ലണ്ടൻ: ജൂലൈ 15ന് നനീറ്റണിൽ നടക്കുന്ന യുക്മ ദേശീയ കായികമേളയ്ക്ക് മുന്നോടിയായുള്ള റീജിയണൽ കായികമേളകൾക്ക് ശനിയാഴ്ച തുടക്കം കുറിക്കും.
ആദ്യ റീജിയണൽ കായികമേള യോർക്ക്ഷയർ ആൻഡ് ഹംബർ റീജിയണിന്റെ ആഭിമുഖ്യത്തിൽ ഹൾ ക്രാൻബ്രൂക്ക് അവന്യുവിലുള്ള സെന്റ് മേരീസ് കോളജ് മൈതാനത്ത് നടത്തപ്പെടും.
യുക്മ നാഷണൽ വൈസ് പ്രസിഡന്റ് ലീനുമോൾ ചാക്കോ ഉദ്ഘാടനം ചെയ്യുന്ന മത്സരങ്ങൾക്ക് ഹൾ ഇന്ത്യൻ മലയാളി അസോസിയേഷൻ ആതിഥ്യം വഹിക്കും.
റീജിയണൽ പ്രസിഡന്റ് വർഗീസ് ഡാനിയൽ, ദേശീയ സമിതിയംഗം സാജൻ സത്യൻ, സെക്രട്ടറി അമ്പിളി സെബാസ്റ്റ്യൻ, ട്രഷറർ ജേക്കബ് കളപ്പുരക്കൽ, സ്പോർട്സ് കോർഡിനേറ്റർ ബാബു സെബാസ്റ്റ്യൻ, വൈസ് പ്രസിഡന്റ് സിബി മാത്യു, ജോയിന്റ് സെക്രട്ടറി ജിന്നറ്റ് അവറാച്ചൻ, ജോയിന്റ് ട്രഷറർ ജോസ് വർഗീസ്, സങ്കീഷ് മാണി, സജിൻ രവീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ കായികമേളയുടെ സുഗമമായ നടത്തിപ്പിന് വേണ്ടിയുള്ള ഒരുക്കങ്ങൾ പൂർത്തിയായി എന്ന് സംഘാടകർ അറിയിച്ചു.
മേയ് 27ന് മിഡ്ലാൻഡ്സ് റീജിയണൽ കായികമേള നനീറ്റണിലെ ദ പിംഗിൾസ് സ്റ്റേഡിയത്തിൽ വച്ചും നോർത്ത് വെസ്റ്റ്, സൗത്ത് ഈസ്റ്റ് റീജിയണൽ കായികമേളകൾ ജൂൺ പത്തിനും ഈസ്റ്റ് ആംഗ്ലിയ, സൗത്ത് വെസ്റ്റ് റീജിയണൽ കായികമേളകൾ ജൂലൈ ഒന്നിനും നടത്തപ്പെടും.
കോവിഡ് കാലത്തെ ഇടവേളയ്ക്ക് ശേഷം നടത്തപ്പെടുന്ന കായികമേളയുടെ മുന്നൊരുക്കങ്ങൾ അതാത് റീജിയണൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. കായികമേളയിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ ഓൺലൈനിൽ ചെയ്യുന്നതിനുള്ള സൗകര്യം ഇതിനോടകം തയാറായി കഴിഞ്ഞു.
യുക്മ കലാമേളകളുടെ ഓൺലൈൻ രജിസ്ട്രേഷൻ സംവിധാനം ഒരുക്കുന്ന ലണ്ടനിലെ പി.എം.ജോസിന്റെ ഉടമസ്ഥതയിലുള്ള ജെഎംപി സോഫ്റ്റ് വെയർ ലിമിറ്റഡാണ് കായികമേളയുടെ ഓൺലൈൻ രജിസ്ട്രേഷനും തയാറാക്കിയത്.
ജൂലൈ 15ന് നടക്കുന്ന ദേശീയ കായികമേളക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരികയാണെന്ന് കായികമേളയുടെ ചുമതലയുള്ള ദേശീയ ജോയിന്റ് സെക്രട്ടറിമാരായ പീറ്റർ താണോലിൽ, സ്മിത തോട്ടം, ദേശീയ കായികമേള കോർഡിനേറ്റർ സലീന സജീവ് എന്നിവർ അറിയിച്ചു.
റീജിയണൽ, ദേശീയ കായികമേളകൾ വൻ വിജയമാക്കി തീർക്കുവാൻ യുക്മയിലെ മുഴുവൻ അംഗ അസോസിയേഷനുകളുടെയും പിന്തുണയും സഹകരണവും ഉണ്ടാവണമെന്ന് യുക്മ ദേശീയ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ് എന്നിവർ അഭ്യർഥിച്ചു
യുക്മ റീജിയണൽ കായിക മേളകൾക്ക് ശനിയാഴ്ച തുടക്കം
11:33 AM May 19, 2023 | Deepika.com