+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നജഫ്ഗഡ് ഭഗവതി ക്ഷേത്രം അണിഞ്ഞൊരുങ്ങി: വലിയ പൊങ്കാല ഫെബ്രുവരി 19-ന്

ന്യൂഡൽഹി: വലിയ പൊങ്കാല മഹോത്സവത്തിനായി നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രം അണിഞ്ഞൊരുങ്ങി. ക്ഷേത്രത്തിലെ 24ാമത് പൊങ്കാലയാണ് ഫെബ്രുവരി 19 ഞായറാഴ്ച്ച അരങ്ങേറുന്നത്. ക്ഷേത്ര മേൽശാന്തി അനീഷ് മേപ്പാടന്
നജഫ്ഗഡ് ഭഗവതി ക്ഷേത്രം അണിഞ്ഞൊരുങ്ങി: വലിയ പൊങ്കാല ഫെബ്രുവരി 19-ന്
ന്യൂഡൽഹി: വലിയ പൊങ്കാല മഹോത്സവത്തിനായി നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രം അണിഞ്ഞൊരുങ്ങി. ക്ഷേത്രത്തിലെ 24-ാമത് പൊങ്കാലയാണ് ഫെബ്രുവരി 19 ഞായറാഴ്ച്ച അരങ്ങേറുന്നത്. ക്ഷേത്ര മേൽശാന്തി അനീഷ് മേപ്പാടന്റെ കാർമ്മികത്വത്തിൽ നിർമ്മാല്യ ദർശനത്തിനു ശേഷം രാവിലെ 5:30-ന് മഹാ ഗണപതി ഹോമത്തോടെ ചടങ്ങുകൾക്ക് തുടക്കമാവും. തുടർന്ന് ഉഷഃപൂജയും വിശേഷാൽ പൂജകളും ഉണ്ടാവും. 

8:30-ന് താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ശ്രീകോവിലിൽ നിന്നും ആനയിക്കുന്ന ദിവ്യാഗ്നി പണ്ടാര അടുപ്പിലേക്ക് പകരുമ്പോൾ വായ്ക്കുരവകളും 'അമ്മേ നാരായണാ ദേവീ നാരായണാ' എന്ന മന്ത്ര വീചികളും ക്ഷേത്രാങ്കണത്തിൽ അലയടിക്കും. തുടർന്ന് ഭക്തജനങ്ങൾ അവരവരുടെ പൊങ്കാല അടുപ്പുകളിലേക്ക് സ്വയം അഗ്നി കൊളുത്തുന്നതോടെ വലിയ പൊങ്കാലയ്ക്ക് ആരംഭമാവും. 

പൊങ്കാല അടുപ്പുകളിൽ നിന്നും ഉയരുന്ന ധൂമ പടലങ്ങളാൽ മേഘാവൃതമാവുന്ന അന്തരീക്ഷം ശ്രീമൂകാംബിക കീർത്തന സംഘത്തിന്റെ മധുര ഗാനാമൃതത്താൽ ഭക്തി സാന്ദ്രമാക്കുമ്പോൾ തിളച്ചു തൂവിയ പൊങ്കാലക്കലങ്ങളിൽ തിരുമേനിമാർ തീർത്ഥം തളിക്കും. തുടർന്ന് ഭക്തർ തിരുനടയിലെത്തി ദർശനവും കാണിക്യയുമർപ്പിച്ചു അന്നദാനത്തിലും പങ്കെടുത്തുകൊണ്ടുള്ള മടക്കയാത്ര.

എല്ലാ വര്‍ഷവും കുംഭ മാസത്തിലെ ആദ്യത്തെ ഞായറാഴ്ചയാണ് നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തില്‍ വലിയ പൊങ്കാല മഹോത്സവം അരങ്ങേറുക. ക്ഷേത്രത്തിൽ എല്ലാ മാസവും കാർത്തിക നക്ഷത്രത്തിൽ കാർത്തിക പൊങ്കാല നടത്തുന്നതുകൊണ്ടാണ് വർഷത്തിലൊരിക്കലുള്ള പൊങ്കാല, വലിയ പൊങ്കാലയായി അറിയപ്പെടുന്നത്. പൊങ്കാല സമര്‍പ്പണത്തിനുള്ള മണ്‍കലം, അരി, ശര്‍ക്കര, വിറക് മുതലായവ ക്ഷേത്രത്തിലെ കൗണ്ടറില്‍ ലഭിക്കും. 

ഡല്‍ഹിയുടെയും പ്രാന്ത പ്രദേശങ്ങളായ നോയിഡ, ഗ്രേറ്റര്‍ നോയിഡ, ഗുഡുഗാവ്, ഫരിദാബാദ്, ഗാസിയാബാദ്, ഇന്ദിരാപുരം, ഷാലിമാര്‍ ഗാര്‍ഡന്‍ എന്നീ സ്ഥലങ്ങളില്‍ നിന്നെല്ലാം പൊങ്കാല സമർപ്പണത്തിനായി എത്തിച്ചേരുന്ന ഭക്തജനങ്ങളുടെ സൗകര്യാർത്ഥം അന്നേ ദിവസം പൊങ്കാല കൂപ്പണുകൾക്കും മറ്റു വഴിപാടുകൾക്കുമായി പ്രത്യേകം കൗണ്ടറുകൾ ക്ഷേത്രാങ്കണത്തിൽ ഒരുക്കിയതായി ഭാരവാഹികൾ അറിയിച്ചു.

അന്വേഷണങ്ങൾക്ക് 9811219540, 9810129343, 8800552070, 9289886490 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.