+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"ലീലാ മാരേട്ട് ടീമിനെ വിജയിപ്പിക്കേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യം'

ഫൊക്കാന തെരഞ്ഞെടുപ്പില്‍ ലീല മാരേട്ടിനെ വിജയിപ്പിക്കേണ്ടത് സംഘടനയെ സ്‌നേഹിക്കുന്ന എല്ലാവരുടേയും ചുമതലയാണെന്ന് ലീല മാരേട്ടിനെ പിന്തുണയ്ക്കുന്നവര്‍ ചൂണ്ടിക്കാട്ടി.ഇന്നലെ പൊട്ടിമുളച്ചുവന്ന നേതാവല്ല ല
ഫൊക്കാന തെരഞ്ഞെടുപ്പില്‍ ലീല മാരേട്ടിനെ വിജയിപ്പിക്കേണ്ടത് സംഘടനയെ സ്‌നേഹിക്കുന്ന എല്ലാവരുടേയും ചുമതലയാണെന്ന് ലീല മാരേട്ടിനെ പിന്തുണയ്ക്കുന്നവര്‍ ചൂണ്ടിക്കാട്ടി.

ഇന്നലെ പൊട്ടിമുളച്ചുവന്ന നേതാവല്ല ലീല മാരേട്ട്. ദശാബ്ദങ്ങളായി സാധാരണ പ്രവര്‍ത്തകയായി തുടങ്ങിയ, വ്യത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ച വ്യക്തിയാണ് അവര്‍. സമൂഹത്തിനുവേണ്ടി നിരന്തരം പ്രവര്‍ത്തിച്ച ഒരാളെ എങ്ങനെ തള്ളിക്കളയാനാകും?

രണ്ടുവട്ടം പ്രസിഡന്‍റ് പദത്തിനടുത്തെത്തിയതാണ് അവര്‍. കൈവിരലിലെണ്ണാവുന്ന വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. ഇത്തവണ എല്ലാവരും എകകണ്ഠമായിതന്നെ അവരെ വിജയിപ്പിക്കണമെന്ന ഒരു ധാരണ ഉണ്ടായിരുന്നു. സംഘടനയില്‍ അങ്ങനെ ധാരണയ്ക്ക് പ്രസക്തിയില്ലെന്നറിയാം. ഇലക്ഷന്‍ തന്നെ ഉചിതം. പക്ഷെ ഒരു വനിത വീണ്ടും നേതൃത്വത്തില്‍ വരേണ്ട അവസരം നഷ്ടപ്പെടുത്താമോ? പോരെങ്കില്‍ സെക്രട്ടറിയായി കലാ ഷഹി എന്ന പ്രഗത്ഭ വനിതയും രംഗത്ത് വന്നിട്ടുണ്ട്. വനിതകൾക്ക് നേതൃത്വം കൈമാറാൻ നല്ല അവസരം.

ഇതിനകം മികച്ച ഒരു പാനല്‍ രൂപീകരിച്ച് പ്രചാരണം ശക്തമായി മുന്നോട്ടു കൊണ്ടുപോകുമ്പോഴാണ് പെട്ടെന്നൊരു എതിര്‍പ്പ് ഉണ്ടായിരിക്കുന്നത്.

മലയാളികള്‍ക്ക് രാഷ്ട്രീയ രംഗത്ത് സ്വാധീനം വര്‍ധിപ്പിക്കാന്‍ കാലങ്ങളായി സംഘടനകളൊക്കെ ശ്രമിച്ചുവരുന്നതാണ്. ഒരു ദിനംകൊണ്ട് അത് നേടാനാവില്ല. പ്രധാന കാരണം നാം ഒരൊറ്റ സ്ഥലത്ത് കേന്ദ്രീകരിച്ചല്ല ജീവിക്കുന്നതെന്നതാണ്. അതിനാല്‍ ഇലക്ഷനില്‍ നിര്‍ണായക ശക്തിയാകാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. എങ്കിലും ഇപ്പോള്‍ പലരും സജീവമായി രാഷ്ട്രീയരംഗത്ത് മുന്നേറുന്നു.

