ബെർലിൻ: ജർമനിയിൽ കോവിഡ് കേസുകൾ വീണ്ടും ഗണ്യമായി കുതിച്ചു കയറുന്പോൾ ജനങ്ങളുടെ അശ്രദ്ധ ആശങ്ക വർധിക്കാൻ കാരണമാകുന്നു. കോവിഡ് പ്രോട്ടോകൾ പാലിക്കാനും ആൾക്കൂട്ടങ്ങൾ ഒഴിവാക്കാനും ആരും ശ്രദ്ധിക്കാത്ത അവസ്ഥയാണ് രാജ്യത്തുള്ളത്.
തണുപ്പു കാലം തുടങ്ങും മുൻപ് മതിയായ തയാറെടുപ്പുകൾ നടത്തുന്നില്ലെങ്കിൽ വൈറസിന്റെ ആക്രമണം അതിരൂക്ഷമാകാൻ സാധ്യതയുള്ളതായി ആരോഗ്യ രംഗത്തെ വിദഗ്ധർ മുന്നറിയിപ്പ് നൽകി കഴിഞ്ഞു.
നിയന്ത്രണങ്ങൾ മിക്കതും പിൻവലിച്ചു കഴിഞ്ഞ സാഹചര്യത്തിൽ യാത്രകൾ നിർബാധമായി നടക്കുന്നു. ബാറുകളിലും റസ്റ്ററന്റുകളിലും ക്ലബുകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഉത്സവാഘോഷങ്ങൾക്കും കുറവില്ല. നഷ്ടപ്പെട്ട ആഘോഷവേളകൾ കൂടി ചേർത്ത് ഇപ്പോൾ ആഘോഷിക്കാനുള്ള മാനസികാവസ്ഥയിലാണ് പലരും.
കഴിഞ്ഞ രണ്ടു വർഷം ഇതേ സമയത്തെ കണക്കുമായി താരതമ്യം ചെയ്യുന്പോൾ അതിലും കൂടുതലാണ് ഇപ്പോഴുള്ള കോവിഡ് കേസുകൾ എന്നതാണ് വസ്തുത.
ബിഎ.5 സബ് വേരിയന്റാണ് ഇപ്പോഴത്തെ കോവിഡ് തരംഗത്തിനു പ്രധാന കാരണം. ഇത് ആശങ്കയുണർത്തുന്ന വകഭേദം തന്നെയാണെന്ന് ലോകാരോഗ്യ സംഘടനയും പറയുന്നു.
ജർമനിയിൽ കോവിഡ് കേസുകൾ വർധിക്കുന്നു; അശ്രദ്ധയും ആശങ്കയമേറുന്നു
12:26 AM Jun 17, 2022 | Deepika.com