+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പുട്ടിനു അറസ്റ്റ് വാറണ്ട് - ലോക നേതാവിനെതിരെ അന്താരാഷ്ട്ര കോടതിയുടെ വാറണ്ട് ചരിത്രത്തിലാദ്യം

വാഷിംഗ്‌ടൺ ഡി സി : നിയമവിരുദ്ധമായി കുട്ടികളെ നാടുകടത്തുന്നതിനും , യുക്രെയ്നിലെ അധിനിവേശ പ്രദേശങ്ങളിൽ നിന്ന് റഷ്യൻ ഫെഡറേഷനിലേക്ക് കുട്ടികളെ നിയമവിരുദ്ധമായി കൈമാറുന്നതിനുമുള്ള യുദ്ധക്കുറ്റത്തിന് പുടിൻ ഉ
പുട്ടിനു അറസ്റ്റ് വാറണ്ട് - ലോക നേതാവിനെതിരെ അന്താരാഷ്ട്ര കോടതിയുടെ വാറണ്ട് ചരിത്രത്തിലാദ്യം
വാഷിംഗ്‌ടൺ ഡി സി : നിയമവിരുദ്ധമായി കുട്ടികളെ നാടുകടത്തുന്നതിനും , യുക്രെയ്നിലെ അധിനിവേശ പ്രദേശങ്ങളിൽ നിന്ന് റഷ്യൻ ഫെഡറേഷനിലേക്ക് കുട്ടികളെ നിയമവിരുദ്ധമായി കൈമാറുന്നതിനുമുള്ള യുദ്ധക്കുറ്റത്തിന് പുടിൻ ഉത്തരവാദിയാണെന്ന് കോടതി . തുടർന്ന് യുദ്ധ കുറ്റ കൃത്യങ്ങളുടെ പേരില്‍ റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാഡിമിര്‍ പുടിനും റഷ്യയിലെ ബാലാവകാശ കമ്മീഷണര്‍ മരിയ അലെക്‌സയേവ്‌ന ബെലോവക്കും എതിരെ ഹേഗിലെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐസിസി) അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.

ലോക നേതാക്കളെ കോടതി മുമ്പ് കുറ്റപ്പെടുത്തിയിട്ടുണ്ടെങ്കിലും, യു.എൻ രക്ഷാസമിതിയിലെ അഞ്ച് സ്ഥിരാംഗങ്ങളിൽ ഒരാൾക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുന്നത് ഇതാദ്യമാണ്. നിയമവിരുദ്ധമായി കുട്ടികളെ നാടുകടത്തുന്നതിനും ഉക്രെയ്നിലെ അധിനിവേശ പ്രദേശങ്ങളിൽ നിന്ന് റഷ്യൻ ഫെഡറേഷനിലേക്ക് കുട്ടികളെ നിയമവിരുദ്ധമായി കൈമാറുന്നതിനുമുള്ള യുദ്ധക്കുറ്റത്തിന് പുടിൻ ഉത്തരവാദിയാണെന്ന് കോടതി പ്രസ്താവനയിൽ പറഞ്ഞു.

‌യുക്രെയ്‌ൻ അധിനിവേശത്തിനിടയിൽ അവിടെ നിന്ന് കുട്ടികളെ നിയമവിരുദ്ധമായി റഷ്യയിലേക്ക് കടത്തിയതിനാണ് നടപടി. രഹസ്യമായി വാറണ്ട് പുറപ്പെടുവിക്കാനായിരുന്നു കോടതി ആദ്യം ആലോചിച്ചിരുന്നത് .ഇത്തരം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കുന്നത് തടയണമെങ്കിൽ നടപടി പരസ്യമാക്കുകയാണെന്ന് നല്ലതെന്നു കോടതി പറഞ്ഞു. നടപടിയെ ഉക്രെയ്ന്‍ സ്വാഗതം ചെയ്തു.
ഐസിസിയുടെ നിയമാധികാരം അംഗീകരിക്കുന്നില്ലെന്ന് റഷ്യ പ്രതികരിച്ചു. 'ഐസിസിയുടെ തീരുമാനത്തിന് ഞങ്ങളെ സംബന്ധിച്ച് ഒരര്‍ത്ഥവുമില്ല,' റഷ്യന്‍ വിദേശകാര്യ വക്താവ് മരിയ സഖറോവ പറഞ്ഞു.

ഐസിസിയുടെ ജഡ്ജിമാർ വാറണ്ടുകൾ പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും അത് നടപ്പാക്കേണ്ടത് അന്താരാഷ്ട്ര സമൂഹത്തിനായിരിക്കുമെന്ന് കോടതിയുടെ പ്രസിഡന്‍റ് പിയോറ്റർ ഹോഫ്മാൻസ്കി വീഡിയോ പ്രസ്താവനയിൽ പറഞ്ഞു. വാറണ്ട് നടപ്പാക്കാൻ കോടതിക്ക് സ്വന്തമായി പോലീസ് സേനയില്ലെന്നും പ്രസിഡന്റ് പിയോറ്റർ കൂട്ടിച്ചേർത്തു.