ഡബ്ലിന്‍: മലയാളി സാമൂഹ്യപ്രവർത്തകന്‍ ഐറിഷ് നഴ്സസ് ഓർഗനൈസേഷന്റെ ആദരം. ഐറിഷ് നഴ്സസ് ആൻഡ് മിഡ്വൈവ്സ് ഓർഗനൈസേഷൻ ഇന്റർനാഷണലിന്റെ അന്തർദേശീയ നഴ്സസ് ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന അങ്കമാലി സ്വദേശിയായ സാമൂഹ്യപ്രവർത്തകനും വിസ്റ്റ കരിയർ സൊല്യൂഷൻസ് ചെയർമാനുമായ ലാലുപോളിനെ എക്സലൻസ് അവാർഡ് നൽകി ആദരിച്ചു.
അയർലൻഡ് തലസ്ഥാനമായ ഡബ്ലിനിലെ റിച്ച്മണ്ട് സ്ക്വയറിൽ വച്ചു നടന്ന ചടങ്ങിൽ ഓർഗനൈസേഷൻ പ്രസിഡന്റ് കരൺ മക്ഗോവൻ അധ്യക്ഷനായി. അയർലണ്ടിലെ ഇന്ത്യൻ അംബാസഡർ അഖിലേഷ് മിശ്ര ഓൺലൈനായി ആശംസയര്‍പ്പിച്ചു.
ഓർഗനൈസേഷന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ഹെൽത്ത്കെയർ റിക്രൂട്ട്മെന്റ് ഏജൻസിയുടെ ചെയർമാൻ ഇത്തരത്തിൽ ആദരിക്കപ്പെടുന്നത്. ഐറിഷ് ആരോഗ്യമേഖലയ്ക്ക് നൽകിയ സത്യസന്ധവും ആത്മാർഥവുമായ സേവനങ്ങൾ പരിഗണിച്ചാണ് പുരസ്കാരം.
തനിക്ക് ലഭിച്ച ആദരങ്ങൾക്ക് നന്ദി പറഞ്ഞുകൊണ്ട് നടത്തിയ മറുപടി പ്രസംഗത്തിൽ ഇത്ര സമുന്നതമായ ഒരു ചടങ്ങിലേക്ക് ഇന്ത്യൻ സമൂഹത്തിന്റെ പ്രതിനിധിയായി തന്നെ ക്ഷണിച്ചതിലും ആദരിച്ചതിലും തനിക്ക് ഏറെ അഭിമാനമുണ്ടെന്ന് ലാലുപോൾ പറഞ്ഞു.
അയർലൻഡിന്റെ ആരോഗ്യമേഖലയുടെ വളർച്ചക്കായി കഴിഞ്ഞ 11 വർഷമായി പ്രഗത്ഭരായ നഴ്സുമാരെ റിക്രൂട്ട് ചെയ്യുകയും അവരുടെ ജോലി, രജിസ്ട്രേഷൻ തുടങ്ങിയ എല്ലാ കാര്യങ്ങളിലും മികച്ച തുടർസേവനം ഉറപ്പുവരുത്തിയതിനും ഉള്ള അംഗീകാരമായി പുരസ്കാരത്തെ കാണുന്നു. തുടർന്നും വിസ്റ്റയെ സമീപിക്കുന്ന എല്ലാ ഉദ്യോഗാർഥികൾക്കും ഏറ്റവും നിലവാരമുള്ളതും സുതാര്യവുമായ സേവനം ഉറപ്പു വരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
പുരസ്കാരം ഉത്തരവാദിത്വം വർധിപ്പിക്കുന്നു എന്നും നഴ്സുമാർക്കായുള്ള സേവനങ്ങൾ കൂടുതൽ ആത്മാർഥമായും അർപ്പണബോധത്തോടെയും തുടരാൻ തനിക്ക് പ്രചോദനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
ഐറിഷ് നഴ്സിംഗ് റിക്രൂട്ട്മെന്റ് രംഗത്ത് 11 വർഷക്കാലമായി നിറസാന്നിധ്യമാണ് വിസ്റ്റ കരിയർ സൊല്യൂഷൻസ്. ആയിരത്തിലേറെ നഴ്സുമാരെ ഇന്ത്യയിൽ നിന്നും മറ്റുരാജ്യങ്ങളിൽ നിന്നുമായി അയർലൻഡിൽ എത്തിക്കുകയും മികച്ച തൊഴിലവസരങ്ങൾ ഒരുക്കുകയും അവർക്ക് അനുയോജ്യമായ തൊഴിൽ സാഹചര്യം തുടർന്നും ഉറപ്പു വരുത്തുകയും ചെയ്തതിനുള്ള അംഗീകാരമായാണ് സ്ഥാപനത്തിന്റെ ചെയർമാൻ ലാലു പോളിനെ ഓർഗനൈസേഷൻ ആദരിച്ചത്.
ഇന്ത്യ, ഫിലിപ്പീൻസ്, നൈജീരിയ എന്നിവടങ്ങളിൽ നിന്നുള്ള നഴ്സുമാരുടെ വൈവിധ്യമാർന്ന വിവിധ കലാപരിപാടികളോടെ നഴ്സ് ദിനാഘോഷം സമാപിച്ചു.
മലയാളി സാമൂഹ്യപ്രവർത്തകന്‍ ഐറിഷ് നഴ്സസ് ഓർഗനൈസേഷൻ ആദരം
03:47 PM Jul 19, 2022 | Deepika.com