ഡബ്ലിൻ: സീറോ മലബാർ യൂത്ത് മൂവമെന്റ് (എസ്എംവൈഎം) സംഘടിപ്പിക്കുന്ന യൂറോപ്യൻ യുവജന സംഗമം "ഗ്രാന്റ് എവേക്ക് 2022’ ജൂലൈ 6 മുതൽ 10 വരെ അയർലൻഡിലെ ഡബ്ലിനിൽ നടക്കും. യൂണിവേഴ്സിറ്റി കോളേജ് ഓഫ് ഡബ്ലിനിൽ (യുസിഡി) നടക്കുന്ന യുവജന സംഗമത്തിൽ യൂറോപ്പിലെ 22 രാജ്യങ്ങളിൽ നിന്നായി പതിനെട്ട് വയസിനു മുകളിലുള്ള നൂറ്റന്പതോളം യുവജനങ്ങൾ പങ്കെടുക്കും.
സീറോ മലബാർ സഭയുടെ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത്, ഐറീഷ് സഭയിലെ വിവിധ ബിഷപ്പുമാർ എന്നിവർ സംബന്ധിക്കും. ഡബ്ലിൻ സീറോ മലബാർ സോണൽ കോർഡിനേഷൻ കൗണ്‍സിൽ ആതിഥേയത്വം വഹിക്കുന്ന ഈ പരിപാടിക്ക് സീറോ മലബാർ അയർലൻഡ് നാഷണൽ നാഷണൽ കോർഡിനേറ്റർ റവ. ഡോ. ക്ലമന്റ് പാടത്തിപറന്പിലും, യൂറോപ്പ് സീറോ മലബാർ യൂത്ത് അപ്പസ്തോലിക് ഡയറക്ടർ റവ. ഡോ. ബിനോജ് മുളവരിക്കലും, അസോസിയേറ്റ് ഡയറക്ടർ ഫാ. ജയിൻ മാത്യു മണ്ണത്തൂകാരനും നേതൃത്വം നൽകും.
പ്രചോദനാത്മകമായ സംഭാഷണങ്ങൾ, ദിവ്യകാരുണ്യ ആരാധന, നേതൃത്വപരിശീലന ക്യാന്പുകൾ, ആത്മീയ സംഗീത വിരുന്ന്, പഠന വിനോദ യാത്രകൾ എന്നിവയാണ് ഗ്രാന്റ് എവേക്ക് 2022ന്റെ പ്രത്യേകത.
ആത്മീയതയിലും, കൂട്ടായ്മയിലുമുള്ള യുവത്വത്തിന്റെ ഉണർവാണ് ഈ സംഗമത്തിന്റെ ലക്ഷ്യം. 2017 ൽ റോമിൽ ആദ്യ ന്ധഗ്രാൻഡ് എവേക്ക്’ നടന്നു. പിന്നീട് 2018ൽ സ്വിറ്റ്സർലൻഡിലും. 2019ൽ അയർലൻഡിൽ നടക്കാനിരുന്ന ഗ്രാന്റ് എവേക്ക് കോവിഡ് പ്രതിസന്ധിയിൽ മാറ്റിവയക്കപ്പെടുകയായിരുന്നു.
