സമീക്ഷ യുകെ നാഷ്ണൽ ബാഡ്മിന്‍റൺ ടൂർണമെൻറ് റീജണൽ മത്സരങ്ങൾ സമാപിച്ചു

06:33 AM Mar 15, 2023 | Deepika.com
ലണ്ടൻ: ‌ കെറ്ററിംഗിൽ ഫെബ്രുവരി നാലിന് ആരംഭിച്ച സമീക്ഷ യുകെ യുടെ ആറാമത് ദേശീയ സമ്മേളനത്തോടനുബന്ധിച്ച് നടത്തുന്ന നാഷ്ണൽ ബാഡ്മിന്‍റൺ ടൂർണമെന്‍റിന്‍റെ റീജണൽ മത്സരങ്ങൾ ഈ വാരാന്ത്യത്തോടെ സമാപിച്ചു. ബെൽഫാസ്റ്റ്, എഡിൻബൊറോ, ബോസ്റ്റൺ , ഈസ്റ്റ്ഹാം, കൊവൺട്രി എന്നീ അഞ്ച് റീജണൽ മത്സരങ്ങളാണ് ഈ വാരാന്ത്യത്തിൽ നടന്നത് .

യുകെ യിൽ 12 റീജിയണുകളിലായി നടന്ന മത്സരങ്ങളിൽ 210 ടീമുകളാണ് മറ്റുരച്ചത്. ഒരോ റീജണിൽ നിന്നും പങ്കെടുത്ത ടീമുകളുടെ എണ്ണത്തിനനുസരിച്ച് ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർ ഗ്രാൻറ് ഫിനാലയിൽ മത്സരിക്കും.

മാർച്ച് 25നു മാഞ്ചസ്റ്ററിലാണ് ഫൈനൽ മത്സരങ്ങൾ നടക്കുക. മാഞ്ചസ്റ്റർ സെ. പോൾസ് കാത്തലിക് ഹൈസ്കൂളിൽ വെച്ചു നടക്കുന്ന ഫൈനൽ മത്സരങ്ങൾക്കുള്ള ഒരുക്കങ്ങൾ സമീക്ഷ യുകെ മാഞ്ചസ്റ്റർ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. ഫൈനലിൽ വിജയികൾക്ക് യഥാക്രമം 1001 യൂറോയും എവറോളിങ്ങ് ട്രോഫിയും (ഒന്നാം സ്ഥാനം), 501 യൂറോയും ട്രോഫി (രണ്ടാം സ്ഥാനം) , 251 യൂറോയും ട്രോഫി (മൂന്നാം സ്ഥാനം), 101 യൂറോയും ട്രോഫി (നാലാം സ്ഥാനം) എന്നീ സമ്മാനങ്ങളാകും ലഭിക്കുക.

സമ്മാനങ്ങൾ സ്പോൺസർ ചെയ്തിരിക്കുന്നത് ഗുഡീസ്, ഇൻഫിനിറ്റി മോർട്ട്ഗേജ്, കിയാൻ ലോജിസ്റ്റിക്സ് ലിമിറ്റഡ്, ആദീസ് എച്ച് ആർ ആൻഡ് അക്കൗണ്ടൻസി സൊല്യൂഷൻ തുടങ്ങിയവരാണ്. സമീക്ഷ യുകെ നാഷ്ണൽ ബാഡ്മിന്റൺ ടൂർണമെൻറിന്‍റെ റീജണൽ മത്സരങ്ങൾക്ക് നൽകിയ പിന്തുണക്ക് യുകെ യിലെ എല്ലാ വിഭാഗത്തിൽപ്പെട്ട ജനങ്ങളോടും പ്രത്യേകിച്ച് മത്സരിച്ച മുഴുവൻ ടീമുകൾക്കും നന്ദി അറിയിക്കുന്നതായും ഒപ്പം തന്നെ ഗ്രാന്‍റ് ഫിനാലെ വൻ വിജയമാക്കിത്തീർക്കുവാൻ ഏവരുടേയും സഹകരണം പ്രതീക്ഷിക്കുന്നതായും ടൂർണമെന്റ് കോർഡിനേറ്റേഴ്സ് ആയ ജിജു സൈമൺ, ജോമിൻ ജോ എന്നിവർ അറിയിച്ചു.