വൈക്കം: നിർമൽ ഭാഗ്യക്കുറി ഒന്നാം സമ്മാനം ഉദയനാപുരം സ്വദേശിക്ക്. 70 ലക്ഷം രൂപയാണ് കോഴി വ്യാപാരിയായ ഉദയനാപുരം ഇരുമ്പൂഴിക്കര മഞ്ജുവേലിൽ ജമനീന്ദ്രന് ലഭിച്ചത്. എൻഎഫ് 268290 എന്ന ടിക്കറ്റിനാണ് സമ്മാനം. പതിവായി ടിക്കറ്റ് എടുക്കുന്ന ആളായിരുന്നു ജമനീന്ദ്രൻ. സൈക്കിളിൽ ലോട്ടറി വില്പന നടത്തുന്ന ടിവിപുരം സ്വദേശി ജോഷിയിൽനിന്നാണ് എൻഎഫ് 268290 നമ്പർ ടിക്കറ്റ് എടുത്തത്. വൈകുന്നേരം മൂന്നിന് ഫലം വന്നപ്പോൾ ആദ്യം ജമനീന്ദ്രന് വിശ്വസിക്കാനായില്ല. പിന്നീട് ഉറപ്പുവരുത്തിയശേഷം ലോട്ടറിയുമായി വൈക്കം കാനറാ ബാങ്ക് ശാഖയിലെത്തി ലോട്ടറി കൈമാറി. കുടുംബത്തിന്റെ കടബാധ്യത തീർക്കുന്നതിനും കുട്ടികളുടെ പഠനത്തിനും പണം ഉപയോഗിക്കാനാകുമെന്ന സന്തോഷത്തിലാണ് ഭാര്യയും മക്കളും ഉൾപ്പെടുന്ന ജമനീന്ദ്രന്റെ കുടുംബം.