യുക്മ ദേശീയ തെരഞ്ഞെടുപ്പ് ജൂൺ 18 ന് ബർമിംഗ്ങ്ഹാമിൽ

02:24 PM May 20, 2022 | Deepika.com
ലണ്ടൻ: യുക്മയുടെ എട്ടാമത് ദേശീയ ഭരണസമിതിയെ തെരഞ്ഞെടുക്കുന്നതിനുള്ള പൊതുയോഗം ജൂൺ 18 ശനിയാഴ്ച ബർമിംങ്ങ്ഹാമിൽ നടക്കും. യുക്മയുടെ 2022-2023 വർഷത്തെ ഭരണസമിതിയെ തിരഞ്ഞെടുക്കുന്നതിനുള്ള അവസരമാണ് യുക്മ പ്രതിനിധികൾക്ക് ലഭിക്കുന്നത്.

യുക്മയുടെ അംഗ അസോസിയേഷനുകളിൽ നിന്നും സമയപരിധിക്കുള്ളിൽ ലഭിച്ച യുക്മ പ്രതിനിധികളുടെ അന്തിമ പട്ടിക യുക്മ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിലവിൽ യുക്മയിൽ അംഗമായിരിക്കുന്ന അസോസിയേഷനുകളിൽ നിന്നുമുള്ള മൂന്ന് വീതം പ്രതിനിധികൾക്കായിരിക്കും ഈ ജനാധിപത്യ പ്രക്രിയയിൽ ഇത്തവണ പങ്കെടുക്കുവാൻ അവസരം ലഭിക്കുന്നത്.

ബർമിംഗ്ഹാം വാൽസാളിലെ റോയൽ ഹോട്ടലിൽ രാവിലെ ഒൻപത് മണിക്ക് നിലവിലുള്ള ഭരണസമിതിയുടെ അവസാന ദേശീയ നിർവാഹകസമിതി യോഗം പ്രസിഡന്റ് മനോജ് കുമാർ പിള്ളയുടെ അധ്യക്ഷതയിൽ ചേരും.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും യുക്മ പ്രതിനിധികൾ ബർമിംഗ്ഹാമിലേക്ക് എത്തിച്ചേരുന്നതോടെ കൃത്യം പതിനൊന്ന് മണിക്ക് പൊതുയോഗം ആരംഭിക്കും. ഭരണഘടനാ പ്രകാരമുള്ള നടപടികൾ പൊതുയോഗത്തിൽ പൂർത്തിയാക്കി തുടർന്ന് അടുത്ത രണ്ടു വർഷത്തേക്കുള്ള യുക്മ ദേശീയ സാരഥികളുടെ തെരഞ്ഞെടുപ്പ് നടക്കും.

യു കെ യിലെ പ്രാദേശീക മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മയുടെ കോവിഡാനന്തര കാലഘട്ടത്തിൽ നടക്കുന്ന തെരഞ്ഞെടുപ്പ് എന്നനിലയിൽ 2022 ലെ ദേശീയ തെരഞ്ഞെടുപ്പ് തീർച്ചയായും ശ്രദ്ധേയമാകുന്നു. രാജ്യത്തിന്‍റെ പത്ത് മേഖലകളിൽനിന്നായി മുന്നൂറിൽപ്പരം പ്രതിനിധികൾ തങ്ങളുടെ ദേശീയ സാരഥികളെ തെരഞ്ഞെടുക്കാൻ എത്തിച്ചേരുമെന്ന് കരുതപ്പെടുന്നു.

പൊതുയോഗ ഹാളിലേക്ക് പ്രവേശിക്കുവാൻ ഫോട്ടോ പതിച്ച ഏതെങ്കിലും തരത്തിലുള്ള യു കെ തിരിച്ചറിയൽ കാർഡ് കയ്യിൽ കരുതേണ്ടതാണ്. തെരഞ്ഞെടുപ്പ് പ്രക്രിയക്കിടയിലും, ചോദിക്കുന്ന പക്ഷം തിരിച്ചറിയൽ കാർഡ് സമർപ്പിക്കുവാൻ പ്രതിനിധികൾ ബാധ്യസ്ഥരാണ്. നീതിപൂർവവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പിലൂടെ അടുത്ത രണ്ട് വർഷക്കാലത്തേക്ക് യുക്മയെ നയിക്കുവാൻ കഴിവുറ്റ നേതൃനിരയെ തെരഞ്ഞെടുക്കുവാൻ യുക്മ ജനറൽ കൗൺസിൽ അംഗങ്ങളോട് യുക്മ തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങളായ അലക്സ് വർഗീസ്, വർഗീസ് ജോൺ, ബൈജു തോമസ് എന്നിവർ അഭ്യർത്ഥിച്ചു.

പൊതുയോഗം നടക്കുന്ന വേദിയുടെ വിലാസം:-
Royal Hotel, Ablewell Street,Walsall, WS1 2EL.