+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുവൈറ്റ് ഇന്ത്യൻ എംബസിയില്‍ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി : ഇന്ത്യൻ എംബസിയില്‍ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ ആരോഗ്യ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾക്ക് അനുസൃതമായാണ് ആഘോഷങ്ങൾ സംഘടിപ്പിച്ചത്.രാവിലെ ഒമ്പത് മണിക്ക് എംബസി പര
കുവൈറ്റ് ഇന്ത്യൻ എംബസിയില്‍ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി : ഇന്ത്യൻ എംബസിയില്‍ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ ആരോഗ്യ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾക്ക് അനുസൃതമായാണ് ആഘോഷങ്ങൾ സംഘടിപ്പിച്ചത്.രാവിലെ ഒമ്പത് മണിക്ക് എംബസി പരിസരത്ത് അംബാസഡർ സിബി ജോർജ്ജ് മഹാത്മാഗാന്ധിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷം ദേശീയ ത്രിവർണ്ണ പതാക ഉയർത്തി.

തുടർന്ന് ഇന്ത്യൻ ദേശീയ ഗാനവും ദേശഭക്തി ഗാനങ്ങളും ആലപിച്ചു. ഇന്ത്യൻ രാഷ്ട്രപതിയുടെ റിപ്പബ്ലിക് ദിന സന്ദേശം അംബാസഡർ വായിച്ചു. പരിപാടിക്കിടെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിൽ അംബാസഡർ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തു. ഇന്ത്യൻ ഭരണഘടന രാജ്യത്തിന്റെ അടിസ്ഥാന നിയമം മാത്രമല്ല ഇന്ത്യയുടെ സാമൂഹികവും സാമ്പത്തികവുമായ പരിവർത്തനത്തിനുള്ള വേദഗ്രന്ഥം കൂടിയാണെന്ന് അംബാസഡർ പറഞ്ഞു.

ഏഴ് പതിറ്റാണ്ടുകൾക്ക് ശേഷം ഏറ്റവും വലിയ ജനാധിപത്യ രാജ്യം മാത്രമല്ല ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറിയതായി അംബാസിഡര്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയും കുവൈത്തും തമ്മില്‍ ചരിത്രപരമായ ബന്ധമാണുള്ളത്. ഇരു രാജ്യങ്ങളും തമിലുള്ള ബന്ധം അനുദിനം വര്‍ദ്ധിച്ച് വരികയാണ്.

കോവിഡ് സമയത്ത് ഇന്ത്യക്ക് കുവൈത്ത് നല്‍കിയ പിന്തുണ നന്ദിയോടെ അനുസ്മരിക്കുന്നു. സമൂഹത്തിന് ആശങ്കയുണ്ടാക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും സമൂഹവുമായി ചേർന്ന് പ്രവർത്തിക്കാനും ഇന്ത്യന്‍ എംബസി മുന്‍പന്തിയിലാണ്. കൊവിഡ് ഉയര്‍ത്തിയ വെല്ലുവിളികളെ നേരിടാനും ഇന്ത്യന്‍ സമൂഹത്തെ പിന്തുണയ്ക്കുന്നതിനായി എംബസിയുമായി കൈകോർത്ത കുവൈറ്റിലെ കമ്മ്യൂണിറ്റി അസോസിയേഷനുകൾക്കും ഗ്രൂപ്പുകൾക്കും അദ്ദേഹം നന്ദി പറഞ്ഞു.

പാൻഡെമിക്കിനെതിരായ പോരാട്ടം അവസാനിച്ചിട്ടില്ലെന്നും കുവൈറ്റിലെ ഇന്ത്യക്കാരുടെ ക്ഷേമം ഉറപ്പാക്കാനും പുതിയ വേരിയന്‍റിന്‍റെ വെല്ലുവിളികളെ നേരിടാനും അവരെ സഹായിക്കാനും എംബസിയുമായി സഹകരിച്ച് പ്രവർത്തിക്കാൻ അദ്ദേഹം അഭ്യര്‍ഥിച്ചു. ഇന്ത്യയും കുവൈത്തും തമ്മിലുള്ള നയതന്ത്രബന്ധം സ്ഥാപിച്ചതിന്‍റെ 60-ാം വാർഷികവും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികവും ആഘോഷിക്കുന്നതിനായി എംബസി സംഘടിപ്പിച്ച വിവിധ പരിപാടികളിൽ പങ്കെടുത്തതിന് കുവൈറ്റിലെ എല്ലാ ഇന്ത്യൻ അസോസിയേഷനുകൾക്കും ഗ്രൂപ്പുകൾക്കും അംബാസഡർ സിബി ജോര്‍ജ്ജ് നന്ദി പറഞ്ഞു.

എംബസിയിൽ നടന്ന ചടങ്ങിൽ എംബസി ജീവനക്കാരും ഉദ്യോഗസ്ഥരും മാത്രമാണ് പങ്കെടുത്തത്. ആയിരക്കണക്കിന് പേരാണ് സോഷ്യല്‍ മീഡിയയില്‍ കൂടി പരിപാടിയില്‍ പങ്കെടുത്തത്.

സലിം കോട്ടയിൽ