ബെർലിൻ: ഗ്ലോബൽ മലയാളി ഫെഡറേഷന്റെ നേതൃത്വത്തിലുള്ള മുപ്പത്തി മൂന്നാമത് പ്രവാസി സംഗമത്തിന് ജൂലൈ 27 ബുധനാഴ്ച വൈകുന്നേരം എട്ടിന് വർണാഭമായ തുടക്കം. ഈശ്വര പ്രാർഥനയ്ക്കുശേഷം ജിഎംഎഫ് ഗ്ലോബൽ ചെയർമാൻ പോൾ ഗോപുരത്തിങ്കൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. പോൾ ഗോപുരത്തിങ്കൽ, സണ്ണി വേലൂക്കാരൻ, വർഗീസ് ചന്ദ്രത്തിൽ, തോമസ് ചക്യാത്ത് എന്നിവർ ഭദ്രദീപം കൊളുത്തി. ജിഎംഎഫ് ജർമനിയുടെ പ്രസിഡന്റ് സണ്ണി വേലൂക്കാരൻ സ്വാഗതം ആശംസിച്ചു. പോൾ പ്ലാമ്മൂട്ടിൽ പരിപാടികൾ മോഡറേറ്റ് ചെയ്തു.
സംഗമത്തിൽ പങ്കെടുക്കാനെത്തിയവരുടെ പരിചയപ്പെടുത്തലിനുശേഷം യൂറോപ്പിലെ അറിയപ്പെടുന്ന ഗായകനും സംഗീത സംവിധായകനുമായ വിയന്നയിൽ താമസിക്കുന്ന സിറിയക് ചെറുകാടിന്റെ ഗാനമേള അരങ്ങേറി. ജർമനിയിലെ കൊളോണ്‍ നഗരത്തിനടുത്തുള്ള ഒയ്സ്കിർഷൻ ഡാലം ബേസൻ ഹൗസിൽ ജൂലൈ 27 മുതൽ 31 വരെയാണ് സംഗമം നടക്കുന്നത്.
ജെമ്മ ഗോപുരത്തിങ്കൽ, അപ്പച്ചൻ ചന്ദ്രത്തിൽ സണ്ണിവേലൂക്കാരൻ, ലില്ലി ചക്യാത്ത്, എൽസി വേലൂക്കാരൻ എന്നിവരാണ് സംഗമത്തിന് നേതൃത്വം നൽകുന്നത്.