കോവിഡ് മഹാമാരിക്കാലഘട്ടത്തിൽ വെർച്ച്വൽ മീറ്റിംഗ് പ്ലാറ്റുഫോമുകളിലൂടെ യൂറോപ്പിലെ 22 രാജ്യങ്ങളിലും പൂത്തുലഞ്ഞ എസ്എംവൈഎം യൂറോപ്പ് ഗ്രാന്റ് എവേക്ക് 2022ൽ അയർലൻഡിൽ ഒത്തുചേരുന്നു. യൂറോപ്പിലെ വ്യത്യസ്ത സാമൂഹിക ആത്മീയ കാഴ്ചപ്പാടുള്ള യുവജനങ്ങളെ വ്യത്യസ്ത ആശയങ്ങൾക്കും ഭാഷകൾക്കുമിടയിലും സുറിയാനി ക്രൈസ്തവരെന്ന ആത്മബോധം എസ്.എം.വൈ.എം. എന്ന പ്രസ്ഥാനത്തെ ഹൃദയത്തോടെ ചേർത്തുനിർത്താൻ സഹായിക്കുന്നു. യുവ നേതാക്കൾക്ക് അവരുടെ ശുശ്രൂഷയിൽ വ്യക്തതയും, ദൈവിക സംരക്ഷണത്തിലുള്ള ശക്തമായ ബോധ്യവും നൽകിക്കൊണ്ട് ഗ്രാൻഡ് എവേക്ക് എസ്.എം.വൈ.എം ചൈതന്യത്തെ കൂടുതൽ ശക്തിപ്പെടുത്തും. അതിലൂടെ അവർക്ക് തങ്ങളുടെ ദൗത്യത്തെ മുന്നോട്ട് കൊണ്ടുപോകാൻ കഴിയും, ഈ വെളിച്ചം അവരുടെ സഹോദരങ്ങളിലേക്ക് പകരാനും സാധിക്കും.
എവേക്ക് അയർലൻഡ് ഗ്രാന്റ് എവേക്കിന്റ് ആദ്യദിനം ജൂലൈ 6 നു അയർലൻഡിലെ യുവജനങ്ങളുടെ പ്രഥമ സമ്മേളനം ഈ വേദിയിൽ വച്ചു നടത്തപ്പെടും. റിപ്പബ്ലിക്ക് ഓഫ് അയർലൻഡിലേയും നോർത്തേണ്‍ അയർലൻഡിലേയും നാനൂറിൽ പരം സീറോ മലബാർ യുവജനങ്ങൾ യൂണിവേഴ്സിറ്റി കോളേജ് ഓഫ് ഡബ്ലിനിൽ യൂറോപ്യൻ യുവജനങ്ങളോടൊപ്പം ഒത്തുചേരും.
എംടിവിയിലൂടേയും വിവിധ സംഗീത ആൽബങ്ങളിലൂടേയും പ്രശസ്തനായ അമേരിക്കൻ ഗായകൻ ജോ മെലെൻഡ്രെസും ടീമും എവേക്ക് അയർലൻഡിൽ പങ്കെടുക്കും. അമേരിക്കയിലെ ഏറ്റവും പ്രശസ്തരായ കത്തോലിക്കാ കലാകാരന്മാരിൽ ഒരാളായ ജോ മെലെൻഡ്രെസ് ഒരു ചലനാത്മക സംഗീത അവതാരകനും, പ്രചോദിപ്പിക്കുന്ന പ്രഭാഷകനും, വിദഗ്ദ്ധനായ റിട്രീറ്റ് ലീഡറുമാണ്.
എവേക്ക് അയർലൻഡിനും, ഗ്രാന്റ് എവേക്കിനുമുള്ള രജിസ്ട്രേഷൻ ഡബ്ലിൻ സീറോ മലബാർ സഭയുടെ വെബ് സൈറ്റിലെ (www.syromalabar.ie) പാരീഷ് മാനേജ്മെന്റ് സിസ്റ്റം (പിഎംഎസ്) വഴി ആരംഭിച്ചു. എല്ലാ യുവജനങ്ങളേയും സ്വാഗതം ചെയ്യുന്നതായും, സീറ്റുകൾ പരിമിതമായതിനാൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ എത്രയും നേരത്തെ രജിസ്റ്റർ ചെയ്യണമെന്നും സംഘാടകർ അറിയിച്ചു.
സീറോ മലബാർ യൂറോപ്യൻ യുവജന സംഗമം ജൂലൈ 6 മുതൽ ഡബ്ലിനിൽ
10:49 PM Jun 22, 2022 | Deepika.com