വസ്തുത ഇതായിരിക്കെ പെട്ടെന്ന് മലയാളികള്‍ക്ക് രാഷ്ട്രീയ പ്രാധാന്യം ഉണ്ടാക്കും എന്ന് പറയുന്നതിലെ യുക്തി മനസിലാകുന്നില്ല. അങ്ങനെ കഴിയുമെങ്കില്‍ ഇത്രയും കാലം അതു ചെയ്യാതിരുന്നത് എന്ത് കൊണ്ട് എന്ന ചോദ്യം ഉയരുന്നു. സംഘടനാ നേതൃത്വം കിട്ടിയാലെ സമൂഹത്തെ സേവിക്കാൻ കഴിയുകയുള്ളോ? പ്രവര്‍ത്തിച്ച് കാണിച്ചാണ് ഓരോരുത്തരും നേതൃരംഗത്തേക്ക് വരേണ്ടത്.

കെട്ടിയിറക്കി നേതൃത്വത്തിൽ വന്ന ചില അനുഭവങ്ങള്‍ മറക്കാറായിട്ടില്ല. ദീര്‍ഘകാലമായി സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവരെ തുണയ്ക്കാതിരിക്കുന്നത് ശരിയോ എന്നു ചിന്തിക്കേണ്ടതുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ദീർഘകാലമായി മുഖ്യധാരയിലും പ്രവർത്തിക്കുന്ന വ്യക്തി കൂടിയാണ് ലീല മാരേട്ട്. പ്രമുഖ സിവിൽ സർവീസ് യൂണിയന്റെ റിക്കാര്ഡിംഗ് സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ചു. വിവിധ ഇലെക്ഷനുകളിൽ അവർ ഇന്ത്യൻ സമൂഹത്തിന്റെ വക്താവായി. രാഷ്ട്രീയ നേതൃത്വവുമായി അവർ അടുത്ത ബന്ധവും പുലർത്തുന്നു.

ലീല മാരേട്ട്: ഫൊക്കാന പ്രസിഡന്റാകാൻ ഏറ്റവും യോഗ്യതയുള്ള വ്യക്തി (സരോജ വർഗീസ്)

2022-24 പ്രവര്‍ത്തനവര്‍ഷങ്ങളിലേക്ക് ഫൊക്കാനയുടെ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായി ശ്രീമതി ലീല മാരേട്ട് മത്സരിക്കുന്നു. കഴിഞ്ഞ ഏറെ വര്ഷങ്ങളായി അമേരിക്കന്‍ മലയാളികളുടെ സാമൂഹികവും സാംസ്‌കാരികവുമായ പ്രവര്‍ത്തനമേഖലകളില്‍, തന്റെ സവിശേഷമായ കര്‍മ്മശേഷികൊണ്ട്, സംഘടനാപാടവം തെളിയിച്ചിട്ടുള്ള പ്രമുഖ വ്യക്തിയാണ് ശ്രീമതി ലീല മാരേട്ട്.

കേരളത്തില്‍ ആലപ്പുഴയില്‍ കോളേജില്‍ അധ്യാപികയായി സേവനം അനുഷ്ഠിക്കവെ, 1981ല്‍ വിവാഹിതയായി ലീല അമേരിക്കയിലെത്തി. ന്യുയോര്‍ക്കില്‍ പരിസ്ഥിതിസംരക്ഷണമേഖലയില്‍ ശാസ്ത്രജ്ഞയായി ഏറെക്കാലം പ്രവര്‍ത്തിച്ചു. ഒപ്പം തന്നെ ന്യുയോര്‍ക്കില്‍ മാത്രമല്ല, വടക്കേ അമേരിക്കയിലെ വിവിധ സാമൂഹിക-സാംസ്‌കാരിക പ്രസ്ഥാനങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ച് നേതൃത്വനിരയിലേക്കെത്തി. ന്യുയോര്‍ക്കിലെ പ്രഥമ സാംസ്‌കാരിക സംഘടനയായ കേരളസമാജം ഓഫ് ഗ്രെയ്റ്റര്‍ ന്യുയോര്‍ക്കിന്റെ പ്രസിഡന്റ്, ബോര്‍ഡ് ഓഫ് ട്രസ്റ്റീ ചെയര്‍പേഴ്‌സണ്‍, കമ്മറ്റി മെമ്പര്‍ എന്നീ നിലകളില്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ചവച്ചു.

