സമീക്ഷ നാഷണൽ പ്രസിഡന്റ് ശ്രീകുമാർ ഉള്ളപ്പിള്ളിൽ പാതക ഉയർത്തി തുടങ്ങിയ സമ്മേളനത്തിൽ വിവിധ ബ്രാഞ്ചുകളിൽ നിന്നായി 125 പ്രതിനിധികൾ പങ്കെടുത്തു.
ശ്രീകുമാർ ഉള്ളപ്പിള്ളിൽ അധ്യക്ഷത വഹിച്ച് സമ്മേളനത്തിൽ ദേശീയ സെക്രട്ടറി ദിനേശ് വെള്ളാപ്പളളി സ്വാഗതപ്രസംഗം നടത്തി. മത-രാഷ്ട്രീയ പരിഗണനകൾക്ക് അതീതമായി സാംസ്കാരിക സംഘടനകൾ പ്രവർത്തിക്കേണ്ടതിന്റെ പ്രസക്തിയെപ്പറ്റി ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
സമീക്ഷ ദേശീയ വൈസ് പ്രസിഡന്റ് ഭാസ്കർ പുരയിൽ പ്രമേയം അവതരിച്ചു. ജോയിന്റ് സെക്രട്ടറി ചിഞ്ചു സണ്ണി അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ ക്രിയാത്മക വിമർശനങ്ങളും ഭാവിയിലേക്കുള്ള പ്രായോഗിക നിർദ്ദേശങ്ങളും ഓരോ പ്രതിനിധികളിൽ നിന്നും ഉയർന്നുവന്നു.
പ്രവർത്തന റിപ്പോർട്ടും ട്രഷറർ രാജി രാജൻ അവതരിപ്പിച്ച സാമ്പത്തിക റിപ്പോർട്ടും വിശദമായ ചർച്ചകൾക്കും വിശകലനങ്ങൾക്കും ആവശ്യമായ ഭേദഗതികൾക്കും ശേഷം സമ്മേളനം ഏകകണ്ഠമായി അംഗീകരിച്ചു.
അതോടൊപ്പം മുന്നോട്ടുള്ള ഭാവി പ്രവർത്തന രേഖ സെക്രട്ടറിയേറ്റ് മെമ്പർ ശ്രീ. ഉണ്ണികൃഷ്ണൻ ബാലൻ അവതരിപ്പിച്ചു. പ്രവാസികളുടെ വിമാനയാത്രാ പ്രശ്നങ്ങൾ തുടങ്ങി ജീവിതത്തിന്റെ വിവിധ മേഖലകളെ ബാധിക്കുന്ന പ്രയാസങ്ങൾ ബന്ധപ്പെട്ട വകുപ്പ് മേധവികളുടെ ശ്രദ്ധയിയിൽ കൊണ്ടുവരുന്നതിനായി പത്തോളം പ്രമേയങ്ങൾ സമ്മേളനത്തിൽ അവതരിപ്പിക്കുകയുണ്ടായി.
ചില പ്രമേയങ്ങൾ പുന:പരിശോധനക്കായി മാറ്റുകയും മറ്റുള്ളവ ആവശ്യമായ ഭേദഗതികളോടെ സമ്മേളനം അംഗീകരിക്കുകയും ചെയ്തു. പ്രസീഡിയം, മിനിറ്റ്സ് കമ്മിറ്റി, പ്രമേയ കമ്മിറ്റി എന്നിവയുടെ സംയോജിത പ്രവർത്തനം സമ്മേളന നടപടികൾ സുഗമമായി നിശ്ചിതസമയത്തിനകം പൂർത്തിയാക്കാൻ സഹായിച്ചു.
നാഷണൽ സെക്രട്ടറിയേറ്റിൽ നിന്ന് വിരമിക്കുന്ന മോൻസി തൈക്കൂടനെ ദിനേശ് വെള്ളാപ്പള്ളിയും ശ്രീകുമാർ ഉള്ളപ്പിള്ളിലും ചേർന്ന് ഷാൾ അണിയിച്ചു ആദരിച്ചു. സമീക്ഷയുടെ ദീർഘകാല പ്രവർത്തകനും പ്രതിസന്ധി ഘട്ടങ്ങളിൽ സമീക്ഷയെ മുന്നോട്ട് നയിക്കാൻ ശക്തമായി നിലകൊള്ളുകയും ചെയ്ത മോൻസി സംഘടനയുടെ ഭാവിപ്രവർത്തനത്തിലും സജീവമായി പങ്കെടുത്തുകൊണ്ട് കൂടെയുണ്ടാകുമെന്ന് തന്റെ വിടവാങ്ങൽ പ്രസംഗത്തിൽ ഉറപ്പ് നൽകി.
നാഷണൽ സെക്രട്ടറിയേറ്റംഗം ജോഷി ഇറക്കത്തലിന്റെ നന്ദി പ്രകാശനത്തോടെ പ്രതിനിധി സമ്മേളനം സമാപിച്ചു