+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒർലാണ്ടോയിൽ അഹത്തുള്ള ബാവായുടെ ഓർമപെരുന്നാൾ ജനുവരി 16 ന്

ഒർലാണ്ടോ (ഫ്‌ളോറിഡ): ഒർലാണ്ടോ സെന്‍റ് എഫ്രേം സിറിയൻ ഓർത്തഡോക്സ് പള്ളിയിൽ അഹത്തുള്ള ബാവായുടെ ഓർമപെരുന്നാൾ ജനുവരി 16 നു (ഞായർ) ആചരിക്കുന്നു.എഡി 1599
ഒർലാണ്ടോയിൽ അഹത്തുള്ള ബാവായുടെ ഓർമപെരുന്നാൾ ജനുവരി 16 ന്
ഒർലാണ്ടോ (ഫ്‌ളോറിഡ): ഒർലാണ്ടോ സെന്‍റ് എഫ്രേം സിറിയൻ ഓർത്തഡോക്സ് പള്ളിയിൽ അഹത്തുള്ള ബാവായുടെ ഓർമപെരുന്നാൾ ജനുവരി 16 നു (ഞായർ) ആചരിക്കുന്നു.

എഡി 1599 ലെ ഉദയംപേരൂർ സുന്നഹദോസിനെത്തുടർന്നു സുറിയാനിസഭയെ നശിപ്പിക്കാൻ തുനിഞ്ഞിറങ്ങിയ പോർട്ടുഗീസുകാരിൽ നിന്നും മലങ്കര സഭയെ രക്ഷിക്കുവാൻ സ്വജീവൻ ത്യജിച്ച പിതാവാണ് അന്ത്യോഖ്യായുടെ പരി .പാത്രിയർക്കീസ് ആയിരുന്നു മോറാൻ മോർ ഇഗ്നാത്തിയോസ്‌ ഹിദായത് അള്ളാ അഥവാ അഹത്തുള്ള ബാവ .

1586 -ൽ ദയറ ജീവിതം ആരംഭിച്ച പിതാവ് 1595 -ൽ മെത്രാപ്പോലീത്തയായും 1597 ൽ മഫ്രിയാനയായും അതേ വർഷം തന്നെ അന്ത്യോഖ്യായുടെ നൂറ്റിരണ്ടാമത്തെ പരിശുദ്ധ പാത്രിയർക്കീസ് ബാവയായും വാഴിക്കപ്പെട്ടു . 1639 ൽ ഈജിപ്തിലെ കെയ്‌റോയിൽ സുറിയാനി ക്രിസ്ത്യാനികളെ സന്ദർശിക്കാൻ പോയ അദ്ദേഹം, അലക്സാൻഡ്രിയൻ പാത്രിയർക്കീസിനെ കാണുകയും അലക്സാൻഡ്രിയൻ പാത്രിയർക്കീസ് മലങ്കരയിൽനിന്നും വഴിതെറ്റിവന്ന ഒരു എഴുത്ത്, പരിശുദ്ധ പിതാവിനെ കാണിക്കുകയും ചെയ്തു .പ്രസ്തുത എഴുത്തിൽനിന്നും മലങ്കരയിലെ പീഡനങ്ങളുടെയും സുറിയാനിസഭയുടെയും ദൈന്യാവസ്ഥ പരിശുദ്ധ പിതാവ് മനസിലാക്കുകയും മെത്രാന്മാരില്ലാതെ വിഷമിക്കുന്ന മലങ്കര സഭയെ രക്ഷിക്കുവാൻ സ്വയം ഇറങ്ങി പുറപ്പെടുകയും ചെയ്തു .