ഇന്നും സമാജത്തിന്റെ കമ്മറ്റിയില്‍ തന്റെ പ്രവര്‍ത്തനം തുടരുന്നു. 2004 ല്‍ ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ന്യുയോര്‍ക്ക് സിറ്റിയില്‍ നടന്ന പരേഡില്‍ കേരളസമാജത്തിന്റേതായ ഫ്ളോട്ട് ആദ്യമായി പ്രദര്‍ശിപ്പിക്കുന്നതിനു ലീലക്ക് കഴിഞ്ഞു.

ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‌സുലേറ്റിനോട് ചേര്‍ന്ന് വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും അവര്‍ അവസരങ്ങള്‍ ഒരുക്കി.
മലയാളികളുടെ അഭിമാനമായി വിശേഷിപ്പിക്കാവുന്ന ഫെഡറേഷന്‍ ഓഫ് കേരളൈറ്റ്സ് ഇന്‍ നോര്‍ത്ത് അമേരിക്കയുടെ (FOKANA) വിവിധ തസ്തികകളില്‍ ചുമതല വഹിച്ചിട്ടുണ്ട്. ഫൊക്കാന ന്യുയോര്‍ക്ക് റീജിയണല്‍ പ്രസിഡന്റ്, ഫൊക്കാന ട്രഷറര്‍, എക്‌സിക്യൂട്ടീവ് വൈസ്പ്രസിഡണ്ട് ഫൊക്കാന വിമന്‍സ് ഫോറം നാഷണല്‍ കോര്‍ഡിനേറ്റര്‍ തുടങ്ങിയ വിവിധ സ്ഥാനങ്ങളില്‍ സേവനം അനുഷ്ഠിച്ച് തന്റെ കര്‍മ്മശേഷി തെളിയിച്ച വനിതയാണ് ലീല.
കൂടാതെ, ഏഷ്യന്‍ പസിഫിക് ലേബര്‍ അലയന്‍സ്, ന്യു അമേരിക്കന്‍ ഡെമോക്രാറ്റിക്ക് ക്ലബ്, സൗത്ത് ഏഷ്യന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് പൊളിറ്റിക്കല്‍ പ്രോഗ്രസ്സ് തുടങ്ങിയ മേഖലകളിലും വിവിധ റോളുകളില്‍ സേവനം കാഴ്ചവയ്ക്കാന്‍ ലീലക്ക് കഴിഞ്ഞു.

ഫൊക്കാന പ്രസിഡന്റ് എന്ന നിലയില്‍, അമേരിക്കന്‍ മലയാളികളുടെ യുവതലമുറയെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും മലയാളത്തനിമയുടെ പൈതൃകസംസ്‌കാരത്തിലേക്ക് കൈ പിടിച്ചുയര്‍ത്തുന്നതിനും ലീലക്ക് സാധിക്കും. നോര്‍ത്ത് അമേരിക്കയിലെ മലയാളികളുടെ സാംസ്‌കാരിക സംഘടനയായ ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍, പ്രസിഡന്റ് എന്ന നിലയില്‍ ശ്രീമതി ലീല മാരേട്ടിന്റെ കൈകളില്‍ സുശക്തമായിരിക്കും. വിജയാശംസകള്‍.