യൂറോപ്പില്‍ ഒമിക്രോണ്‍ പിടിമുറുക്കുമെന്ന് ലോകാരോഗ്യ സംഘടന

12:33 PM Jan 13, 2022 | Deepika.com
ബ്രസല്‍സ്: യൂറോപ്പില്‍ ഒമിക്രോണ്‍ പിടിമുറുക്കുമെന്ന് ലോകാരോഗ്യ സംഘടന. അടുത്ത ആറ് മുതല്‍ എട്ട് ആഴ്ചകള്‍ക്കുള്ളില്‍ യൂറോപ്പിൽ പകുതിയോളം ആളുകള്‍ക്ക് ഒമിക്റോണ്‍ വകഭേദം ബാധിക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നല്‍കി.

ഡെല്‍റ്റ വേരിയന്‍റിന്‍റെ കുതിപ്പിനു മുകളില്‍ ഒമിക്റോണിന്‍റെ പടിഞ്ഞാറു നിന്ന് കിഴക്കോട്ടുള്ള വേലിയിറക്കം എന്ന രീതിയില്‍ ഈ പ്രദേശത്തുടനീളം വീശുമെന്ന് ഡോ. ഹാന്‍സ് ക്ളൂഗെ അറിയിച്ചു. പുതുവര്‍ഷത്തിന്‍റെ ആദ്യ ആഴ്ചയില്‍ യൂറോപ്പിലുടനീളം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏഴ് ദശലക്ഷം പുതിയ കേസുകളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ വിലയിരുത്തല്‍.

അടുത്ത രണ്ടാഴ്ചയ്ക്കിടെ രോഗബാധിതരുടെ എണ്ണം ഇരട്ടിയിലധികമാവുമെന്ന് സിയാറ്റില്‍ ആസ്ഥാനമായുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക്സ് ആന്‍ഡ് ഇവാലുവേഷനെ ഉദ്ധരിച്ച് അദ്ദേഹം വെളിപ്പെടുത്തി. അതായത് ജനസംഖ്യയുടെ 50 ശതമാനത്തിലധികം പേർക്കും ഒമിക്റോണ്‍ ബാധിക്കപ്പെടുമെന്നാണ് പ്രവചിക്കുന്നത്.

പാശ്ചാത്യ രാജ്യങ്ങളില്‍ നിന്ന് ബാല്‍ക്കണ്‍ രാജ്യങ്ങളിലേക്ക് വൈറസ് പടര്‍ന്നതിനാല്‍ യൂറോപ്യന്‍, മധ്യേഷ്യന്‍ രാജ്യങ്ങള്‍ കടുത്ത സമ്മര്‍ദ്ദത്തിലാണെന്നും അദ്ദേഹം കൂട്ടിചേർത്തു.

അതേസമയം ഒമിക്രോണ്‍ വേരിയന്‍റിനെ വാക്സിനുകള്‍ ഉപയോഗിച്ച് തടയാന്‍ കഴിയുമോ എന്ന് മനസിലാക്കാൻ കൂടുതല്‍ ഡാറ്റ ആവശ്യമാണെന്ന് യൂറോപ്യന്‍ യൂണിയന്‍റെ മെഡിസിന്‍ റെഗുലേറ്റര്‍ പറഞ്ഞു. വാക്സിന്‍ ഇപ്പോഴും ഗുരുതരമായ രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നുവെന്ന് പ്രാഥമിക ഡാറ്റ കാണിക്കുന്നുവെങ്കിലും നിലവില്‍ അംഗീകൃത കോവിഡ് വാക്സിനുകളില്‍ ഒമിക്രോണ്‍ വേരിയന്‍റിന്‍റെ സ്വാധീനം മനസിലാക്കാന്‍ കൂടുതല്‍ വിവരങ്ങള്‍ ആവശ്യമാണെന്നാണ് യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി ചൊവ്വാഴ്ച പറഞ്ഞത്. ലോകാരോഗ്യ സംഘടനയുടെ വിദഗ്ധരും ഇക്കാര്യത്തോട് കൂടുതല്‍ യോജിക്കുകയാണ്.

ചെറിയ ഇടവേളകളില്‍ ആവര്‍ത്തിച്ചുള്ള വാക്സിനേഷന്‍ സുസ്ഥിരമായ ദീര്‍ഘകാല തന്ത്രത്തെ പ്രതിരോധിക്കില്ലെന്ന് ഇഎംഎയുടെ വാക്സിന്‍ സ്ട്രാറ്റജി തലവന്‍ മാര്‍ക്കോ കവലേരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഒമിക്രോണ്‍ വകഭേദം ആഞ്ഞടിച്ചതോടെ പ്രധാന ജര്‍മന്‍ നഗരങ്ങളില്‍ പിസിആര്‍ ട്രാഫിക് ജാം ഉണ്ടാകുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ടെസ്റ്റുകളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചതു കാരണം പലയിടങ്ങളിലും ആളുകളുടെ നീണ്ട കാത്തിരിപ്പും തുടരുന്നു വെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം കൊറോണയെ വിശ്വസനീയമായി കണ്ടെത്തുന്നതിലെ പ്രശ്നങ്ങള്‍ രാജ്യവ്യാപകമായി തുടരുകയാണ്. ടെസ്റ്റ് സെന്‍ററുകളിലെ തിരക്ക് അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുന്നതിനാല്‍, പല സ്ഥലങ്ങളിലെയും ലബോറട്ടറികളുടെ പ്രവർത്തനക്ഷമത ഏറ്റവും ഉയർന്നതലത്തിലാണ്.

റോബര്‍ട്ട് കോഹ് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ചൊവ്വാഴ്ചത്തെ കണക്കുകള്‍ പ്രകാരം 45,690 പുതിയ കേസുകളാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂനിടെ 322 മരണങ്ങളും റിപ്പോർട്ടു ചെയ്തു.

ജോസ് കുമ്പിളുവേലില്‍