ബെർലിൻ: ഗ്ലോബൽ മലയാളി ഫെഡറേഷന്റെ നേതൃത്വത്തിലുള്ള മുപ്പത്തി മൂന്നാമത് പ്രവാസി സംഗമത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.
ജർമനിയിലെ കൊളോണ്‍ നഗരത്തിനടുത്തുള്ള ഒയ്സ്കിർഷൻ ഡാലം ബേസൻ ഹൗസിൽ ജൂലൈ 27 മുതൽ 31 വരെയാണ് സംഗമം നടക്കുന്നത്.
ജൂലൈ 27 ബുധനാഴ്ച വൈകുന്നേരം ഏഴിന് ഗ്ലോബൽ മലയാളി ഫെഡറേഷൻ ചെയർമാൻ പോൾ ഗോപുരത്തിങ്കൽ സമ്മേളനം ഒൗപചാരികമായി ഉദ്ഘാടനം ചെയ്യും. വിവിധ സംഘടനകളുടെ പ്രതിനിധികൾ ആശംസാപ്രസംഗങ്ങൾ നടത്തും. ചർച്ചകൾ, യോഗാ, കലാസായാഹ്നങ്ങൾ, ഗാനമേള തുടങ്ങിയ പരിപാടികളാണ് അഞ്ചുദിനങ്ങളിലായി അരങ്ങേറുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന പ്രഗത്ഭരായ പ്രഫ. ഡോ.രാജപ്പൻ നായർ (യുഎസ്എ), ഡോ.കമലമ്മ (നെതർലാന്റ്സ്), റോസമ്മ (സ്വീഡൻ), സിറിയക് ചെറുകാട് (ഓസ്ട്രിയ), റോസമ്മ (സ്വീഡൻ) എന്നിവർ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
ജെമ്മ ഗോപുരത്തിങ്കൽ, അപ്പച്ചൻ ചന്ദ്രത്തിൽ സണ്ണിവേലൂക്കാരൻ, ലില്ലി ചക്യാത്ത്, എൽസി വേലൂക്കാരൻ എന്നിവർ സംഗമത്തിന് നേതൃത്വം നൽകും.
ഗ്ലോബൽ മലയാളി ഫെഡറേഷൻ പ്രവാസി സംഗമത്തിന് ബുധനാഴ്ച തിരിതെളിയും
10:49 PM Jul 26, 2022 | Deepika.com