ഡെന്‍മാര്‍ക്കില്‍ നരേന്ദ്രമോദിക്ക് ഊഷ്മള വരവേല്പ്

09:16 PM May 05, 2022 | Deepika.com
കോപ്പന്‍ഹേഗന്‍: ജര്‍മന്‍ സന്ദര്‍ശനം കഴിഞ്ഞു ഡെന്മാര്‍ക്കിലെത്തിയ പ്രധാനമന്ദ്രി നരേന്ദ്ര മോദിയെ ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സണ്‍ കോപ്പന്‍ഹേഗൻ രാജ്യാന്തര വിമാനത്താവളത്തില്‍ സ്വീകരിച്ചു.

മോദിയുടെ ഡെന്മാര്‍ക്കിലേക്കുള്ള ആദ്യ സന്ദര്‍ശനമാണിത്, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ നടക്കുന്ന ഉഭയകക്ഷി, ബഹുമുഖ ഇടപെടലുകളില്‍ അദ്ദേഹം പങ്കെടുക്കും. ചര്‍ച്ചകള്‍ക്കായി ഡെന്‍മാര്‍ക്കിന്‍റെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ മരിയന്‍ബര്‍ഗില്‍ എത്തിയ മോദിയെ മിസ് ഫ്രെഡറിക്സന്‍ സ്വാഗതം ചെയ്തു.


പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സണുമായി കൂടിക്കാഴ്ച നടത്തിയ മോദി പരസ്പര താല്‍പ്പര്യമുള്ള വിഷയങ്ങളില്‍ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താൻ തീരുമാനിച്ചു. ഡെന്മാര്‍ക്കുമായുള്ള ഇന്ത്യയുടെ അതുല്യമായ 'ഗ്രീന്‍ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പിലെ' പുരോഗതിയും നമ്മുടെ ഉഭയകക്ഷി ബന്ധത്തിന്‍റെ മറ്റു വശങ്ങളും അവലോകനം ചെയ്തു. 2021 ഒക്ടോബറില്‍ പ്രധാനമന്ത്രി ഫ്രെഡറിക്സന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ അധിഷ്ഠിത പഞ്ചവത്സര കര്‍മപദ്ധതിയായി ഇത് പ്രഖ്യാപിച്ചിരുന്നു.

ഇന്ത്യയില്‍ നിക്ഷേപം നടത്താനുള്ള അവസരം നഷ്ടമാക്കരുതെന്നും ഡാനിഷ് കമ്പനികളെ ഇന്ത്യയിലേക്ക് പ്രധാനമന്ത്രി സ്വാഗതം ചെയ്തു.

ഇന്ത്യയിലെ പരിഷ്കാരങ്ങളും നിക്ഷേപ സാധ്യതകളും നോക്കുമ്പോള്‍ ഞങ്ങളുടെ രാജ്യത്ത് നിക്ഷേപം നടത്താത്തവര്‍ക്ക് തീര്‍ച്ചയായും നഷ്ടമുണ്ടാകുമെന്ന് തനിക്ക് പറയാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ-ഡെന്‍മാര്‍ക്ക് ബിസിനസ് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സണ്‍, ഡെന്‍മാര്‍ക്ക് കിരീടാവകാശി എന്നിവര്‍ ബിസിനസ് ഫോറത്തില്‍ പങ്കെടുത്തു. ഹരിത സാങ്കേതികവിദ്യകള്‍, ശീതീകരണ ശൃംഖലകള്‍, മാലിന്യത്തില്‍ നിന്ന് സമ്പത്ത്, ഷിപ്പിംഗ്, തുറമുഖങ്ങള്‍ തുടങ്ങിയ മേഖലകളിലെ ഇന്ത്യയുടെ മഹത്തായ അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ഡാനിഷ് കമ്പനികളെ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് ക്ഷണിച്ചു.

ഇന്ത്യയ്ക്കും ഡെന്‍മാര്‍ക്കിനും ഇടയില്‍ ബന്ധം സ്ഥാപിക്കുന്നതില്‍ ബിസിനസ് സമൂഹത്തിന്‍റെ പങ്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സണ്‍ എടുത്തു പറഞ്ഞു. യുക്രെയ്ൻ വിഷയത്തില്‍ നരേന്ദ്രമോദിക്ക് നിര്‍ണായക പങ്കുവഹിക്കാനാകുമെന്ന് ഡാനിഷ് പ്രധാനമന്ത്രി പറഞ്ഞു. ആരോഗ്യം, തുറമുഖങ്ങള്‍, ഷിപ്പിംഗ്, സര്‍ക്കുലര്‍ ഇക്കോണമി, വാട്ടര്‍ മാനേജ്മെന്‍റ് എന്നീ മേഖലകളില്‍ സുപ്രധാനമായ വികസനം ഉണ്ടായി. 200 ലധികം ഡാനിഷ് കമ്പനികള്‍ ഇന്ത്യയില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.


മോദി പിന്നീട് ഡെന്‍മാര്‍ക്ക് രാജ്ഞി മാര്‍ഗരിഥെയും സന്ദര്‍ശിച്ചു. ഇന്ത്യ- ഡെന്‍മാര്‍ക്ക് ബിസിനസ് റൗണ്ട് ടേബിളില്‍ പങ്കെടുക്കുകയും ഡെന്മാര്‍ക്കിലെ ഇന്ത്യന്‍ സമൂഹവുമായി സംവദിച്ചു. 16,000 പേര്‍ അടങ്ങുന്ന ഇന്ത്യന്‍ സമൂഹമാണ് ഡെന്‍മാര്‍ക്കിലുള്ളത്.