ഇരിട്ടി: സെറിബ്രൽ പാൾസി രോഗബാധിതനായ തില്ലങ്കേരിയിലെ നിർധന കുടുംബാംഗം ഇന്ദ്രനീൽ (മൂന്നര) ചികിത്സയ്ക്കായി ശ്രീകണ്ഠപുരം നന്മ സംഗീത കൂട്ടായ്മ നടത്തിയ അമ്പത് മണിക്കൂർ കാരുണ്യ സംഗീതയാത്രയിൽ സമാഹരിച്ച സഹായധനം കുടുംബത്തിന് കൈമാറി. കഴിഞ്ഞ ഒമ്പത് ദിവസങ്ങളിലായി കണ്ണൂർ ജില്ലയിലെ വിവിധ നഗരങ്ങളിൽ അവതരിപ്പിച്ച സംഗീത പരിപാടിയിൽ പൊതുജനങ്ങളിൽ നിന്ന് സംഭാവനയായും സമൂഹ മാധ്യമങ്ങളിലെ സഹായാഭ്യാർഥന വഴിയും ലഭിച്ച 5,44,255 രൂപയാണ് ഇരിട്ടിയിൽ നടന്ന സമാപന ചടങ്ങിൽ തില്ലങ്കേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീമതി, വാർഡ് മെംബർ അക്ഷയ, പൗരപ്രമുഖർ എന്നിവരുടെ സാന്നിധ്യത്തിൽ കൈമാറിയത്. പ്രമുഖ ഗായകൻ സന്തോഷ് കാവുമ്പായിയുടെ നേതൃത്വത്തിൽ നടത്തിയ സംഗീതയാത്രയിൽ സിന്ധു ഭാസ്കരൻ പരിയാരം, രാകേഷ് ലൂക്കാ, ബാബുരാജ് ചേടിച്ചേരി, രമ്യേഷ് ആഡൂർ, രൂപേഷ് ചേടിച്ചേരി, ഷണ്മുഖൻ വൈദ്യർ, അഭിലാഷ് കൊളക്കാട്, അനു ഷൈജു പേരാവൂർ എന്നിവരും ഗാനങ്ങൾ ആലപിച്ചു.