമയക്രമം പാലിക്കണം . രാത്രി നിശ്ചിതസമയം കഴിഞ്ഞാൽ ഒരു കാരണവശാലും കുട്ടിയുടെ കൈയിൽ ഫോൺ കൊടുക്കേണ്ടതില്ല. മൊബൈൽ ഫോണിന്റെ തുടരുപയോഗം വരുത്തിവയ്ക്കുന്ന അപകടങ്ങളെക്കുറിച്ച് - ഫോൺ പൊട്ടിത്തെറിക്കുന്നതുപോലുള്ള ഉദാഹരണങ്ങളുൾപ്പെടെ - കുട്ടികളുമായി ചർച്ച ചെയ്യാം. അതുവഴി ഒരു ‘ഫോൺ സാക്ഷരത’ യും അച്ചടക്കവും കുട്ടിയുടെ മനസിൽ രൂപപ്പെടുത്തുകയാണു വേണ്ടത്.
►ഏതു ക്ലാസിൽ പഠിക്കുന്ന കുട്ടിയായാലും പഠനമെന്ന ഒറ്റ പ്രക്രിയയിലേക്ക് മാത്രമൊതുക്കരുത്. കായികമായി ചെയ്യേണ്ട ദൈനംദിന ജോലികൾ - സ്വന്തം വസ്ത്രങ്ങൾ വൃത്തിയാക്കൽ, അടുക്കളജോലികളിൽ സഹായിക്കൽ - ഉൾപ്പെടെ സമയം കണ്ടെത്താൻ അവരെ നിർബന്ധിക്കണം.
►വ്യായാമത്തിന്റെയും നടത്തത്തിന്റെയുമൊക്കെ പ്രാധാന്യം കുട്ടികളെ ഓർമിപ്പിക്കണം. കുട്ടികളിൽ ടൈപ്പ്-2 പ്രമേഹവും പൊണ്ണത്തടിയുമൊക്കെ വർധിച്ചുവരുന്നുവെന്ന റിപ്പോർട്ടുകൾ പ്രത്യേകം ശ്രദ്ധിക്കുക.
►അധ്യാപകരുടെ നിർദേശങ്ങൾ/സ്കൂൾ നിയമങ്ങൾ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് രക്ഷിതാക്കളും അന്വേഷിക്കണം. അവ പാലിക്കാൻ കുട്ടിയെ നിർബന്ധിക്കുകയും വേണം. അതുപോലെതന്നെ കാലാകാലങ്ങളിൽ സർക്കാർ പുറപ്പെടുവിക്കുന്ന ഉത്തരവുകളും രക്ഷിതാക്കൾ ശ്രദ്ധിക്കണം. ഉദാഹരണമായി കുട്ടി സ്കൂളിൽ ഫോൺ കൊണ്ടുവരരുത് എന്ന സർക്കാർ നിർദേശത്തിനു വിരുദ്ധമായി ഫോൺ കൊണ്ടു വന്ന കുട്ടിയെ പിടികൂടുന്ന അധ്യാപകനെ വില്ലനായി ചിത്രീകരിക്കപ്പെടുന്നത് ശരിയാണോ?
►അധ്യാപകരുമായി രക്ഷിതാക്കൾ നിരന്തരം സമ്പർക്കത്തിലേർപ്പെടേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. ലഹരി, പ്രണയം പോലുള്ള അനേകം ചതിക്കുഴികളെക്കുറിച്ച് ഏറ്റവുമാദ്യം അറിവ് ലഭിക്കാനുള്ള സാധ്യത അധ്യാപകർക്കാണ്. അവർ പങ്കുവയ്ക്കുന്ന ബോധ്യങ്ങളോ സംശയങ്ങളോ ഒക്കെ സമചിത്തതയോടെ ഉൾക്കൊള്ളേണ്ടത് രക്ഷിതാക്കളുടെ കടമയാണ്. എന്റെ കുട്ടി അത്തരക്കാരനല്ല എന്ന മുൻവിധിക്ക് ഇവിടെ എന്തു പ്രസക്തിയാണുള്ളത്?
►അധ്യാപകരെയും വൈദികരെയും മറ്റ് മുതിർന്നവരെയുമൊക്കെ കുട്ടികളുടെ സാന്നിധ്യത്തിൽ വിമർശിക്കുന്നത് നല്ലതാണോയെന്ന് രക്ഷിതാക്കളാണു ചിന്തിക്കേണ്ടത്. പരസ്പരബഹുമാനവും ആദരവുമൊക്കെ കുട്ടികളുടെ മനസിൽ രൂപപ്പെടുത്തിയെടുക്കുന്നതിൽ മാതാപിതാക്കൾക്ക് വലിയ പങ്കുണ്ടെന്ന് ഓർമിക്കുക.
►ഷോപ്പിംഗ് പോലുള്ള വീട്ടിലെ ആവശ്യങ്ങൾ സാധിക്കുന്നതിന് കുട്ടികളെയും ഉപയോഗപ്പെടുത്തുക. കുട്ടി കടയിൽ പോയി സാധനം വാങ്ങിയാലെന്താണു കുഴപ്പം? പ്രത്യേകിച്ച് നാട്ടിൻപുറങ്ങളിലെ കടകളിലെത്തുകവഴി കുട്ടികൾക്കിടയിൽ കുറഞ്ഞുവരുന്ന സാമൂഹ്യവത്കരണം എന്ന ഏറ്റവും പ്രധാനപ്പെട്ട കടമ നിർവഹിക്കപ്പെടും. (എന്നിരുന്നാലും കുട്ടി നടത്തുന്ന പണമിടപാടുകളെക്കുറിച്ച് രക്ഷിതാവിന് നല്ല ബോധ്യമുണ്ടായിരിക്കണം; ആ വിവരം കുട്ടിക്കും മനസി ലാകണം.)
►തന്റെ കുട്ടി ദൈനംദിനം യാത്ര ചെയ്യുന്ന വഴികളെക്കുറിച്ചും സംഭവിക്കാവുന്ന പ്രതിസന്ധികളെക്കുറിച്ചും രക്ഷിതാക്കൾക്ക് നല്ല ബോധ്യമുണ്ടായിരിക്കണം. അവരുടെ കൂട്ടുകാരെക്കുറിച്ചും സ്വഭാവശൈലിയുമൊക്കെ മനസിലാക്കിയിരിക്കുന്നതു നല്ലതാണ്. കുട്ടിയുടെ ഏറ്റവുമടുത്ത സുഹൃത്തിന്റെ മാതാപിതാക്കളുമായി സൗഹൃദം സ്ഥാപിക്കുന്നതും ഉചിതമായിരിക്കും.
►തന്റെ കുട്ടി പ്രതിസന്ധിയിലാണെന്നു തിരിച്ചറിയുന്ന നിമിഷം ബന്ധപ്പെട്ട അധികാരികളെ വിവരം അറിയിക്കാൻ രക്ഷിതാക്കൾ മടിക്കരുത്. കാരണം കുട്ടിയുടെ ഭാവിയും ജീവിതവും രക്ഷിതാവിന്റെ അഭിമാനബോധത്തേക്കാൾ വലുതാണെന്നതു തന്നെ !