റോം: ഇറ്റാലിയൻ പ്രധാനമന്ത്രി ജിയോർജിയ മെലോനിയുടെ ഇന്ത്യൻ സന്ദർശനവുമായി ബന്ധപ്പെടുത്തി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലുകൾ നടത്തുവാൻ പ്രവാസി കേരള കോണ്‍ഗ്രസ് (എം ) ഇറ്റലി എംപി മാർക്ക് നിവേദനം നൽകി.
യൂറോപ്യൻ യൂണിയൻ രാജ്യങ്ങളായ പോളണ്ട്, സ്ളോവാക്കിയ, പോർട്ടുഗൽ എന്നീ രാജ്യങ്ങൾ ചെയ്യുന്നതുപോലെ ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസ് ഇറ്റാലിയൻ ഡ്രൈവിംഗ് ലൈസൻസ് ആയി കണ്‍വെർട്ട് ചെയ്യുന്നതിനുള്ള സൗകര്യം ചെയ്യണമെന്നാണ് പ്രധാന ആവശ്യം. ഒറിജിനൽ ലൈസൻസ് ഉള്ള ഇന്ത്യക്കാർ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രാലയം വഴി വെരിഫിക്കേഷൻ നടത്തി കണ്‍വെർട്ട് ചെയ്തുകൊടുക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതാവട്ടെ ആയിരക്കണക്കിനുള്ള ഇന്ത്യക്കാർക്ക് പ്രയോജനം ലഭിക്കും.
കൂടാതെ പതിനായിരക്കണക്കിന് മലയാളികളുള്ള റോമിൽ നിന്ന് കൊച്ചിയിലേക്ക് ആഴ്ചയിൽ ഒരു ദിവസമെങ്കിലും നേരിട്ട് വിമാന സർവീസ് തുടങ്ങാൻ വ്യോമയാന മന്ത്രാലയവുമായി ബന്ധപ്പെട്ട് അനുകൂലമായ തീരുമാനം കൈക്കൊള്ളുവാൻ സമ്മർദ്ദം ചെലുത്തണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
പ്രവാസി കേരള കോണ്‍ഗ്രസ്സ് (എം ) ഇറ്റലി ജനറൽ സെക്രട്ടറി സാജൻ ഈരൂരിക്കൽ എംപി മാരായ ജോസ് കെ മാണി, തോമസ് ചാഴികാടൻ എന്നിവരെ നേരിൽകണ്ട് നിവേദനം നൽകുകയായിരുന്നു. പ്രസ്തുത മന്ത്രിമാരെ നേരിൽക്കണ്ട് പ്രധാനമന്ത്രി വഴി അനുകൂല തീരുമാനങ്ങൾ എടുപ്പിക്കാമെന്ന് എംപി മാർ ഉറപ്പ് നൽകി.
പ്രവാസി കേരള കോണ്‍ഗ്രസ് (എം ) ഇറ്റലി എംപിമാർക്ക് നിവേദനം നൽകി
06:31 AM Mar 03, 2023 | Deepika.com