ലണ്ടൻ: ഓഗസ്റ്റ് 27 ശനിയാഴ്ച്ച ഷെഫീൽഡിൽ നടക്കുന്ന കേരളാപൂരം 2022 മത്സരവള്ളംകളിയുടെ ഒരുക്കങ്ങൾ പൂർത്തിയായി. ഇന്ത്യാ ടൂറിസത്തിന്റെയും കേരളാ ടൂറിസത്തിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ന്ധയുക്മ കേരളാപൂരം 2022ന്ധ വള്ളംകളി മഹോത്സവത്തിൽ അരങ്ങുതകർക്കാൻ മെഗാ ഫ്യൂഷൻ ഡാൻസുമായി ബ്രിട്ടന്റെ വിവിധ മേഖലകളിൽനിന്നായി ഇക്കുറിയും നൂറുകണക്കിന് മലയാളി മങ്കമാരാണ് അണിചേരുന്നത്.
2019ൽ നടന്ന വള്ളംകളിയോടനുബന്ധിച്ച് നടത്തപ്പെട്ട മെഗാതിരുവാതിര വൻവിജയമായിരുന്നു. യുക്മ സംഘടിപ്പിച്ച 2019 ലെ മൂന്നാമത് വള്ളംകളി വേദിയിൽ മുന്നൂറിലധികം വനിതകളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള മെഗാതിരുവാതിരയാണ് മുൻ ദേശീയ ഭാരവാഹികളായ ലിറ്റി ജിജോയുടെയും സെലിന സജീവിന്റെയും നേതൃത്വത്തിൽ അണിഞ്ഞൊരുങ്ങിയത്. അതിൽ പങ്കെടുത്തവരും പുതിയതായി യുകെയിൽ എത്തിച്ചേർന്നവരുമായ യുകെ മലയാളി വനിതകളിൽ നിന്നും മികച്ച പ്രതികരണമാണ് ഇത്തവണ സംഘടിപ്പിക്കുന്ന ഫ്യൂഷൻ ഡാൻസിനും ലഭിച്ചു കൊണ്ടിരിക്കുന്നത്. യുക്മ ദേശീയ വൈസ് പ്രസിഡന്റ് ലീനുമോൾ ചാക്കോ ജോയിന്റ് സെക്രട്ടറി സ്മിതാ തോട്ടം എന്നിവരുടെ നേതൃത്വത്തിലാണ് മെഗാ ഫ്യൂഷൻ ഡാൻസ് അണിഞ്ഞൊരുങ്ങുന്നത്.
കേരളത്തിന്റെ സാംസ്കാരിക തനിമയ്ക്കും പ്രാധാന്യം നൽകി അണിയിച്ചൊരുക്കുന്ന മെഗാഫ്യൂഷൻ ഡാൻസ് ഓഗസ്റ്റ് 27 ശനിയാഴ്ച നടക്കുന്ന വള്ളംകളിയ്ക്കൊപ്പം ഏറ്റവും ആകർഷണീയമായ ഒരു സാംസ്കാരിക പരിപാടിയായിരിക്കും. മെഗാ ഫ്യൂഷൻ ഡാൻസിൽ പങ്കെടുക്കുവാൻ താൽപര്യമുള്ള വനിതകളുടെ വാട്സ്ആപ്പ് ഗ്രൂപ്പ് വളരെ സജീവമായി പ്രവർത്തിക്കുന്നുണ്ട്. പ്രത്യേകം കൊറിയോഗ്രാഫി ചെയ്ത നൃത്തചുവടുകളുടെ വീഡിയോ ദൃശ്യങ്ങളും ഉടയാടകളുടെ ഡിസൈനുകളും ഇതിനായി തയ്യാറായിക്കഴിഞ്ഞു.
27 ടീമുകളാണ് ഈ വർഷം കേരളാപൂരം വള്ളംകളിയിൽ പങ്കെടുക്കുന്നത്. പതിനായിരത്തോളം വള്ളംകളി പ്രേമികൾ കുടുംബസമേതം എത്തിച്ചേരുന്ന കേരളാപൂരം- 2022, കുട്ടികൾക്കും മുതിർന്നവർക്കും ഒരു ദിവസം മുഴുവൻ ആസ്വദിക്കാവുന്ന നിരവധി പരിപാടികളാൽ ആകർഷകമായിരിക്കും എന്നതിൽ സംശയമില്ല.
പന്ത്രണ്ട് വയസിന് മുകളിൽ പ്രായമുള്ളവർക്കാണ് മെഗാ ഫ്യൂഷൻ ഡാൻസിൽ പങ്കെടുക്കുവാൻ അവസരം ഉള്ളത്. യുക്മയുടെ എല്ലാ റീജണുകളിനിന്നും താൽപര്യമുള്ളവരെ കണ്ടെത്തുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി വിപുലമായ കോർഡിനേഷൻ കമ്മറ്റിയും പ്രവർത്തിച്ചുവരുന്നു.
ഇനിയും മെഗാ തിരുവാതിരയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ദേശീയ തലത്തിൽ ഇക്കാര്യങ്ങൾ ഏകോപിപ്പിക്കുന്ന ചുമതലയുള്ള നാഷണൽ വൈസ് പ്രസിഡന്റ് ലീനുമോൾ ചാക്കോ (07868607496), നാഷണൽ ജോയിന്റ് സെക്രട്ടറി സ്മിതാ തോട്ടം (07450964670) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.
യുകെയിലെ കേരളാ പൂരത്തിന് അഴകേകാൻ നൂറുകണക്കിന് മലയാളിമങ്കമാർ അണിചേരുന്ന മെഗാ ഫ്യൂഷൻ ഡാൻസ്
02:16 AM Aug 19, 2022 | Deepika.com