1652 ൽ കറാച്ചി വഴി മൈലാപ്പൂരിലെത്തിയ പരിശുദ്ധ പിതാവിനെ പോർട്ടുഗീസ് അധികാരികൾ തടവിലാക്കുകയും ചെയ്തു .മൈലാപ്പൂരിൽ വിശുദ്ധ തോമാശ്ലീഹായുടെ കബറിടത്തിൽ തീർഥാടനത്തിനുപോയി മടങ്ങി വരുന്ന രണ്ടു സുറിയാനി ക്രിസ്ത്യാനികളായ ശെമ്മാശന്മാരെ കണ്ടുമുട്ടുകയും താൻ അന്ത്യോക്യയുടെ പാത്രിയർക്കീസ് ആണെന്നും മലങ്കരയിലെ സുറിയാനിക്രിസ്ത്യാനികളുടെ രക്ഷയ്ക്കായാണ് വന്നതെന്നും അറിയിച്ചു . ഈ വാർത്ത കാട്ടുതീപോലെ മലങ്കരയിൽ പടരുകയും പരിശുദ്ധ പിതാവിനെ രക്ഷിക്കണമെന്ന് മലങ്കര സുറിയാനിക്രിസ്ത്യാനികൾ ഒന്നടങ്കം തീരുമാനിക്കുകയും ചെയ്തു .

അങ്ങനെയിരിക്കെ പരിശുദ്ധ പിതാവിനെയും വഹിച്ചുകൊണ്ട് ഗോവയിലേക്ക് പോകുന്ന കപ്പൽ കൊച്ചി തുറമുഖത്തു അടുത്തിരിക്കുന്നു എന്ന വാർത്ത പരക്കുകയും ഏകദേശം 25000 സുറിയാനി ക്രിസ്ത്യാനികൾ കൊച്ചി കോട്ട വളയുകയും ചെയ്തു. ഇതറിഞ്ഞ ക്രൂരന്മാരായ പോർച്ചുഗീസ് ഭരണാധികാരികൾ പരിശുദ്ധ പിതാവിനെ കഴുത്തിൽ കല്ലുകെട്ടി അറബിക്കടലിൽ തള്ളിയിട്ടു മുക്കികൊല്ലുകയും ചെയ്തു . ഇതിനെതുടർന്നു രോഷാകുലരായ സുറിയാനി ക്രിസ്ത്യാനികൾ മട്ടാഞ്ചേരിയിലെ കുരിശിന്മേൽ നാലുദിക്കിലേക്കും കയർ വലിച്ചുകെട്ടി അതിൽ തൊട്ടുകൊണ്ടു "ഞങ്ങളും ഞങ്ങളുടെ സന്തതി പരമ്പരകളും ഉള്ളടത്തോളം കാലം റോമാ നുകത്തിനു കീഴ്പ്പെടില്ലെന്നും ആയുഷ്കാലം മുഴുവൻ അന്ത്യോഖ്യ സിംഹാസനത്തിനു കീഴ്‌പ്പെട്ടു ജീവിക്കുമെന്നും' ആഞ്ഞിലിമൂട്ടിൽ ഇട്ടിത്തൊമ്മൻ കത്തനാരുടെ നേതൃത്വത്തിൽ 1653 ജനുവരി മൂന്നിനു സത്യം ചെയ്തു . ഇതു കൂനൻ കുരിശു സത്യം എന്ന നാമത്തിൽ സഭാചരിത്രത്തിൽ തിളങ്ങി നിൽക്കുന്നു .

യേശുക്രിസ്തു മാനവകുലത്തിനുവേണ്ടി സ്വന്ത ജീവൻ ത്യജിച്ചതുപോലെ സുറിയാനി സഭാ മക്കൾക്കുവേണ്ടി സ്വന്തം ജീവൻ സമർപ്പിച്ച പരിശുദ്ധ പിതാവ് സഭാ ചരിത്രത്തിൽ എന്നും ഒരു രക്ഷകനായി അനുസ്മരിക്കപ്പെടും .

ഞായർ ഉച്ചയ്ക്ക് ഒരു മണിക്ക് ഫാ.പോൾ പറമ്പാതിന്‍റെ കാർമികത്വത്തിൽ പ്രഭാതപ്രാർഥന, വിശുദ്ധ കുർബാന, മധ്യസ്ഥപ്രാർഥന എന്നിവ നടക്കും. തുടർന്നു കൈമുത്ത് നേർച്ചവിളമ്പ് എന്നിവയോടുകൂടി ഓർമ്മ പെരുന്നാൾ ചടങ്ങുകൾ സമാപിക്കും .

വിവരങ്ങൾക്ക്: ഫാ .പോൾ പറമ്പാത്ത് (വികാരി ) 6103574883, ബിജോയ് ചെറിയാൻ (ട്രസ്റ്റി) 4072320248 , എൻ .സി .മാത്യു (സെക്രട്ടറി ) 4076019792 .